ഇനി തന്റെ പാട്ടുകൾ പാടണമെങ്കിൽ ഗാനമേളക്കാർ പണം നൽകണമെന്നു ഇളയരാജ പറഞ്ഞപ്പോൾ തോന്നിയ ദേഷ്യം ചെറുതല്ല. ജനം കേട്ടു കേട്ടാണു ഇളയരാജ വലിയ രാജയായത്. നല്ല നിലയിൽ എത്തിപ്പോൾ ഏറ്റുപാടിയ പലരെയും രാജ സാർ മറന്നു എന്നു തോന്നി. ആലപ്പുഴയിലെ കെട്ടുവള്ളത്തിൽവച്ചു തന്റെ കുട്ടിക്കാലവും സംഗീത ജീവിതവും രാജസാർ പറയുന്നതു കേട്ടു കണ്ണു നിറഞ്ഞിട്ടുണ്ട്. അന്നു തോന്നിയ സ്നേഹമെല്ലാം ഒരു ദിവസംകൊണ്ടു ഇല്ലാതായതുപോലെയും തോന്നി. എന്നാൽ കഴിഞ്ഞ ദിവസം മനസ്സുകൊണ്ടു ഇളയരാജ സാറിനോടു മാപ്പു ചോദിച്ചു. ചെന്നൈയിൽ പോയി കാലിൽ വീഴാൻ തോന്നി. നല്ല ചില്ലാനം വാങ്ങി മാത്രമെ പടാൻ അനുവദിക്കാവൂ എന്നു വീണ്ടും വീണ്ടും പറയാനും തോന്നി.
ഗാനമേള എന്നു പറഞ്ഞാൽ മനസ്സിൽ വരിക തൂ വെള്ള വസ്ത്രമണിഞ്ഞ യേശുദാസ് ‘ഇടയ കന്യകെ....... ’ എന്നു പാടുന്നതാണ്. പിന്നീടു പലരുടെയും സംഗീത സദസ്സുകൾ കണ്ടു. മൈക്കൾ ജാക്സൺ മുതൽ യാനിവരെയുള്ള വിദേശികളുടെ സംഗീത മേളകൾ കാണുകയും കേൾക്കുകയും ചെയ്തു. സ്വീഡിഷ് ബാന്റായ യൂറോപ്പിന്റെ ‘ഫൈനൽ കൗഡ് ഡൗൺ’ പോലുള്ള ബാന്റുകളുടെ ലൈവിനോടൊപ്പം അറിയാതെ ചാടിക്കളിച്ചു പോയിട്ടുമുണ്ട്. ജയചന്ദ്രന്റെ സംഗീത രാവുകൾ കേൾക്കാൻ കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിലേക്കു മതിൽചാടി കടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കണ്ടതു ഹൃദയം പൊട്ടിക്കുന്ന ബാന്റാണ്. ഇതുപോലെ ഒരു പാടു പേർ രംഗത്തു വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതെഴുതുന്നതും അതുകൊണ്ടുതന്നെ.
ചുവന്ന മുണ്ട്, നീട്ടിയ മുടി, കയ്യിൽ പല നിറത്തിലുള്ള നൂലുകൾ, കറുത്ത ഷർട്ട്, പലതരം മാലകൾ, കയ്യിൽ ടാട്ടൂകൾ തുടങ്ങിയ വേഷ സംവിധാനത്തോടെ വേദിയിലെത്തി ലൈറ്റെല്ലാം അണച്ചാൽ പരിപാടി തുടങ്ങുകയായി. മലയാളത്തിലെ മനോഹര സുന്ദര ഗാനങ്ങളുടെ കശാപ്പാണ് പിന്നെ നടക്കുന്നത്. ഓരേ താളത്തിലുള്ള പാട്ടുകൾ നാലുവരി വീതം തുടർച്ചയായി പാടുന്നു. ഗിത്താർ വായിക്കുന്ന സമയത്തു എല്ലാവരും മുടിയിട്ടാട്ടണം. ഓരോ പാട്ടും സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് പാടുന്നത്. ചാനലിലാണു പരിപാടിയെങ്കിൽ ആണെങ്കിൽ കണ്ണടച്ച് ഉയരമുള്ള സ്റ്റൂളിൽ കയറി ഇരുന്നു വേണം പാടാൻ. പാവം യേശുദാസിനും ജയചന്ദ്രനും കെ.എസ്.ചിത്രയ്ക്കുമെല്ലാം ഈ ബുദ്ധി നേരത്തെ തോന്നാത്തതു അവരുടെ കാലക്കേട്. ഉയരമുള്ള സ്റ്റൂൾ കിട്ടിയിരുന്നുവെങ്കിൽ അവരുടെ പാട്ട് ഇനിയും മെച്ചപ്പെട്ടേനെ.
