ഒന്നു കാണുമ്പോൾത്തന്നെ ചില മുഖങ്ങളിൽ, കണ്ണുകളിൽ, ചിരികളിൽ ഒക്കെ ഉടക്കിപ്പോകും. പിന്നെ കണ്ണുകൾ തിരികെയെടുക്കാതെ അവരിൽത്തന്നെ ഒട്ടിച്ചേർന്നങ്ങു നിൽക്കാനും തോന്നും; വിവേകിനു പാർവതിയോടു തോന്നിയതു പോലെ. ജീവിതം കുറച്ചു കൂടി ‘കോംപ്ലിക്കേറ്റഡ്’ ആയ കാലത്തിനും എത്രയോ മുൻപു തമ്മിൽക്കണ്ടതുകൊണ്ട് ജൈവികമായ പിന്നാമ്പുറങ്ങളോ പണമോ മതമോ ഒന്നും അവരുടെ സ്നേഹത്തെ സ്വാധീനിച്ചതേയില്ല. ഒരുപക്ഷേ വീട്ടുകാരെ പോലും പിന്നിലേക്കൊതുക്കി സ്നേഹം ജയിക്കേണ്ടുന്ന അവസ്ഥയിലും അവർ പരസ്പരം കളഞ്ഞു പോയതു പോലും ഉള്ളിൽ അത്ര ആഴത്തിൽ കൊരുത്തെടുത്ത പ്രണയം മൂലമായിരുന്നില്ലേ!
1990 ൽ ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുമ്പോൾ ‘ക്ഷണക്കത്ത്’ എന്ന ചിത്രം അതിലെ പാട്ടുകളുെട പേരിൽ അടുത്ത ഇരുപത്തിയേഴ് വർഷം കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടുമെന്ന് ആരും ഓർത്തിരിക്കില്ല. അതിനു വരികളെഴുതുമ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയും അത് ഓർത്തിരിക്കില്ല! തീർത്തും പുതുമുഖങ്ങളായ നായകനും നായികയും, പുതിയ സംഗീത സംവിധായകൻ, സാധാരണഗതിയിൽ പൊളിഞ്ഞു പാളീസാകേണ്ട അവസ്ഥ. പെൺകുട്ടികളുടെ മനസ്സിൽ പൂച്ചക്കണ്ണുള്ള വിവേക് എന്ന നിയാസ് സ്ഥാനം പിടിച്ചപ്പോൾ ആൺകുട്ടികളുടെ സ്വപ്ന സുന്ദരിയായി പാർവതി എന്ന ആതിര മാറി. പാട്ടുകളും ഹിറ്റായി
"താംതകതകിട ധീംതകതകിട തോം
പൊന്‍പദമിളകി വിണ്‍തിര കുളിരവേ
താംതകതകിട ധീംതകതകിട തോം
ചെന്തളിരിളകി മര്‍മ്മരമുതിരവേ
ആലോലം നിറമാടും പൂമാനം
കളിപ്പന്തുമായ് മനം പാടുന്നു"
ആദ്യ തവണ കണ്ടപ്പോൾത്തന്നെ, എവിടെ വച്ചോ കണ്ടു മറന്നതെന്ന പോലെ തോന്നുന്ന മുഖങ്ങളായിരുന്നു അവരുടേത്. ജന്മാന്തരങ്ങളിൽ വച്ചെവിടെയോ കണ്ടു മറന്നതുപോലെ.
അവരുടെ പ്രണയം തളിരെടുക്കുന്നതും ഏറ്റവും മനോഹരമായ ഒരു ഗാനത്തിലൂടെയാണ്.
‘സല്ലാപം കവിതയായ്
അലഞൊറികളോരോരോ കഥകളായ്
കഥയിലവൾ മാലാഖയായ്
നിലാപ്പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധിതൻ കൈവല്യമായ് രാഗമായ്...’
