കരച്ചിലുകളാണ് എവിടെയും.... പ്രിയമുള്ളവർ കണ്ണുനീർ വാർക്കുന്നതു കാണുന്നത് അത്ര സുഖമുള്ള കാര്യമേയല്ല. പലപ്പോഴും തോന്നും അടുത്തു ചെന്ന് കവിളിലൂടെ ഒഴുകുന്ന നീർച്ചാലുകൾ തുടച്ചു കളയാനും വിങ്ങിപ്പൊട്ടുന്ന ഹൃദയത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച് സങ്കടങ്ങളെ തുടച്ചൊതുക്കാനും. എന്തു ചെയ്യാം, മഴ പോലെ പെയ്യുന്ന ഹൃദയം അവിടെ ഒരു സ്‌ക്രീനിന്റെ മറുപുറത്ത് എവിടെയോ ആയിപ്പോയി... പുരുഷന്മാരുടെ കരച്ചിലുകൾ പലപ്പോഴും അത്ര എളുപ്പമല്ല കണ്ടു നിൽക്കാൻ... എന്നിരിക്കുമ്പോഴും അസഹനീയമായ മുറിവുകൾ ചോര വാർന്നൊഴുകുമ്പോൾ ഒന്നു കണ്ണീർ തൂവാതെ എങ്ങനെ... അഭ്രപാളികളിൽ അങ്ങനെ കരച്ചിലുകൾ കൊണ്ട് കാഴ്ചയിലും സങ്കടം തോന്നിപ്പിച്ചവരിൽ ഒരാൾ പ്രിയപ്പെട്ട മോഹൻലാൽ അല്ലാതെ വേറെ ആരാകാൻ! ആരാധകരുടെ ലാലേട്ടൻ, അദ്ദേഹത്തിന്റെ കരച്ചിലുകളിലേക്കു മടങ്ങുന്നു....
കണ്ണുനീരുകൾ കൊണ്ടാണ് കളിത്തോണികൾ ഉണ്ടാക്കുന്നത്, പാടവരമ്പത്തൂടെ ദൂരേക്കു നടന്നകലുമ്പോൾ അയാൾക്കു പിന്നിൽ നിരാസത്തിന്റെ പ്രണയ നിശ്വാസങ്ങളുണ്ടായിരുന്നു. പിന്തിരിഞ്ഞു പോകേണ്ടി വന്നപ്പോൾ പോലും അവൾ ഒന്നു തിരികെ വിളിച്ചില്ലല്ലോ എന്ന് പിന്നീടെന്നും സേതു ഉള്ളിൽ ഓർത്തിരുന്നിരിക്കും, ഉറപ്പാണ്, കാരണം കുറച്ചു വർഷങ്ങളൊന്നുമല്ലായിരുന്നല്ലോ അവരുടെ പ്രണയം പൂത്തിട്ടും തളിർത്തിട്ടും...
"കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴംപാട്ടില്‍ മുങ്ങീ..
മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പിയെങ്ങോ മറഞ്ഞു.. എന്തേ..
പുള്ളോര്‍ കുടം പോലെ തേങ്ങി.."
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ജോൺസൺ മാഷ് സംഗീതം നൽകിയപ്പോൾ അവിടെ വീണ്ടും കണ്ണീരു കൊണ്ട് തോരാ മഴ പെയ്യുന്നു. എം. ജി. ശ്രീകുമാറിന്റെ ശബ്ദം ലാലിനോളം ചേരുന്ന വേറെ നടന്മാർ ഇല്ലെന്നു തോന്നിപ്പിക്കുന്ന പോലെ ശബ്ദവും ഭാവങ്ങളും അത്രമേൽ ലയിച്ച് പോയിരിക്കുന്നു. കദനങ്ങളിൽ ഒരു തുണ പോലുമില്ലാതെ എവിടേക്കോ മറയുന്ന സേതുവിനെ നോക്കി നിൽക്കുമ്പോൾ അവൾക്കുള്ളിൽ ഒരു കടൽ അലയടിക്കുന്നുണ്ടായിരിക്കില്ലേ? ഇത്രത്തോളം സ്നേഹമുള്ള ആരും ഇനി ഒരുപക്ഷേ ജീവിതത്തിലേക്കു വന്നെന്നിരിക്കില്ല, എങ്കിലും പിൻവലിയാനാകാത്ത കെട്ടുപാടുകൾ കാലുകളിൽ മുറുകുന്നു. അതിനു ബന്ധങ്ങൾ എന്നാണു പേര്... ഏറ്റവും പ്രിയപ്പെട്ടവൻ ഉപേക്ഷിച്ചു പോയിട്ടും കെട്ടുപാടുകൾ പറിച്ചെറിയാൻ വയ്യ... അവൻ അങ്ങകലേക്കു മറയുന്നതുവരെ നോക്കി നിൽക്കാനാകാതെ അവൾ പിന്തിരിഞ്ഞു നടന്നു...
