കേട്ടുമതിവരാതെ ഈ സ്വരമാധുരി: എന്നും പ്രിയപ്പെട്ട കെ.എസ്.ചിത്ര ഗാനങ്ങള്‍

കെ എസ് ചിത്ര എന്ന പേര് മലയാളി എഴുതി വച്ചിരിക്കുന്നത് ഒരുപക്ഷെ അച്ചടിച്ച പത്രത്താളുകളിലല്ല, ഓരോരുത്തരുടെയും മനസ്സിൽ തന്നെയാണ്. പതിനായിരത്തലധികം പാട്ടുകൾ, മലയാളം, തമിഴ്, ഹിന്ദി കന്നഡ, ഭാഷകൾ പിന്നെയും നീളുന്നു. മലയാളത്തിലെ വാനമ്പാടിയെന്ന പേര് അതുകൊണ്ട് തന്നെ ചിത്ര ചേച്ചിയ്ക്ക് മാത്രം സ്വന്തം. സ്വകാര്യമായി അറിയാത്ത ദൂരെ നിന്ന് ആരാധിക്കുന്നവരുടെ പോലും നാവിൽ ചിത്ര എന്ന് വെറും വാക്ക് വരില്ല, ഒപ്പം ചേച്ചിയെയും കൂട്ടും. മലയാളികൾ ചെവിയിലും ഹൃദയത്തിലും ഇപ്പോഴും എപ്പോഴും സൂക്ഷിക്കുന്ന പത്തു പാട്ടുകളുണ്ടെങ്കിൽ അവയിൽ പകുതിയും കെ എസ് ചിത്രയുടെ തന്നെയാകും എന്നതാണ് സത്യം. പഴയ മെലഡികളിൽ ആർത്തിരമ്പുന്ന കടൽ പോലെ ചിത്ര ചേച്ചിയുടെ ഒച്ച ഉള്ളിൽ ആഞ്ഞടിക്കുന്നു. പിന്നെയും പിന്നെയും കേൾക്കാൻ മോഹിച്ച് കാത്തിരിക്കുന്നു.

ചല പാട്ടുകൾക്ക് കെ എസ് ചിത്രയുടെ അല്ലാതെ ശബ്ദം താരതമ്യപ്പെടുത്താൻ പോലുമാകില്ലെന്നു തോന്നും, അത്തരം ചില പാട്ടുകളെ പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ പിറന്നാൾ ദിവസം ഓർക്കാതെയെങ്ങനെ!

ചാമരം എന്ന ചിത്രത്തിലെ രാജഹംസമേ എന്ന ഗാനം ചിത്രയുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു എന്ന് പറയാം. പുരസ്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ പോലും മെലഡിയുടെ നവ്യമായ ആനന്ദം മലയാളി ആ ശബ്ദത്തിലൂടെയറിഞ്ഞു.

"രാജഹംസമേ മഴവില്‍ കുടിലില്‍

സ്നേഹ ദൂതുമായ് വരുമോ

സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ

എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ"

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ ചിത്ര പാടുമ്പോൾ അവിടെ ഒരു രാജഹംസം ധവളിമയാർന്ന ചിറകുകൾ ഒതുക്കി മെല്ലെ ഒഴുകിയെന്നോണം വരുന്നതറിയുന്നുണ്ട്. സിനിമയ്ക്കുള്ളിലെ നാടകമാണ് ചാമരം എന്ന സിനിമ, പ്രത്യേകിച്ച് ഈ ഗാനത്തിലെ രംഗങ്ങൾ. ജയിലിനുള്ളിൽ അടക്കപ്പെട്ട പ്രിയപ്പെട്ടവന്റെ ജീവിതത്തിൽ നിന്നും പറിച്ചെറിയാൻ അവളെ തേടിയെത്തുന്ന അപരന്മാർ... നഷ്ടപ്പെടാൻ കഴിയാത്തതിന്റെ വേദനയിൽ അവൾ ഉച്ചത്തിൽ നിലവിളിക്കുന്നു... വരികളായി അത് ഉലഞ്ഞു വീഴുന്നു. 

"മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,

മഞ്ഞക്കുറി മുണ്ടും ചുറ്റി."

ഇതിലും ഭംഗിയായി എങ്ങനെയാണ്, ഒരു പെണ്‍കുട്ടിയെ ഒരുവന്‍ വര്‍ണിക്കുക? 

"ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ

വന്നു ചിരിതൂകി നിന്നൂ,

വന്നു ചിരിതൂകി നിന്നൂ.

ഓ ഓ ഓ ....

വന്നു ചിരിതൂകി നിന്നൂ."

ഓരോ വരിയിലും തുളുമ്പുന്ന സ്നേഹമുണ്ട്, മലയാളിത്തമുണ്ട്, പിന്നീടെപ്പോഴോ കടന്നു വന്ന പ്രണയമുണ്ട്, വിരഹമുണ്ട്... O.N. V. കുറുപ്പ് എന്ന ആഴമുള്ള വരികളെഴുതുന്ന കവിയുടെ രചനയ്ക്ക് രവി ബോംബെയുടെ സംഗീതത്തിൽ കെ എസ് ചിത്ര പാടിയ ഈ ഗാനം ഇപ്പോൾ വർഷങ്ങൾ കടന്നും ഓരോ മലയാളിയുടെയും മനസ്സിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിൽ പല ഘടകങ്ങളുമുണ്ടാകണമല്ലോ. 1987 ൽ ഇതേ ഗാനത്തിനാണ് കെ എസ് ചിത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചതും. "നഖക്ഷതങ്ങള്‍" എന്നത് പേരു പോലെ തന്നെയാണ്, എന്നു തന്നെ പറയേണ്ടി വരും. മൂര്‍ച്ചയേറിയ നഖങ്ങള്‍ കൊണ്ട് ഹൃദയത്തില്‍ ഒരു മുറിവേല്‍പ്പിച്ച് കഥയിൽ പലരും നടന്നു പോകുന്നത് കാണാം. അതിനു തൊട്ടു മുൻപുള്ള ഉണർത്തു പാട്ടു പോലെ മഞ്ഞൾ പ്രസാദവും ചാർത്തി അവൾ മെല്ലെ നടന്നു വരുന്നുണ്ട്.

പഴയ ഒരു കാലത്തിലേക്ക് വെറുതെ ഒരു ഒഴുക്കിനൊപ്പം അങ്ങ് യാത്ര ചെയ്താലോ? കഞ്ചുകമണിഞ്ഞ സ്വർണവർണമുള്ള സുന്ദരിമാരുടെയൊപ്പം ഒരു രാത്രിയിൽ കൊടി കെട്ടിയ വഞ്ചിയിലെ മനോഹരമായ ഒരു യാത്ര. മാരതാപത്തിന്റെ മഴവില്ലുകൾ അവളിൽ എപ്പോഴേ തൊട്ടുഴിഞ്ഞു തുടങ്ങിയിരുന്നു. ചെറിയ ജോലിയൊന്നുമായിരുന്നില്ല വൈശാലി എന്ന ആ പെൺകുട്ടിയെ തേടിയിരുന്നത്. ഒരു രാജ്യത്തിന്റെ ജീവിതവും അവസാനവും അവളുടെ ശരീരത്തിന്റെ ലാവണ്യത്തിൽ കൊരുത്തിട്ടിരുന്നു. 

"ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി 

ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി 

കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി 

ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി "

ഓ എൻ വിയുടെ രചനയ്ക്ക് ബോംബെ രവി സംഗീതം നൽകുമ്പോൾ ചിത്രയുടെ ശബ്ദം രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഓളങ്ങൾ കടന്നു പോകുന്നത് പോലെ തോന്നും. പ്രാണനെ കത്തിക്കുന്ന അഗ്നി പോലെ വൈശാലിയുടെ പ്രണയം സ്ത്രീയെ കാണാത്ത മുനികുമാരന്റെ ഹൃദയത്തിൽ തൊടുന്നതിന്റെ കാത്തിരിപ്പിൽ എത്ര പേരാണ് കണ്ണുകൾ നീട്ടി...!!!