ഹംസധ്വനി രാഗത്തിൽ സല്ലാപമായി ഒരു കവിതയിലെ വരികൾപോലെ അവൾ ഇറങ്ങിവന്നപ്പോൾ അവൻ അക്ഷരാർഥത്തിൽ ആനന്ദം കൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഊട്ടിയിലെ ഏകാന്തതകളിൽനിന്നു നാട്ടിലെ പച്ചപ്പിലേക്കും പ്രിയമുള്ള മുഖങ്ങളിലേക്കും വന്നപ്പോൾ അവളുടെ കണ്ണുകളിൽ ആദ്യം ഉടക്കിയതും വിവേകിന്റെ പൂച്ചക്കണ്ണുകളായിരുന്നുവല്ലോ. പിന്നെ ആ കണ്ണുകൾ ഇടയ്ക്കിടെ അവളെ നെഞ്ചിൽ ഒരു നോവ് കൊടുത്തു ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. അവൻ പോലുമറിയാതെ അവൾ അവനെ കണ്ടു കൊണ്ടേയിരുന്നു. ഒടുവിൽ ആ സ്നേഹം തുറന്നു പറയുമ്പോൾ അവനു തോന്നി, താൻ ലോകത്തിലെ ഏറ്റവും ഉയർന്ന മലയുടെ മുകളിലാണ്! അവിടെനിന്നു ഭാരമില്ലാതെ താഴേക്കു പറക്കുകയാണ്. ജീവിതവും പ്രണയവും എത്ര മനോഹരമാണ്... അതും അത് ആദ്യ പ്രണയത്തിന്റെ സുഖകരമായ ആനന്ദമാകുമ്പോൾ!
സുജിത് വാസുദേവൻ എന്നു കേൾക്കുമ്പോൾ ഒരു അപരിചിതത്വം തോന്നും. എന്നാൽ ശരത്ത് എന്നാണെങ്കിലോ? സംഗീത സംവിധായകൻ ശരത്തിന്റെ പേര് യഥാർഥത്തിൽ സുജിത് വാസുദേവൻ എന്നാണ്. ആദ്യ സിനിമ ക്ഷണക്കത്തും. ഇരുപത്തൊന്നാമത്തെ വയസ്സിൽ ക്ഷണക്കത്തിലെ അതിമനോഹരമായ ഗാനങ്ങൾക്ക് ഈണമിടുമ്പോൾ എത്രയോ വർഷങ്ങൾ അതിലെ ഗാനങ്ങൾ മലയാളികൾ മൂളി നടക്കണമെന്നത് നിയോഗമാകാം. ക്ഷണക്കത്തിലെ ഏറ്റവും മികച്ച ശരത്ത് ഗാനമായി അടയാളപ്പെടുത്തുന്നത് ഈ ഗാനമാണ്...
‘ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗനരാഗമണിയും താരിളം തെന്നലേ
പൊന്‍പരാഗമിളകും വാരിളം പൂക്കളെ...’
വൃന്ദാവന സാരംഗയിൽ ഈ ഗാനം ചെയ്യുമ്പോൾ അത് ശരത്തിന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായി. പക്ഷേ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കിപ്പുറം നിന്നു നോക്കുമ്പോൾ എണ്ണമറ്റ എത്രയോ ഗാനങ്ങൾ ശരത്ത് മലയാളിക്കു മൂളാനായി നൽകിയിട്ടുണ്ടെങ്കിലും മലയാള സിനിമ ശരത്തിലെ സംഗീത സംവിധായകനെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് വേദനയോടു കൂടി ഓർക്കേണ്ടി വരും!
‘അങ്ങു ദൂരെ, വളരെ ദൂരെ നിങ്ങളുടെ വരവും കാത്തിരിക്കുന്ന നക്ഷത്രങ്ങളുണ്ട്. പുഷ്പങ്ങളുണ്ട്.’, ആകാശത്തിലെ ദീപങ്ങൾ എന്നും ഉണരുന്ന ആ ഇടത്തിൽ നിന്ന് എത്ര അകലെയാണ് യാഥാർഥ്യം! പ്രണയത്തിന്റെ ഇടയിലെവിടെയോ കല്ലുമഴ പെയ്തു. പണവും കുടുംബവും ഒക്കെയും മുന്നിൽ ചിറ കെട്ടുമ്പോഴും അതിനെയൊക്കെ തച്ചു തകർക്കാനുള്ള ശക്തിയുണ്ടായിരുന്നു അത്രയൊന്നും പ്രായമില്ലെങ്കിലും വിവേകിന്റെയും പാർവതിയുടെയും പ്രണയത്തിന്.
‘ആ... രാഗം മധുമയമാം രാഗം
ആ... നാദം അനുപമലയകര നാദം
ലാളനമായ് നിരാമയമാം പരാഗണമായ് ...’
