Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാഘാതത്തെ തോൽപ്പിച്ച സംഗീതം

blind-singer-kunjava

കുന്ദമംഗലം ആനപ്പാറയടുത്തുള്ള ഇടവലത്തു കോളനിയിൽ ചെന്ന് കുഞ്ഞാവ എന്ന പേരു ചോദിച്ചാൽ അതാരാണെന്നു തിരിച്ചു ചോദിക്കും കോളനിക്കാർ. പക്ഷേ പാട്ടുകാരനാണോ, അതു നമ്മുടെ മൊയ്‌തീനല്ലേ എന്നും അതേ നാട്ടുകാർ ചോദിച്ചെന്നും വരും. നാട്ടുകാർക്ക് അദ്ദേഹം പാട്ടുകാരൻ മൊയ്തീൻ ആണെങ്കിൽ, റേഷൻകാർഡിലും പാട്ടുപാടാൻ പോകുന്ന തെരുവുകളിലും ആ അന്ധഗായകന്റെ പേര് കുഞ്ഞാവ എന്നാണ്. കെ. രാഘവൻ മാഷിന്റെ മകൻ ആർ കെ എന്ന ആർ. കനകാംബരനിൽ നിന്നാണ് കുഞ്ഞാവയുടെ നമ്പർ ലഭിക്കുന്നത്. പക്ഷേ നമ്പർ തന്നപ്പോഴേ പറഞ്ഞ പ്രധാന കാര്യം, ‘അടുത്തൊരു അറ്റാക്ക് കഴിഞ്ഞ ആളാണ്, പാടുമോ എന്ന കാര്യം ഉറപ്പില്ല.’ 

പക്ഷേ അതേക്കുറിച്ച് കുഞ്ഞാവയോടു ചോദിച്ചാൽ അദ്ദേഹം ചിരിച്ചു കൊണ്ടു പറയും - ‘പെട്ടെന്നൊരു ദിവസം രാവിലെ പുറത്തുനിന്നു തുടങ്ങിയ വേദനയാണ്. പിന്നെയത് വ്യാപിച്ചു കയ്യിലേക്കും നെഞ്ചിലേക്കും ഒക്കെ ഇറങ്ങി വന്നു. വിയർത്തു കുളിച്ചു. പെട്ടെന്ന് ആശുപത്രിയിൽ പോയി ഇസിജി എടുത്തപ്പോഴാണ് അറിഞ്ഞത് അറ്റാക്ക് ആയിരുന്നെന്ന്. ഇപ്പോൾ മരുന്നുണ്ട് കഴിക്കാൻ, എങ്കിലും ഡോക്ടർ പാടിക്കോളാൻ പറഞ്ഞു. പാട്ടല്ലേ നമ്മുടെ ജീവൻ..."

കുഞ്ഞാവ അന്ധനാണ്. പക്ഷേ ജനിച്ചപ്പോൾ മുതൽ നിറങ്ങളും കാഴ്ചകളും കണ്ടു നടന്നൊരാൾക്ക് പെട്ടെന്നൊരു ദിവസം കാഴ്ച ഇല്ലാതെയാകുമ്പോൾ അയാളുടെ ജീവിതം എങ്ങനെയാകും? നിറങ്ങളില്ലാത്ത ലോകം അയാൾക്ക് എങ്ങനെ മനസ്സിലാകും?

‘എനിക്ക് പോസ്റ്റ് ഓഫിസിലായിരുന്നു അപ്പോൾ ജോലി. കുറച്ചു മാസങ്ങൾ ആയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കണ്ണിനു തിമിരം ബാധിച്ചത്. ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ല. സ്വയം ചികിത്സയായിരുന്നു. പക്ഷേ അതു ശരിയായില്ല. അന്നത്തെക്കാലത്ത് അങ്ങനെയൊക്കെയാണ്. പിന്നെ കുറെ കഴിഞ്ഞപ്പോൾ ഇവിടെ ഒരു വലിയ ഡോക്ടർ വന്നു, അദ്ദേഹത്തെ കാണിച്ചപ്പോൾ പറഞ്ഞത് ‘കണ്ണിൽ പഴുപ്പു കയറി, ഇനിയിപ്പോൾ ഒന്നും ചെയ്യാനാകില്ല. കണ്ണ് എടുത്തു കളയേണ്ടി വരും’ എന്നാണ്. അങ്ങനെയാണ് കാഴ്ച പോയത്. അതോടെ ജോലിയും നഷ്ടമായി. പിന്നെ വേറെ മാർഗ്ഗമില്ലാതെയാണ് തെരുവിൽ പാടാൻ ആരംഭിച്ചത്. ഇപ്പോൾ മുപ്പതു വർഷത്തോളമായി. കണ്ണ് ഉള്ളപ്പോൾ ഗാനമേള ട്രൂപ്പുകളിൽ സ്റ്റേജിലൊക്കെ പാടുമായിരുന്നു. കാഴ്ച നഷ്ടമായപ്പോൾ പിന്നെ തെരുവുകളിലായി പാട്ട്. ഞങ്ങൾ നാലഞ്ചു പേര് ചേർന്ന് ഒരു വണ്ടിയെടുക്കും, ഒന്നിച്ചൊരു യാത്രയങ്ങു പോകും. കേരളത്തിലെ എല്ലാ ജില്ലയിലും ഞങ്ങൾ പോയിട്ടുണ്ട്, പാടിയിട്ടുമുണ്ട്. ഇപ്പോഴും പോകുന്നു. ചിലപ്പോൾ ഒറ്റയ്ക്കും പോകും. തബല, ഹാർമോണിയം, ഒക്കെ കയ്യിലുണ്ട്, ഒരുകാലത്ത് ഇതൊക്കെ വച്ചാണ് പാടാൻ പൊയ്ക്കൊണ്ടിരുന്നത്, ഇപ്പോൾ കരോക്കെ ഗാനമേളയാണ്.  "