‘ഖല്ലിയാമ്പൽ ഖടവിലന്നരയ്ക്കു വള്ളം .................. ’ എന്നു കൈ വിടർത്തിപ്പിടിച്ചു പാടുന്നതു കേട്ടാൽ അതേ കടവിൽ മുങ്ങിച്ചാകാൻ തോന്നും. ‘മാവു പൂത്തല്ലോ................................................................................. എന്നു നിർത്താതെ നീട്ടിപ്പാടുന്നതു കേട്ടപ്പോൾ ഛർദ്ദിക്കാൻ തോന്നി. അരോചകം എന്ന വാക്കെല്ലാം എത്ര ദുർബലമാണെന്നു ബോധ്യപ്പെട്ട നിമിഷങ്ങൾ. പ്രിയ പാട്ടുകാരെ , കാരണവന്മാർ ഉണ്ടാക്കിയ നല്ല പാട്ടുകൾ നിങ്ങൾക്കു മറക്കുകയോ പാടാതിരിക്കുകയോ അവ പൊട്ടയാണെന്നു പറയുകയോ ചെയ്യാം. എന്നാൽ അതിനെ മാനഭംഗപ്പെടുത്തുന്നതു സത്യത്തിൽ ക്രിമിനൽ കേസെടുക്കേണ്ട കുറ്റമാണ്. പാട്ട് അതേ പോലെ പാടുന്നതു മനസ്സിലാക്കാം. അതായിരുന്നു ഇത്രയും കാലം ഗാനമേളക്കാർ ചെയ്തതും. അതൊരു പാപമായി കണക്കാക്കാനാകില്ല.
1965ൽ അല്ലിയാമ്പൽ എന്ന ഗാനം ചിട്ടപ്പെടുത്തുമ്പോൾ ജാസ് എന്ന സംഗീത ഉപകരണം ഉള്ളതായി സംഗീത സംവിധായകൻ കെ.വി.ജോബിനു അറിയാതിരിക്കാനിടയില്ല. അറുപതുകളിൽ ജീവിച്ച ജി.ദേവരാജനും ഇത്തരമൊരു വാദ്യോപകരണം ഉള്ളതായി വിവരം കിട്ടിക്കാണും. എന്നിട്ടും അനാവശ്യമായി ഒരു സ്ഥലത്തും ഇത്തരം ഉപകരണങ്ങളില്ലാതെ അവർ പാട്ടു ചിട്ടപ്പെടുത്തിയതു ആ പാട്ടുകളുടെ സംസ്ക്കാരം അത്തരം ഉപകരണത്തിനു പറ്റാത്തതു കൊണ്ടുതന്നെയാണ്. ഒരു ഗിത്താറും ജാസും കൊട്ടാവുന്ന രണ്ടുമൂന്നു മുറിച്ചെണ്ടകളും ഒരു പീപ്പിയുമായി വന്നാൽ ഏതു പാടും പാടാമെന്ന ധാരണയുള്ള പുത്തൻ ഗാനമേളക്കാർ സത്യത്തിൽ തകർക്കുന്നതു സംസ്ക്കാരംതന്നെയാണ്.
