പി ഭാസ്കരന്റെ ഓണപ്പാട്ടുകൾ

അര നൂറ്റാണ്ടിലേറെ നീണ്ട തന്‍റെ ചലച്ചിത്രഗാന രചനാകാലത്ത് ഓണത്തെക്കുറിച്ച് അഞ്ചു പാട്ടുകളാണ് മലയാളിയുടെ പ്രിയ കവിയും ഗാനരചയിതാവുമായ പി ഭാസ്കരൻ രചിച്ചത്.

പി. ലീലയും സംഘവും ചേർന്നു പാടിയ ഹാ പൊൻ തിരുവോണം വരവായി (അമ്മ), കവിയൂര്‍ രേവമ്മ പാടിയ ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി (മുടിയനായ പുത്രൻ), എല്‍.ആര്‍. ഈശ്വരി പാടിയ അത്തം പത്തിന് പൊന്നോണം (പിഞ്ചുഹൃദയം), സുജാത മോഹനും  അമ്പിളിയും സംഘവും പാടിയ തുമ്പി തുമ്പി തുള്ളാൻ വായോ (അപരാധി), യേശുദാസ് പാടിയ കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ (ഇതു ഞങ്ങളുടെ കഥ) ഇവയാണ് ആ അഞ്ചു പാട്ടുകൾ.

ഹാ പൊൻ തിരുവോണം വരവായി ...

അമ്മ (1952) എന്ന സിനിമയിലെ ഹാ പൊൻ തിരുവോണം വരവായി … എന്ന ഗാനമാണ് സിനിമക്കായി പി ഭാസ്കരൻ രചിച്ച ആദ്യ ഓണപ്പാട്ട്. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഈ ഗാനം പി. ലീലയും സംഘവും ചേർന്നാണ് പാടിയത്. പി. ഭാസ്കരൻറെ രണ്ടാമത്തെ സിനിമയായിരുന്നു അമ്മ. ആറന്മുള പൊന്നമ്മ ജീവിതകാലം മുഴുവൻ അമ്മവേഷം ചെയ്യുന്നതിന്റെ തുടക്കം കുറിച്ച ചിത്രമാണിത്.

സുന്ദരിയായി വന്നണഞ്ഞ തിരുവോണ കാഴ്ചകളാണ് പാട്ടിൽ നിറയെ. പാടങ്ങളില്‍ ചാഞ്ചാടീടുന്ന ചെങ്കതിരുകൾ, പൂങ്കുട ചൂടിയ പൂക്കളങ്ങൾ, കതിരുകൊത്തി പറക്കുന്ന പൈങ്കിളികൾ, വിരിയുന്ന തൂമുല്ല മലരുകൾ ... വന്നെത്തുന്ന മാവേലി മന്നന്നു സ്വാഗതമോതാൻ ഗ്രാമദൃശ്യങ്ങൾകൊണ്ട് മാഷൊരുക്കുന്ന ഓണാക്കാഴ്ചകൾക്കു സ്വന്തം കയ്യൊപ്പുണ്ട്.

ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം

സുമസുന്ദരിയായി വന്നണഞ്ഞു പൊന്‍തിരുവോണം 

ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം

ഓണത്തുമ്പീ ഓണത്തുമ്പീ ...

കവിയൂര്‍ രേവമ്മ പാടിയ ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി ... (മുടിയനായ പുത്രൻ, 1961) എന്ന ഗാനം പി ഭാസ്കരൻറെ ശാലീനത തുളുമ്പുന്ന വരികളാലും ബാബുരാജിൻറെ ലാളിത്യമാർന്ന സംഗീതംകൊണ്ടും മികവുറ്റതായി.

തോപ്പിൽ ഭാസിയുടെ അതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മുടിയനായ പുത്രൻ.

ഓണത്തുമ്പി, മാഷിന് ഓടി നടക്കും വീണക്കമ്പിയാണ്. നീരാടാൻ പൂങ്കുളം, നൃത്തമാടാൻ പൂക്കളം, പൂ ചൂടാൻ പൂമരം, ആ വീണക്കമ്പിയിൽ പുതിയൊരു രാഗം മൂളാനാണ് കവിയുടെ അഭ്യർതഥന.