പാട്ടു ശീലമായൊരു കുടുംബത്തിൽ നിന്നു വന്നയാളല്ല കുഞ്ഞാവ. കേട്ടും പാടിയും സ്വന്തം കഴിവ് വളർത്തിക്കൊണ്ടു വന്ന പാട്ടുകാരനാണ് അദ്ദേഹം. അല്ലെങ്കിലും കോഴിക്കോട്ടുകാരുടെ ഹൃദയരക്തത്തിൽ ഗസലുകളുടെ താളവും പാട്ടുകളുടെ ഈണവും ഉണ്ടാവുക എന്നത് ഒരു പുതിയ കാര്യമല്ല.

"തബലയൊക്കെ ചൊല്ല് പറഞ്ഞു തന്നു തനിയെ പഠിച്ചതാണ്. ആദ്യം ഞാൻ കേച്ചേരിയിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ കൂടെ ആയിരുന്നു. ഇപ്പോൾ പോകുന്നത് സ്റ്റാർ ബ്ലൈൻഡ് ടീമിന്റെ ഒപ്പമാണ്. മണ്ടൂർ ആണ് അത്. അതിലിപ്പോൾ ഞാനാണ് പ്രധാനമായും പാടുന്നത്. പഴയ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഹിന്ദിപ്പാട്ടുകളും ഒക്കെയാണ് കൂടുതലും പാടുക. കല്യാണ വീടുകളിലൊക്കെ പോകുമ്പോൾ ചില പാട്ടുകളൊക്കെ പാടണമെന്ന് അവർ ആവശ്യപ്പെടാറുണ്ട്. പാടുന്നതിനു മുൻപു പണം വാങ്ങും. പാടിക്കഴിഞ്ഞു പണം നൽകാത്തവരുമുണ്ട്. അങ്ങനെ ഒരു തവണ പ്രശ്നമായപ്പോഴാണ് ഒരിക്കൽ പൊലീസ് ഇടപെട്ട് എഗ്രിമെന്റ് ഒക്കെ ആക്കിയത്. എല്ലാർക്കും കൂടി പതിനായിരം രൂപയൊക്കെ കിട്ടും. അത് സ്ഥലത്തിനനുസരിച്ചാണ്. തെരുവിൽ പാടിയാൽ 500, 200 ഒക്കെ കിട്ടും, ചില ദിവസം ഒന്നും കിട്ടാതെയും വരും. അതൊക്കെ അനുഭവിക്കാൻ തയാറായി വേണം പോകാൻ. ഇവിടെ വീട്ടിൽ ഞാനുണ്ട്, പിന്നെ മകൻ പണിക്കു പോകുന്നുണ്ട്, വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു."