69ൽ നദിയെന്ന സിനിമയിൽ ജി.ദേവരാജൻ സംഗീത നൽകിയ ഹിറ്റുപാട്ടുകളുടെ പട്ടിക നോക്കുക. കായാമ്പൂ കണ്ണിൽ വിടരും, ആയിരം പാദസരങ്ങൾ കിലുങ്ങി,നിത്യ വിശുദ്ധയാം,പുഴകൾ മലകൾ,പഞ്ചതന്ത്രം കഥയിലെ,തപ്പു കൊട്ടാംപുറം ...... ഒരു സിനിമയിലെ ഹിറ്റുകളാണിതെല്ലാം. 48 വർഷങ്ങൾക്കു ശേഷവും നിങ്ങൾക്കു പാടാനുള്ളത് ഇതേ പാട്ടുകളാണ്. ഇതുപോലെ ഒരു പാട്ടെങ്കിലും സ്വയം ചിട്ടപ്പെടുത്തി പാടുക. അല്ലാതെ ആരാന്റെ കുട്ടിയെ എടുത്തു സ്വന്തം കുട്ടിയാണെന്നു ഭാവിച്ചു വളർത്തുകയല്ല വേണ്ടത്. പാട്ടുകൾ മാറ്റിപ്പാടനും അതിനു പുറകിലെ സംഗീതരീതി മാറ്റാനും ഈ കറുത്ത മുണ്ടുകാർക്ക് ആരും ലൈസൻസ് നൽകിയിട്ടില്ല. വിദേശത്തായിരുന്നെങ്കിൽ ഇവർ ജയിലെ ഗാനമേള സംഘത്തിലെ സ്ഥിരാംഗങ്ങൾ ആയേനെ. ജി.ദേവരാജന്റെയും മറ്റും കുടുംബത്തിനു ശക്തമായ ഒരു അഭിഭാഷകന്റെ പിന്തുണ ഉണ്ടായിരുന്നുവെങ്കിൽ ഇവരെല്ലാം മുട്ടിൽനിന്നു പാടിയേനെ.
പാട്ടുകൾക്കു പുറകിലെ സംഗീത ഉപകരണങ്ങൾ സ്വന്തം ഇഷ്ടത്തിനു മാറ്റുന്നതു പകർപ്പാവകാശ നിയമ പ്രകാരവും ഭൗതിക സ്വത്താവകാശ പ്രകാരവും കുറ്റമാകില്ലെ. അത്തരം കാര്യങ്ങൾ ചെയ്യുന്നവർ മോഷ്ടാക്കളാണ്. വീടിന്റെ പൂട്ടു കുത്തിപ്പൊളിച്ചു അകത്തു കടക്കുന്ന തിരുട്ടു ഗ്രാമത്തിലെ ആളുകളുടെ കുടുംബത്തിൽപ്പെട്ടവർതന്നെയാണ് പാട്ടിന്റെ പൂട്ടു പൊളിച്ചു സംഗീതവും എടുത്തു രാത്രിയുടെ മറവിൽ ഓടിപ്പോകുന്നവർ. ദരിദ്രരായി മരിച്ച വലിയ സംഗീതജ്ഞരുടെ പാട്ടുകൾ തട്ടിക്കൊണ്ടുപോയി വിറ്റു സുഖമായി പുട്ടടിച്ചു ജീവിക്കുന്നതിൽ മനസ്സാക്ഷിക്കുത്തു തോന്നുന്നില്ല എന്നതാണു കൂടുതൽ ഞെട്ടിപ്പിക്കുന്നത്.