എത്രത്തോളമാകാം പ്രിയപ്പെട്ട ഒരാളോടുള്ള സ്നേഹം? ചിലപ്പോഴത് സമ്പത്തോ ബന്ധങ്ങളോ ഒക്കെ നോക്കിയും ആകും അല്ലെ? വേണുവും അങ്ങനെയായിരുന്നു. അസുഖക്കാരിയാണെന്നറിഞ്ഞിട്ടും സരോജം എന്ന പിടിവാശിക്കാരിയായ പെണ്ണിനെ കയ്യേൽക്കാൻ അയാൾക്ക് തോന്നിയത് ജീവിതം സ്ട്രിങ് പൊട്ടിയ വയലിൻ പോലെ ആയതുകൊണ്ടു മാത്രമാണ്, പക്ഷേ എപ്പോഴൊക്കെയോ സരോജം അയാളുടെ ആരൊക്കെയോ ആയി മാറിത്തുടങ്ങി. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളുടെ കുറുമ്പുകൾ അയാളുടെ ഇടനെഞ്ചിൽ കലമ്പലുകൾ ഉയർത്തിത്തുടങ്ങി.
"കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ..."
ചിലപ്പോൾ ചിലർക്ക് മറ്റു ചിലരുടെ മുന്നിൽ കളിപ്പാട്ടമായി നിൽക്കേണ്ടി വരാറില്ല? സരോജത്തിന് മുന്നിൽ വേണുവും അങ്ങനെ തന്നെയായിരുന്നു. എപ്പോഴും അവളെ ചിരിപ്പിക്കാനുള്ള അയാളുടെ ശ്രമത്തിനിടയിൽ ഇടയ്ക്കൊക്കെ കരച്ചിലുകൾ അയാളുടെ ഉള്ളു നിറഞ്ഞൊഴുകി. അയാളറിയാതെ അത് പുറത്തേക്കൊഴുകി അവളെയും നനച്ചു. വേണുവിന്റെ സ്നേഹത്തിനു മുന്നിൽ പതറിപ്പോയ സരോജത്തിന് മരണത്തിന്റെ തൊട്ടു മുൻപ് എന്താവും തോന്നിയിട്ടുണ്ടാവുക! വേണുവിനെ ഒരിക്കലും ഇങ്ങനെയൊരു ദുരന്തത്തിലേക്ക് തള്ളിയിടരുതായിരുന്നു എന്നോ, അതോ, കൂടെയുണ്ടായിരുന്ന നിമിഷങ്ങളിൽ കൊടുക്കാൻ കഴിഞ്ഞ സന്തോഷങ്ങളെക്കുറിച്ചോ...
എന്തുതന്നെ ആയിരുന്നാലും സരോജം വേണുവിന് ഒരു വെറും വയലിൻ ആയിരുന്നില്ല, എപ്പോഴും സുന്ദര പ്രണയനാദങ്ങൾ പുറത്തു വന്നുകൊണ്ടിരുന്ന മനോഹരമായ ഒരു വയലിൻ സ്ട്രിങ് ആയിരുന്നു, ഒരിക്കലും പൊട്ടാതെ അയാൾ കൊണ്ടുനടന്ന അയാളുടെ പ്രിയപ്പെട്ട വയലിന്റെ സ്ട്രിങ്... എപ്പോഴോ അയാളുടെ കയ്യിൽ നിന്നല്ലാതെ സ്വയം വലിഞ്ഞു പൊട്ടിയ പ്രണയത്തിന്റെ തന്ത്രി..
"മലര്‍നിലാവിന്‍ പൈതലേ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ
മനപ്പന്തലില്‍ മഞ്ചലില്‍ മൗനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ"
കളിപ്പാട്ടം എന്ന ചിത്രത്തിനു വേണ്ടി കോന്നിയൂർ ഭാസ് എഴുതിയ വരികൾക്ക് രവീന്ദ്രൻ മാഷാണ് സംഗീതം നൽകിയത്. യേശുദാസിന്റെ ശബ്ദം മറ്റൊരു കരച്ചിൽ പോലെ ഇപ്പോഴും ഹൃദയത്തിൽനിന്ന് ഉയർന്നു കേൾക്കുന്നു.