കുഞ്ഞാവയുടെ ഭാര്യയും മികച്ച പാട്ടുകാരിയാണ്. പ്രണയവിവാഹമാണ് ഇവരുടേത്. കല്യാണത്തിനു മുൻപ് പാട്ടിൽ നിന്നു തുടങ്ങിയ ബന്ധം പാട്ടിലൂടെത്തന്നെ മുന്നോട്ടു പോകുന്നു. ‘‘ചോക്കും മെഴുകുതിരിയും ഒക്കെ ഉണ്ടാക്കി വിൽക്കുമായിരുന്നു ആദ്യം. പക്ഷേ അതിനൊന്നും ഇപ്പോൾ ഡിമാൻഡില്ല. അങ്ങനെയാണ് മുഴുവൻ സമയം പാട്ടിലേക്കുതന്നെ ഇറങ്ങിയത്, റാബിയയെ (ഭാര്യയെ) പാട്ടിൽ നിന്നാണ് കിട്ടുന്നത്. ഇഷ്ടപ്പെട്ട് ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിച്ചപ്പോൾ അവരുടെ വീട്ടിൽ സംസാരിച്ചു. രണ്ടു പേർക്കും സ്വന്തമായി ജീവിക്കാം, പണമുണ്ടാക്കാം എന്നുറപ്പുണ്ട്, അപ്പോൾ ഒന്നിച്ചിറങ്ങിയാലും ജീവിക്കാം എന്ന അവസ്ഥ ഉള്ളതുകൊണ്ട് അവരുടെ വീട്ടുകാർ സമ്മതിച്ചു. അവരുടെ പ്രസവം കഴിഞ്ഞ ശേഷം പാട്ടു പാടുന്നത് നിർത്തി. പിന്നെ അസുഖങ്ങളുമുണ്ട്. നാലു കുട്ടികളുണ്ട് ഞങ്ങൾക്ക്. മൂത്ത മകൻ വിവാഹിതനായി. ഏറ്റവും ഇളയ കുട്ടിക്ക് രണ്ടു വയസ്സ്. കുട്ടികൾക്ക് പാട്ടിനോട് വലിയ താൽപ്പര്യമില്ല, പെൺകുട്ടികൾക്ക് നൃത്തത്തിൽ താൽപ്പര്യമുണ്ട്. ഇടയ്ക്കുള്ള രണ്ടു പേരും പഠിക്കുന്നുണ്ട്, അവരെ നന്നായി പഠിപ്പിക്കണം എന്നാണ് ആഗ്രഹം. "

ഒരുപാട് വലിയ ആൾക്കാരെ കാണുകയും അവരുടെ പാട്ടിനൊപ്പം താളം പിടിക്കുകയും ചെയ്തിട്ടുണ്ട് കുഞ്ഞാവ. ‘‘പാട്ടുകാരൻ പി. ജയചന്ദ്രനെ കണ്ടിട്ടുണ്ട്. കുറെയധികം പാട്ടുകാരെയും സംഗീത സംവിധായകരെയും കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുമുണ്ട്. പി. ജയചന്ദ്രൻ സാറിനെ കണ്ടപ്പോൾ ഒരു പാട്ടു പാടാനൊക്കെ ആവശ്യപ്പെട്ടു. അതൊക്കെ വലിയ സന്തോഷാണ്. എ.ആർ. റഹ്‌മാന്റെ ഒരു പരിപാടിക്ക് ഞങ്ങളെ കൊണ്ടുപോയിരുന്നു. അന്ന് അദ്ദേഹത്തെ പരിചയപ്പെടാനും കഴിഞ്ഞു. ആകാശവാണിയിലും പാട്ടു പാടിയിട്ടുണ്ട്. എനിക്കൊരു ഗൾഫ് പ്രോഗ്രാമിന് പോകണമെന്ന് വലിയ ആഗ്രഹമുണ്ട്. കാണാൻ കഴിയില്ലെങ്കിലും അവിടുത്തെ അവസ്ഥ അനുഭവിച്ചറിയാൻ കഴിയുമല്ലോ. നമ്മുടെ ഗ്രൂപ്പിലുള്ള രണ്ടു പേർ പോയിരുന്നു.’’

കുഞ്ഞാവയുടെ വീട്ടിൽനിന്നിറങ്ങി നടക്കുമ്പോൾ, കോളനിയിലെ വളഞ്ഞുപുളഞ്ഞ വഴികളിൽ പരിഭ്രമിച്ചുപോയി. അപ്പോൾ വീണ്ടും കുഞ്ഞാവ രക്ഷകനായി. മുന്നിലെ വഴി കുഞ്ഞാവയുടെ കണ്ണുകളിലെ ഇരുട്ടിനു മുന്നിൽ തെളിഞ്ഞു വരുന്നുണ്ടെന്നു മനസ്സിലായപ്പോൾ അദ്ദേഹത്തിനൊപ്പമായി പിന്നീട് റോഡ് വരെയുള്ള നടത്തം. റോഡിലൂടെ നടക്കുമ്പോൾ പെട്ടെന്ന് പാഞ്ഞു വരുന്ന ബൈക്കുകാരെ മാത്രമാണ് ഭയമെന്നു കുഞ്ഞാവ പറയുന്നു. പാട്ടുകാരന് അങ്ങനെ എന്തെങ്കിലും ഭയങ്ങളുടെ ആവശ്യമുണ്ടോ.... ഇല്ലല്ലോ... ഒരു ബൈക്ക് ചീറിപ്പാഞ്ഞു വന്നപ്പോൾ, വാക്കുകളിലെ ആ പരിഭ്രമം അദ്ദേഹത്തിൽ കണ്ടുമില്ല. ഹൃദയാഘാതത്തെപ്പോലും തോൽപിച്ച് സംഗീതം എന്ന സ്വപ്നവുമായി നടക്കുന്നവർക്കു മുന്നിൽ എന്താണു വഴി മാറാത്തത്!