ഓണത്തുമ്പീ ഓണത്തുമ്പീ

ഓടി നടക്കും വീണക്കമ്പി 

ഓണത്തുമ്പീ ഓണത്തുമ്പീ

വിണ്ണിൽ ചന്ദ്രിക പൊന്തുംവരെ നോമ്പും തപസുമായി കണ്ണുമടച്ചു  കാത്തിരിക്കുന്ന ആമ്പൽപ്പൂവും വാർമഴവില്ലിൻ കാവടിയേന്തി കാവിയുടുത്ത് പഴനിയിൽ പോവാൻ വ്രതമെടുത്ത പച്ചമുരിക്കും... ആറ്റിൽ ആമ്പൽ വിരിഞ്ഞിട്ടില്ലെന്നും പച്ചമുരിക്കിൽ പൂവില്ലെന്നും മാഷ് പറയുമ്പോൾ അത് കാവ്യഭംഗിയുള്ള കല്പനകളാവുന്നു.

ആറ്റിന്നക്കരെയോടേണ്ടാ

ആമ്പൽപ്പൂവിനു നോമ്പാണ്‌

വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും

കണ്ണുമടച്ചു തപസ്സാണ്‌...

നാടകം സിനിമാ ആക്കുന്നതിൽ രാമു കാര്യാട്ട് സാങ്കേതികമായി വിജയിച്ച ചിത്രം 1961 ൽ പ്രസിഡന്റിന്റെ രജത കമലം നേടി. നായകൻ, വില്ലനായ മുതലാളി, തൊഴിലാളി നേതാവ്, മുതലാളിയുടെ ഗുണ്ട എന്നിങ്ങനെ മലയാള സിനിമയിൽ സ്ഥിരം കയറിപ്പറ്റിയ കഥാപാത്ര ഫോർമുലായുടെ രംഗപ്രവേശം ഈ ചിത്രത്തിലൂടെയാണ്.

ഒ. മാധവൻ നാടകത്തിൽ അഭിനയിച്ചു വിജയിപ്പിച്ച കഥാപാത്രം സത്യനാണ് സിനിമയിൽ അവതരിപ്പിച്ചത്. സത്യന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം. ആന്റിഹീറോ നായകനാവുന്ന  ആദ്യ മലയാള ചിത്രം. “കുറെ കുപ്പിവളച്ചില്ലുകളെ ഒരാൾ ഭയപ്പെടുകയോ” എന്ന് സത്യൻ പറയുന്ന ഡയലോഗ് അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു.

ഓ എൻ വി കുറുപ്പ് നാടകത്തിനുവേണ്ടി എഴുതി ദേവരാജൻ സംഗീതം നൽകിയ  അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട് ..., ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും ..., ചെപ്പുകിലുക്കണ ചങ്ങാതീ..., തുഞ്ചന്‍ പറമ്പിലെ തത്തേ ... പോലെ സിനിമയിലെ ഗാനങ്ങൾ അത്ര ജനപ്രിയമായില്ല.

അത്തം പത്തിന് പൊന്നോണം ...

അത്തം പത്തിന് പൊന്നോണം പുത്തരി കൊണ്ടാരു കല്ല്യാണം... (പിഞ്ചുഹൃദയം,1966) റേഡിയൊയില്‍ കേട്ട് കേട്ട് ഹിറ്റായ ഓണപ്പാട്ടാണ്. ദക്ഷിണാമൂര്ത്തി ഈണം പകർന്ന ഗാനം എല്‍.ആര്‍. ഈശ്വരിയാണ് പാടിയിരിക്കുന്നത്. ജയമാരുതി പ്രൊഡക്ഷനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച ചിത്രം എം കൃഷ്ണൻ നായരാണ്  സംവിധാനം ചെയ്തത്.

അത്തം മുതലാണ് പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ മലയാളിയുടെ മനസ്സിനും നിറം നല്‍കി തുടങ്ങുക. പത്തു നാള്‍ പൂക്കളുടെ ഉത്സവമാണ്.

അത്തം പത്തിനു പൊന്നോണം

പുത്തരി കൊയ്തൊരു കല്യാണം

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം

ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം ...