ദേവന്റെയും അസുരന്റെയും ജന്മം ഒരുമിച്ചെടുത്തവനാണ് നീലകണ്ഠൻ. മംഗലശ്ശേരി തറവാട്ടിൽ അമ്മയിൽനിന്ന് അകന്നു കഴിയുന്നവൻ. ഒറ്റപ്പെടലിലേക്കു സ്വയം നടന്നു കയറിയവൻ. ദുർമാർഗ്ഗികളുടെ പേരിൽ അറിയപ്പെടാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളും എന്ത് മഹാപാപം ചെയ്തിട്ടാണ് മംഗലശ്ശേരി നീലകണ്ഠന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയത്! ധിക്കാരിയായിരുന്നു അയാൾ. ധാർഷ്ട്യമായിരുന്നു എപ്പോഴും മുഖത്ത്...
നീലകണ്ഠനെ മംഗലശ്ശേരി നീലകണ്ഠൻ ആക്കിയ തറവാട്. പേരിനോട് ഒട്ടിയിരിക്കുന്ന ആ അഭിമാനം പോലും ഔദാര്യമാണെന്നു തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.... ഏതൊരു തെമ്മാടിയുടെയും ഹൃദയം തകർന്നു തരിപ്പണമായിപ്പോകുന്ന നിമിഷം. ഉള്ളിൽ ഒരു കടൽ ഉറക്കെ അലറുന്നു, ഒരു പെരുമഴ പെയ്യുന്നു.. ആരും കാണാതെ അയാളത് എത്ര കാലമാണ് പേറി നടന്നത്...
"സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..."
നിന്റെ കരച്ചിലുകളെന്റെ ചങ്ക് തകർക്കുന്നുവല്ലോ... ഒരിക്കലും നിന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ നീ കരഞ്ഞതേയില്ല, പക്ഷേ ഉള്ളിൽ ഉറക്കെയുറക്കെയുള്ള നിലവിളികൾ... അത് ഞാൻ മാത്രമേ കേട്ടുള്ളോ? അല്ല, പലരും കേട്ടു... പക്ഷേ അവരൊക്കെയും കാരണമറിയാതെ നിന്നിൽ പിന്നെയുമെന്തൊക്കെയോ തിരഞ്ഞു കൊണ്ടേയിരുന്നു. നൽകാനൊന്നുമില്ലാതെ ശൂന്യനായി നീ നിൽകുമ്പോൾ ഉടഞ്ഞു പോയത് എന്റെ നെഞ്ചായിരുന്നുവല്ലോ...
"നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം.."
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണന്റെ സംഗീതം. പാടിയത് എം.ജി. ശ്രീകുമാർ.
"നിലാവേ മായുമോ കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്.. തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമയെല്ലാം..ഒരു മഞ്ഞുതുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്..."
ഇപ്പോഴും കേൾക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലുണ്ട്, ഭാരം നിറഞ്ഞ ഹൃദയത്തെ താങ്ങി നിർത്താൻ ആകാത്തതു പോലെ തോന്നും. ഒരുനാൾ സ്വന്തമായിരുന്നവൾ ഒന്നും പറയാതെ പോയ അന്നു മുതൽ കാരണമറിയാതെ അവളെ വെറുക്കാൻ ശ്രമിച്ചിരുന്നു ബോബി. അവൾ, നീന, വീണ്ടും വർഷങ്ങൾക്കിപ്പുറം തിരികെയെത്തിയപ്പോൾ അയാൾ അമ്പരന്നു. പക്ഷേ ജീവിതം തകർക്കാനായി അവൾ തിരികെയെത്തിയപ്പോഴും ഉള്ളിന്റെയുള്ളിൽ അവളെ വെറുക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നോ! അവളാണ് തെറ്റുകാരി എന്നറിഞ്ഞ നിമിഷം... പിന്നെ അവൾ ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെന്ന് അറിഞ്ഞ നിമിഷം ബോബിയുടെ ഹൃദയത്തിൽനിന്ന് ഒരു വണ്ട് മൂളിപ്പറന്നു പോയി... പിന്നെ അവൾക്കു വേണ്ടി അവൾക്കേറെ ഇഷ്ടമുള്ള അപ്പൂപ്പൻ ടേപ് റിക്കോർഡറിൽ അയാൾ വീണ്ടും പാടി, ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ,
"മുറ്റം നിറയെ.. മിന്നിപടരും.. മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചിക്കളിയാടി നമ്മൾ..
നിറം പകർന്നാടും..നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലേ.."