പിഞ്ചു കുഞ്ഞിന്റെ കാതിൽനിന്നു കമ്മൽ വലിച്ചു പറിക്കുന്നവരുടെ മനസ്സുതന്നെയാണിത്. ഇത്തരം പാട്ടുകാരെയും സംഗീഞ്ജരേയും വേദിയിലും ടിവിയിലും കാണുമ്പോൾ തിരുട്ടു ഗ്രാമത്തിൽനിന്നു വന്നു അടിവസ്ത്രം മാത്രം ധരിച്ചു ദേഹത്തു എണ്ണപുരട്ടി മുഖംമൂടിയിട്ടു പതുങ്ങി പതുങ്ങി വീടിന്റെ പുറകുവശത്തേക്കു വരുന്നവരെയാണു ഓർമ്മ വരിക. കാരണവന്മാരെ വിടുക. മലയാളി അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച സംഗീത പ്രതിഭയായ ശരത്തിന്റെ അടുത്തെങ്കിലും പോയി ഒരു പാട്ടുണ്ടാകുന്നതു എത്ര വേദനയോടെയാണെന്നും അതിനെ കുട്ടിച്ചോറാക്കുമ്പോൾ എത്ര വേദനിക്കുമെന്നും ചോദിച്ചറിയണം.
പ്രിയ പുതിയ പാട്ടുകാരെ, നിങ്ങൾ പാടിക്കൊ, പക്ഷെ അതിനുവേണ്ടി പഴയ പാട്ടിനെ പുതിയ അടുപ്പിൽവച്ചു വേവിച്ചു മസാല ചേർക്കരുത്. സ്വന്തമായി ഒരു പാട്ടെങ്കിലും ഉണ്ടാക്കി പാടി നോക്കുക. ലോകത്തെ നല്ല ബാന്റുകളെല്ലാം സ്വന്തം പാട്ടിലൂടെ നിലയുറപ്പിച്ചവരാണ്.അവരുടെ വസ്ത്രധാരണവും മുടിയാട്ടവും മാത്രം അനുകരിച്ചാൽപ്പോര. അവർ ചെയ്തതു എന്താണെന്നു കൂടി മനസ്സിലാക്കണം. അവരാരും മോഷണത്തിലൂടെ ബംഗ്ളാവു പണിതവരല്ല. പാട്ടുകൾ പാട്ടുകളായി പാടുക. അല്ലെങ്കിൽ പാടാതിരിക്കുക. ഒരോ വരിയിലും ഏതു സംഗീത ഉപകരണം ഉപയോഗിക്കണമെന്നു അവർ തീരുമാനിച്ചതു അവരുടെ മനസ്സു നിറയെ സംഗീതമുള്ളതുകൊണ്ടാണ്. തബലയുടെ ശ്രുതി തീരുമാനിക്കുന്നതുപോലും കവിതയുടെ ഭംഗിനോക്കിയാണ്. ആ പാട്ടുകളാണ് മുറിച്ചെണ്ടയുമായി എത്തി തട്ടിപ്പൊട്ടിക്കുന്നത്.
അവരാരും കിട്ടിയ ഉപകരണമടെത്തു മുട്ടിയതല്ല. നിങ്ങളെല്ലാം ക്രിമിനൽ കേസുകളിൽ പ്രതിയാകാതെ രക്ഷപ്പെടുന്നതു ഈ പാട്ടുകൾ ഉണ്ടാക്കിയവരുടെ പിൻ തലമുറ സൗമ്യമനസ്സുകളായതുകൊണ്ടു മാത്രമാണ്. അവരിൽ പലരും കയ്യിൽ സമ്പാദ്യമൊന്നുമില്ലാതെയാണു മരിച്ചത്. അവരുടെ സമ്പാദ്യം ഈ പാട്ടുകൾ മാത്രമായിരുന്നു. അതു കൊള്ളയടിച്ചു വേദിതോറും നടന്നു വിറ്റു നിങ്ങൾ ചില്ലാനമുണ്ടാക്കുന്നു. ഇരുട്ടിലിരുന്നു പാടിയാലും പടച്ചോൻ അതു കാണാതെയും കേൾക്കാതെയുമിരിക്കുമോ.
അല്ലിയാമ്പൽ കടവിൽ വന്നു കുളിച്ചുപോയതു മലയാളത്തിന്റെ പുണ്യമനസ്സുകളാണ്. അവരെ വെറുടെ വിട്ടേക്കുക. അവിടെ ഇറങ്ങി കുളം കലക്കരുത്. അവിടെ പൂത്തു നിൽക്കുന്ന ആമ്പലുകൾ വരും തലമുറയും കാണട്ടെ.