മൂളലോടെ തുള്ളുന്ന തുമ്പികൾക്ക് മീട്ടാൻ കമ്പിയിണക്കിയ തംബുരുവാകുന്ന താമരമലരുകൾ, ഓളങ്ങൾകൊണ്ട് താളം കൊട്ടി ഓടിവരുന്ന ചോലകൾ, ഓണക്കളിക്കു കിങ്ങിണി കെട്ടുന്ന കാനനമലരണിഞ്ഞ വള്ളിക്കുടിലുകൾ, സ്വര്ണ്ണവളയണിഞ്ഞ കൈകൾകൊണ്ട് മുദ്രകൾ കാട്ടുന്ന പൊന്നശോകം, മഴവില്ലിന്‍ ഊഞ്ഞാലിലാടുന്ന മധുമാസ സന്ധ്യകൾപോലെ ആടിപ്പാടുന്ന പെൺകൊടിമാർ... തിരുവോണം വന്നെത്തുന്ന കാലവഴിയിലെ കാഴ്ചകളും ശബ്ദങ്ങളുമാണ് ഈ പാട്ടിൽ നിറയെ ...

താമരമലരില്‍ തുള്ളും തുമ്പി

തംബുരു മീട്ടാന്‍ കമ്പിയിണക്കി

ഓടിയോടി വരുന്നൊരു ചോലകള്‍

ഓളക്കൈയ്യാല്‍ താളം കൊട്ടീ

താളം കൊട്ടീ ...

തുമ്പി തുമ്പി തുള്ളാൻ വായോ ...

പി ഭാസ്കരൻറെ വരികള്‍ക്കു  സലിൽ ചൗധരി ഈണം നൽകി സുജാത മോഹനും  അമ്പിളിയും സംഘവും പാടിയ ഓണപ്പാട്ട്. പി എന്‍ സുന്ദരം സംവിധാനം ചെയ്ത അപരാധി 1977 ഫെബ്രുവരി 10 ന് പുറത്തുവന്നു.

തുമ്പി തുമ്പി തുള്ളാൻ വായോ

തുമ്പി തുമ്പി തുള്ളാൻ വായോ 

ചെമ്പക പൂക്കൾ നുള്ളാൻ വായോ 

മുറ്റത്തെ മുല്ലയിൽ ഊഞ്ഞാലാടാൻ 

തത്തമ്മ പെണ്ണിൻ കൊഞ്ചൽ കേൾക്കാം ...

തുമ്പിതുള്ളൽ, പൂനുള്ളൽ, മുറ്റത്തെ മുല്ലയിലെ തുമ്പിയുടെ ഊഞ്ഞാലാട്ടം, തത്തമ്മ പെണ്ണിൻറെ കൊഞ്ചൽ,... കുട്ടിക്കാലത്തെ  ഓണാഘോഷങ്ങളിലും ഊഞ്ഞാലാട്ടത്തിലും പാട്ടിലും നൃത്തത്തിലുമൊക്കെ കുട്ടികൾക്കൊപ്പം ചേരാൻ തുമ്പിയെ ക്ഷണിക്കുന്ന പാട്ട്. 

കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ

കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ ... എന്ന ഓണപ്പാട്ട് 1982 ഓണക്കാലത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന പി ജി വിശ്വംഭരന്‍ ചിത്രത്തിൽ ഉള്ളതാണ്. ജോൺസൺ മാസ്റ്റർ സംഗീതം നൽകി യേശുദാസ് പാടിയ ഗാനം. ശാസ്താ പ്രൊഡക്ഷന്‍സിൻറെ ബാനറിൽ സുബ്രഹ്മണ്യം കുമാർ നിർമ്മിച്ച ഇതു ഞങ്ങളുടെ കഥ, പാലൈവനച്ചോലൈ എന്ന തമിഴ് ചിത്രത്തിന്റെ റീമെക്കായിരുന്നു.

ശാന്തികൃഷ്ണയോടൊപ്പം ശ്രീനാഥും മുകേഷും ജഗതിയും സന്തോഷും മണിയന്‍പിള്ള രാജുവുമെല്ലാം ആടിപ്പാടുന്ന ഓണപ്പാട്ടിങ്ങനെയാണ്. 

കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ, 

കുമ്മിയടിക്കുവിന്‍ നാട്ടുകാരേ , 

പൊന്നിന്‍ തിരുവോണം വന്നതറിഞ്ഞില്ലേ, 

കുമ്പിട്ടും പൊന്തിയും കുമ്മിയടി...

മാവേലിക്കും മാതേവനും മലയാളക്കരയാകെ വർണ്ണപ്പൂക്കളം. മണ്ണിലും വിണ്ണിലും മണിപ്പൂക്കളം, പൂത്തുമ്പിയെ തുള്ളിക്കാന്‍ പൂവേ പൊലി പൂവേ...

മാവേലിക്കും പൂക്കളം...

മാതേവനും പൂക്കളം ...

മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം

ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ ...

ഇനി ഓണ ഒരുക്കങ്ങൾ... കാലത്തേ നീരാടി, ഓണക്കോടി ചുറ്റി, കല്യാണദീപങ്ങള്‍ കൊളുത്തി വെച്ച് വേണം പൊന്നോണം കൊള്ളേണ്ടതും നൈവേദ്യമുണ്ണേണ്ടതും തൃക്കാക്കരയപ്പനെ വരവേൽക്കേണ്ടതും....

കാലത്തേ നീരാടി

പൊന്നോണക്കോടി ചുറ്റി

കല്യാണദീപങ്ങള്‍ കൊളുത്തിവച്ച്

പൊന്നോണം കൊള്ളണം നൈവേദ്യമുണ്ണണം

തൃക്കാക്കരയപ്പനെ വരവേല്‌ക്കണം ...

എല്ലാര്‍ക്കും ഉല്ലാസമാണ്. എങ്ങെങ്ങും സംഗീത നൃത്തോത്സവമാണ്. പൊട്ടിപ്പൊട്ടി ചിരിക്കുകയും താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കുകയും വേണം...

എല്ലാർക്കും പൊന്നോണം

എല്ലാർക്കും ഉല്ലാസം

എങ്ങെങ്ങും സംഗീതനൃത്തോത്സവം

പൊട്ടിപ്പൊട്ടിച്ചിരിക്കണം

താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കണം

കളിക്കണം കൂട്ടുകാരേ...

ഓണപ്പാട്ടിലല്ലാതെതന്നെ ഓണവും തുമ്പയും ചിങ്ങവും മാഷിന്റെ പാട്ടിൽ അറിയാതെ കടന്നുവരും. മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ചുവെച്ച് നീരാടുന്ന ദൃശ്യം വരച്ച ഭാസ്കരന്‍ മാഷുതന്നെയാണ് നാലഞ്ച് തുമ്പകൊണ്ട് മാനത്താഘോഷിക്കുന്ന പൊന്നോണത്തെക്കുറിച്ചു പാടിയതും. എള്ളെണ്ണ മണമുള്ള മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരനെ കാത്തിരിക്കുന്ന കാമുകിക്കൊപ്പം താന്നിയൂരമ്പലത്തിൽ വരുന്ന കഴകക്കാരനെപോലെ വർഷത്തിൽ ഒരിക്കൽമാത്രം ഓണവുമായെത്തുന്ന ചിങ്ങമാസവും ആ പാട്ടിൽ ഉണ്ട്.

മലയാളിയുടെ  കണ്ണീരും കിനാവുകളും കൊണ്ട് ഭാസ്കരൻ മാഷിന്റെ പാട്ടുകൾ കാല്പനികതയുടെ സ്വപ്നങ്ങൾ വിരിയിക്കുകയും മാനവികതയുടെ ഊർജ്ജം പകരുകയും ചെയ്തു. അദ്ദേഹത്തിൻറെ ഓണപ്പാട്ടുകളും ഓണത്തിന്‍റെ നിറത്തിലും മണത്തിലും കളികളിലും സമത്വസന്ദേശത്തിലും മുക്കിയെടുത്തവയാണ്. മാഷിന്റെ ഗാനതനിമയുടെ ലാളിത്യവും ലാവണ്യവും ഈ ഓണപ്പാട്ടുകൾക്കുമുണ്ട്.