പാട്ടിന്റെയൊടുവിൽ എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടോ? ചില സിനിമകൾ കരഞ്ഞു നിലവിളിക്കാൻ തോന്നുന്നതാണെങ്കിലും അപൂർവ്വം ചില പാട്ടുകളും അത്തരത്തിൽ കരയാൻ തോന്നുന്നത് തന്നെയാണ്. അതിലും അപൂർവ്വമായ ചില പാട്ടുകൾ സീനിലെ സാഹചര്യങ്ങൾ കൊണ്ടും പാട്ടിന്റെ ആലാപന തീക്ഷ്ണത കൊണ്ടും ഒന്നിച്ച് കണ്ണ് നനയ്ക്കും, ങ്ങനെ കണ്ണ് നിറച്ച ഒരു ഗാനമാണ് നന്ദനം എന്ന ചിത്രത്തിലെ കെ എസ് ചിത്രയുടെ ഗാനം. 

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ അത്രമേൽ ഹൃദ്യം തന്നെ,

"കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍

ചേരുമോടക്കുഴലിന്റെയുള്ളില്‍

വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ

പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ ..."

രവീന്ദ്രൻ മാഷിന്റെ സംഗീതം കൂടിയാകുമ്പോൾ പാട്ടിൽ ആവർത്തിച്ചുള്ള വിളികൾ സാക്ഷാൽ കണ്ണന്റെ കാതുകളിൽ എങ്ങനെ എത്താതെയിരിക്കും. 

"നിന്റെ നന്ദന വൃന്ദാവനത്തില്‍

പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍..

വരുംജന്മത്തിലെങ്കിലും ശൗരേ..

ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍

നിന്റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍.."

പാട്ടിന്റെ ഒടുവിൽ കൃഷ്ണനെ വിളിച്ചുകൊണ്ടിരിക്കെ കരയുന്ന പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നതിനൊപ്പം ഓരോ കേൾവികളും കണ്ണ് നനയിക്കുന്നു. 

നാടൻ പെൺകുട്ടിയുടെ നെഞ്ചിൽ എപ്പോഴും എന്താവും? നാട്ടിൻപുറത്തിന്റെ രംഗങ്ങളിൽ അവളുടെ സ്വപ്‌നങ്ങൾ എപ്പോഴും വിടർന്നു നിൽപ്പുണ്ടാകാം, ഇഷ്ടമുള്ളൊരാളെ കാണുമ്പോൾ അവളുടെ ഹൃദയം പുഞ്ചപ്പാടത്തെ നെൽവയൽ പോലെ അലയടിച്ചു ഉന്മാദഭരിതമാകാം . കെ എസ് ചിത്രയ്ക്ക് കേരളം ചലച്ചിത്ര അക്കാദമിയുടെ മികച്ച ഗായികാ പുരസ്കാരം ലഭിച്ച ഗാനമാണ് മഴവിൽ കൂടാരം എന്ന ചിത്രത്തിലെ ഗാനം. കൈതപ്രം ദാമോദരന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്നു. 

"തങ്കത്തോണി തെൻമലയോരം കണ്ടേ

പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ

ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ

കരകാട്ടം കാണാനെൻ അത്താനുണ്ടേ ..."

പൂമാലക്കാവിൽ തിറയാടുമ്പോഴും കോവിലിൽ മയിലാടുമ്പോഴും ദീപങ്ങൾ തെളിയുമ്പോഴും ഉള്ളം ആർത്തു വിളിക്കുന്നു, പ്രണയത്താൽ കൂമ്പി അടയുകയും ഉണർന്നു സ്നേഹം പൊഴിക്കുകയും ചെയ്യുന്നു. അവളുടെ മുഖം അപ്പോൾ ചെന്താമര പോലെ വിടർന്നിരുന്നിട്ടുണ്ടാവണം.  

ആയിരം കണ്ണുമായി കാത്തിരുന്ന ഒരാളാണ്, എത്രയോ വർഷങ്ങൾക്കു ശേഷം ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്. എന്നിട്ടും ഉള്ളിലുള്ള സ്നേഹം കൊടുക്കാനെടുത്ത സമയം ... തിരിച്ചറിഞ്ഞിട്ടും അവൾ അടുത്തുള്ള സമയം എത്രയോ കുറച്ചാണ് എന്നറിയുമ്പോൾ ഉണ്ടാകുന്ന നെഞ്ചുരുക്കം... നിറയെ ജനലുകൾ ഉണ്ടായിരുന്നു ആ വീട്ടിൽ, പിന്നെ കുറെ ജനാല വിരികളും, പഴയ മണമുള്ള ഗൃഹ ഉപകരണങ്ങളും. പഴയ മനസ്സ് പോലെ എല്ലാം പൊടി പിടിച്ചിരുന്നെങ്കിലും അവളുടെ കൊഞ്ചലുകളും ചിരിയും വീട്ടിനുള്ളിൽ വെളിച്ചം വരുത്തിയപ്പോൾ പഴയതെല്ലാം പൊടി കളഞ്ഞു വൃത്തിയാക്കപ്പെട്ടു, അമ്മമ്മയുടെ മനസ്സ് പോലെ.

"ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍

എന്നില്‍ നിന്നും പറന്നകന്നൊരു

പൈങ്കിളീ മലര്‍ തേന്‍കിളി

പൈങ്കിളീ മലര്‍ തേന്‍കിളി 

മഞ്ഞു വീണതറിഞ്ഞില്ല

പൈങ്കിളീ മലര്‍ തേന്‍കിളി

വെയില്‍ വന്നു പോയതറിഞ്ഞില്ല

പൈങ്കിളീ മലര്‍ തേന്‍കിളി

മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല

ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍

പൈങ്കിളീ മലര്‍ തേന്‍കിളി

വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ "

ജെറി അമൽ ദേവയുടെ സംഗീതത്തിൽ ബിച്ചു തിരുമലയുടേതാണ് വരികൾ. നോക്കെത്താദൂരത്ത് കണ്ണുംനട്ട്  എന്ന ചിത്രത്തിലെ ഈ ഗാനം പിന്നെയും എത്രയോ വേദികളിൽ പ്രകാശം പരാതി കടന്നു പോയി. യേശുദാസും ഈ ഗാനം പാടിയിട്ടുണ്ടെങ്കിലും ഒരുപക്ഷെ അമ്മാമ്മയുടെയും കൊച്ചു മകളുടെയും കലമ്പലുകളിലേയ്ക്ക് ചിത്ര ചേച്ചിയുടെ ശബ്ദം തന്നെയാണ് ഉചിതമായി തോന്നുന്നത്. കെ എസ് ചിത്രയ്ക്ക് പുരസ്കാരം ലഭിച്ച ഗാനവുമാണിത്. 

"കളഭം തരാം ഭഗവാനെൻ മനസ്സും തരാം

മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം 

ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം.."

പ്രണയത്തിന്റെ ഭക്തി പാരാവശ്യത്തിൽ അവളിലേക്ക് വന്നെത്തുന്ന മുളന്തണ്ട് എന്താവാം മൂളുന്നത്. കണ്ണന്റെ പ്രണയത്തിന്റെ കുറുമ്പ് മുഖങ്ങളിലേയ്ക്ക് മെല്ലെ വന്നിരിക്കുമ്പോൾ പുറമെയിൽ നിന്നെങ്ങോ ഒരു ഗാനം വന്നെത്തി നോക്കുന്നു.

"പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ 

പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും

മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ

പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം..." 

വടക്കുംനാഥൻ എന്ന മോഹൻലാൽ ചിത്രത്തിൽ നിന്നാണെങ്കിലും നായകൻറെ സ്പര്ശമില്ലാത്ത ഗാനം. ക്യാരക്ടർ റോളുകളിൽ അഭിനയിച്ചവർക്കുള്ള ഗാനങ്ങൾ ഇത്ര മനോഹരമാകുന്നത് ഒരുപക്ഷെ വളരെ അപൂർവ്വമാണ്, എന്നാൽ അത്തരമൊരു മനോഹാരിത തന്നെയാണ് ഈ പ്രണയഗാനത്തിലും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീതത്തിൽ കെ എസ് ചിത്രയും മധുബാലകൃഷ്ണനുമാണ് ആലപിച്ചതെങ്കിലും ചിത്ര ചേച്ചിയുടെ പാട്ടന്റെ ആലാപന ഭാഗങ്ങളെ കവച്ചു വയ്ക്കാൻ ആരെ കൊണ്ടും കഴിയുന്നില്ലെന്ന് ഉറപ്പിക്കുന്നു. പ്രിയപ്പെട്ട ഒരാളിന്റെ മുന്നിലിരുന്ന അതിലും ഇഷ്ടമുള്ള ഭഗവാനെ കുറിച്ചു പാടുമ്പോൾ പ്രണയം സ്വയം ദൈവീകമാകുന്നു. മയിൽ പീലി ചാർത്തി, കളഭം തൊട്ട് നിന്നെ ഒരുക്കുമ്പോൾ എത്രമേൽ കണ്ടാലും കൊതി തീരാത്ത പോലെ, എത്രത്തോളം അടുത്തിരുന്നാലും പിന്നെയും അടുത്തിരിക്കാൻ തോന്നുന്നത് പോലെ. നിഴൽ പോലെ എപ്പോഴും ചേർന്നിരിക്കാനായെങ്കിൽ!!! അവൾ പാടി നിർത്തുമ്പോൾ നാം നമ്മുടെ പ്രിയപ്പെട്ട ഒരു നിഴലിനെ തിരയും. 