എസ്. പി. വെങ്കിടേഷിന്റെ സംഗീതത്തിന് വല്ലാത്ത ആർദ്രതയുണ്ട്, ഒപ്പം ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും എം.ജി. ശ്രീകുമാറിന്റെ സ്വരവും കൂടിയാകുമ്പോൾ ബോബിയുടെ കരച്ചിലുകൾ കാണുന്നവരുടേതുമാകുന്നു. അവന്റെ കൈകളിലേക്ക് പിടഞ്ഞു വീഴുന്ന നീനയുടെ ശ്വാസത്തിലേക്കു ആശങ്കകളോടെ നോക്കിപ്പോകുന്നു... അതൊരിക്കലും അവസാനിക്കരുതേ എന്ന് ആരോടൊക്കെയോ യാചിച്ച് പോകുന്നു...
ഉള്ളിൽ കരഞ്ഞു കൊണ്ട് ഉറക്കെ പാട്ടു പാടാൻ ആർക്കു കഴിയും? സ്വന്തം ഏട്ടന്റെ ആരും തിരിച്ചറിയാത്ത ശവശരീരം ആരുമറിയാതെ മറവു ചെയ്തതിന്റെ വ്യഥ... മറ്റൊരിടത്ത് സന്തോഷത്തിന്റെ വെള്ള മറകൾ... ഒപ്പം ഉള്ളിൽ കരഞ്ഞു കൊണ്ട് പ്രിയപ്പെട്ടവൾ.. അവൾക്ക് മാത്രമേ അറിയൂ ഉള്ളിൽ ആർത്തലച്ച് കരയുന്ന അവനിലെ പാട്ടുകാരനെ...
"രാമകഥാ ഗാനാലയം മംഗലമെൻ തംബുരുവിൽ
പകരുക സാഗരമേ... ശ്രുതിലയ സാഗരമേ..."
രാമായണത്തിലെ ഭരതന്റെ സങ്കടങ്ങളാണ് "ഭരതം" എന്ന ചിത്രം പറഞ്ഞതും. സഹോദരന്റെ സ്നേഹവും അസൂയയും പകയായതും സ്വന്തം ഈഗോ നിയന്ത്രിക്കാനാകാതെ അയാൾ ആത്മഹത്യ ചെയ്തതുമൊന്നും അനുജന്റെ തെറ്റായിരുന്നില്ലല്ലോ. ഏട്ടന്റെ സ്വരമിടറിയപ്പോൾ അപശ്രുതിയാകാതെ സ്വരം പാടി മുഴുമിച്ച അനുജന് സ്വന്തം ജീവൻ നൽകി പകരം വീട്ടിയ ഏട്ടന്റെ പാപം ഉമിത്തീ പോലെ അനുജനെ നീറ്റിക്കൊണ്ടിരുന്നു. സന്തോഷം നിറഞ്ഞു തുളുമ്പുന്ന വേദിയിലും അതേ ഉമിത്തീയിൽ ഇരുന്നുകൊണ്ട് അയാൾ പാടി...
ഉരുണ്ടു കൂടി അടർന്നു വീണ വിയർപ്പു മണികൾ അയാളുടെ ദുഃഖത്തെ തെല്ലും കെടുത്തിയില്ല... വീണ്ടും വീണ്ടും കരച്ചിലുകളിലേക്ക് അയാൾ വീണു പൊയ്ക്കൊണ്ടേയിരുന്നു.
സംഗീത സാന്ദ്രമായ ചിത്രമായിരുന്നു സിബിമലയിൽ -ലോഹിത ദാസ് ടീമിന്റെ "ഭരതം". കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ അഴകുണരുന്നു. കർണാടക സംഗീതത്തിന്റെ സ്വഭാവമുള്ള പാട്ടുകളുടെ ഭംഗിയാണ് സിനിമയിൽ കൂടുതലും. ഉള്ളിലെ അഗ്നിയെ കെടുത്താനായി അയാൾ പാടുന്നതും അതുപോലെ ഒരു ഗാനമാണ്, വരികളിലൊന്നും സങ്കടം കൊളുത്താതെ ഉള്ളിൽ എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സംഗീതവും... എങ്കിലും അയാളുടെ ആരും കാണാത്ത കരച്ചിൽ അറിയുമ്പോൾ അഗ്നിക്കുള്ളിലൂടെ നടന്നു പോയി വെറുതെ നെഞ്ചിൽ ചാരാനും ഒരു സ്പർശം കൊണ്ട് കരച്ചിലുകൾ ആശ്വസിപ്പിച്ചൊടുക്കാനും തോന്നിപ്പോകും...