ഗന്ധർവ്വൻ ബാധിച്ച ഒരു പെണ്ണിന്റെ ജീവിതം ഏതൊക്കെ അവസ്ഥകളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം? മുത്തശ്ശിമാരുടെ ഒക്കെ പറച്ചിലുകളിൽ ഇപ്പോഴും ഒരു ഗന്ധർവ്വനുണ്ടായിരുന്നു, സന്ധ്യ കഴിഞ്ഞു പാലാ പൂത്ത ഗന്ധമുള്ള ഇടനാഴികളിലൂടെ മുറ്റത്തേക്കിറങ്ങുമ്പോൾ സുന്ദരനായ ഗന്ധർവ്വൻ കന്യകമാരെ വശീകരിക്കാൻ ഇറങ്ങു വരുമത്രെ. അവർക്കിഷ്ടപ്പെട്ടാൽ ജീവനും ജീവിതവും ഊറ്റിയെടുത്ത് അവളെ മറവിയുടെ വലിയൊരു സമുദ്രത്തിലേക്ക് തള്ളിയിട്ട് ഗന്ധർവ്വൻ മറയും. പക്ഷെ ദേവിയുടെ കാര്യത്തിൽ അതൊന്നുമല്ല സംഭവിച്ചത്. 

"പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ 

മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

കാണാതെ വിണ്ണിതളായ് മറയും 

മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌..."

കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയപ്പോൾ "ഞാൻ ഗന്ധർവ്വൻ" എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം അവിടെ പിറവിയെടുക്കുകയായിരുന്നു. ചിത്രയുടെ ഇമ്പമാർന്ന ശബ്ദം ഒരായിരം പാലപ്പൂക്കൾ വിരിയിക്കുന്ന, അതിൽ നിന്നൊക്കെ ഗന്ധർവ്വന്മാർ ഇറങ്ങി വരുന്നു. സ്ത്രീകൾ ഒന്നാകെ മോഹിക്കുന്ന ശരീരഭംഗിയും പ്രണയത്തിന്റെ ഈറൻ മേഘങ്ങൾ വർഷിക്കുന്ന പുഞ്ചിരിയും ആഴവും അവർക്കുണ്ടാകും . മനുഷ്യന്റെ നിഘണ്ടുവിൽ അത്രത്തോളം വലിയ ശരികളില്ലെങ്കിൽ, ദൈവങ്ങളുടെ നിഘണ്ടുവിൽ അതിലും വലിയ തെറ്റുമില്ല. പാതിയിൽ വച്ച് ഒരു ജീവിത കഥ അപൂർണമാക്കിയിട്ടാണ് പദ്മാരാജൻ സിനിമ നിർത്തിയത്, അതുകൊണ്ടു തന്നെ ചിത്രവും ഇതിലെ പാട്ടുകളും മറവിയെ പുൽകുന്നതല്ല. 

പെണ്ണുങ്ങൾക്ക് പ്രണയം എപ്പോഴും ആ ശ്യാമവർണനോട് തന്നെയാകും. ഭദ്രയ്ക്കും ഉണ്ടായിരുന്നു ഒരു ശ്യാമവർണൻ. അവളുടെ ഡയറി താളുകളിൽ നിറയെ അവനോടുള്ള കലഹങ്ങളും സന്തോഷങ്ങളും പ്രണയവും ഒക്കെ തന്നെയായിരുന്നു. മനസ്സിനോടും ഉള്ളിലെ സംഗീതത്തോടും തീരെ ചേർന്ന് നിൽക്കാത്തൊരാൾ ജീവിതത്തിൽ വന്നു ചേർന്നപ്പോൾ ഉള്ളിലെ ശ്യാമ വർണനെ ഭദ്ര ഡയറി താളുകളിൽ മാത്രമാക്കി ഒതുക്കി വച്ചു, ആരുമറിയാതെ ഇടയ്ക്കിടയ്ക്ക് നോക്കി കണ്ണീർ വാർത്തു.

"വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 

ശ്യാമ വർണ്ണൻ 

കളിയാടി നില്‍ക്കും കഥനം നിറയും

യമുനാനദിയായ് മിഴിനീര്‍ വഴിയും ..."

യൂസഫലി കേച്ചേരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീതത്തിൽ ചിത്ര ചേച്ചിയുടെ ശബ്ദം ഒഴുകുന്നു. അത് ഭദ്രയിൽ പുനർജ്ജനിക്കുന്നു. ആരുടെ ഒപ്പം നിന്നാലും ആ പഴയ ശ്യാമവർണന്റെ ഓർമ്മകളിൽ അവൾ ഊർജ്ജം നേടുന്നു. ഒരിക്കൽ അവൻ അരികിൽ ഉണ്ടായിരുന്നതിന്റെ സന്തോഷങ്ങളിൽ പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവൾ ജീവിച്ചു കൊണ്ടേയിരിക്കുന്നു. ഭദ്രയുടെ ജീവിതം മുഴുവൻ ഒരു യാത്രയ്ക്കുള്ള ഉന്മാദമുണ്ടായിരുന്നു. ശ്യാമവർണനെയും അയാളുടെ സംഗീതത്തെയും തിരഞ്ഞുള്ള ഒരു അവസാന യാത്ര. 

"അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം 

തേൻകിനാക്കള്‍ നന്ദനമായി 

നളിനനയനാ 

പ്രണയവിരഹം നിറഞ്ഞ വാനില്‍ 

പോരുമോ നീവീണ്ടും.."

ആ യാത്രയ്ക്കായി അവന്റെ കാത്തിരിപ്പിലേയ്ക്ക് അവൾക്ക് എന്നെങ്കിലും എത്താതെയിരിക്കാൻ കഴിയുമോ?

താരങ്ങൾ അവരുടെ മുഖം വാൽക്കണ്ണാടിയിൽ നോക്കുന്നതെങ്ങനെയാകും ... നിലാവിൽ അലിഞ്ഞു അവനും അവളും പുഴയിരമ്പിലൂടെ നടക്കുമ്പോൾ താരങ്ങൾ മാത്രമാണ് ദൃക്‌സാക്ഷികൾ. അവർ അവരുടെ പ്രണയം കണ്ടു കൊണ്ട് നിൽക്കുകയും നിലാവിൽ അവരെ പൊതിഞ്ഞെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

"താരം വാൽക്കണ്ണാ‍ടി നോക്കി

നിലാവലിഞ്ഞ രാവിലേതോ

താരം വാൽക്കണ്ണാ‍ടി നോക്കി

നിലാവുചൂടി ദൂരെ ദൂരെ ഞാനും 

വാൽക്കണ്ണാ‍ടി നോക്കി"

കൈതപ്രം ദാമോദരന്റെ വരികൾക്ക് സംവിധായകൻ കൂടിയായ ഭരതൻ ആണ് സംഗീതം നൽകിയത്. കേളി എന്ന ചിത്രം അതിമനോഹരമായ ഒരു കവിത പോലെ തന്നെയായിരുന്നു. ഭരതന്റെ തന്നെ തൂലികയിൽ വരഞ്ഞു വീണ ഒരു കവിത. പ്രണയത്തിന്റെ നേർത്ത ഈരടികളും ഭാവാത്മകമായ താളങ്ങളും സംഗീതവും കഥയും കൊണ്ട് ഈടുറ്റ ഒരു കവിത. അതിലെ ഏറ്റവും മനോഹരമായ ഗാനം ഹിന്ദോളത്തിലാണ് ഭരതൻ ചിട്ടപ്പെടുത്തിയതും. ഒരുപക്ഷെ കേളി എന്ന ചിത്രം പ്രേക്ഷകർ മറന്നാലും ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ താരത്തിനെയും വാൽക്കണ്ണാടിയിൽ പ്രതിഫലിക്കുന്ന നിലാവും ആസ്വാദകർ മറക്കില്ല.