ഒരു ആത്മഹത്യയുടെ നെടുവീർപ്പുകൾ അലയുന്നു. അതിന്റെ വേനൽച്ചിറകിൽ അവൾ തനിയെ ഒരുപക്ഷേ അങ്ങു യാത്ര പോയേനെ, പക്ഷേ ഒറ്റയ്ക്ക് അവൾക്ക് എവിടെവരെ ചെന്നെത്താനാകും! അതുകൊണ്ടു തന്നെയാകണം, അവളെ ഒറ്റയ്ക്കു കാലം കൈവിടാഞ്ഞതും. പാർവതിയുടെ പുനർജന്മം അതുകൊണ്ടു തന്നെ വിവേകും കൂട്ടുകാർക്കും ആഘോഷമാകാതെ തരമില്ലല്ലോ!
അതുകൊണ്ട് അവർ ഒന്നിച്ച്, ഉറക്കെ പാടി,
"പൊന്‍ ചിലമ്പൊലികളാര്‍ന്ന മന്മഥ വിനോദ താളം
മന്ദ മാരുതകരങ്ങള്‍ ചേര്‍ന്ന മതിമോഹജതിയായ്..."
വിവേകിന്റെ പ്രിയപ്പെട്ടവൾ, പമ്മു യാത്രയാവുകയാണ്... അവനെ വിട്ടു ദൂരത്തേക്കെവിടെയോ, അവളുടെ നിർബന്ധബുദ്ധിയായ അമ്മയുടെ കാർക്കശ്യങ്ങളിൽ മറുവാക്ക് പറയാനാകാതെ അവൾ മെല്ലെ മെല്ലെ മഞ്ഞു പോലെ അവനിൽനിന്നു മാഞ്ഞുപോയി. തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും അവർ കുറിച്ച വാക്കുകളത്രയും പരസ്പരം കാണാതെ തകരപ്പെട്ടിയുടെ പാഴ്‍ഗന്ധമായി പരിണമിക്കപ്പെട്ടു.
‘മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിനീണമേ
ദീപാംഗുരങ്ങള്‍തന്‍ സ്നേഹാര്‍ദ്രനൊമ്പരം
കാണാന്‍ മറന്നുപോയോ?’
എന്തുകൊണ്ടാവും പ്രണയത്തിന്റെ ദീപങ്ങൾ കാണാൻ പലരും മറക്കുന്നത്? സ്നേഹം ജീവിതത്തിൽ അത്യാവശ്യമില്ലെന്നു കരുതിയിട്ടാകുമോ? സ്നേഹം കൊണ്ടല്ലാതെ ലോകത്തെ കീഴ്പ്പെടുത്താൻ ആകില്ലെന്ന ചിന്ത അവർക്ക് എങ്ങനെ പകർന്നു കൊടുക്കണമെന്നാണ്! പാർവതിയുടെ അച്ഛൻ വിവേകിനോടു പറയുംപോലെ, കുറച്ചുനാൾ കാണാതിരുന്നാൽ ഇല്ലാതായിപ്പോകുന്ന ഒന്നായിരിക്കുമോ അവരുടെ പ്രണയം? എല്ലാവർക്കും ആ സംശയമുണ്ടായിരുന്നുവെങ്കിലും അവർക്കിരുവർക്കും ആ സംശയം അശേഷമുണ്ടായിരുന്നില്ലല്ലോ.
‘വിവേക്, ഈ മരുഭൂമിയിൽ ആയിരിക്കുമ്പോഴും സത്യത്തിൽ ഞാൻ ബോട്ട്ഹൗസിലാണ്. എന്റെയൊപ്പം ഇപ്പോഴും വിവേകുണ്ട്. പിണങ്ങിയും ഇണങ്ങിയും പിന്നെയും പിണങ്ങിയും പിന്നെയും ഇണങ്ങിയും ഒരിക്കലും വിട്ടു പിരിയാതെ....’ അവൾ അവനെഴുതി... ഒടുവിൽ അവനിലേക്കു നീട്ടപ്പെട്ട കത്തിന്റെ വരികൾ അവൻ കാണാതെ പഠിച്ചിരുന്നു.
അവന്റെ മടിയിൽ തല ചായ്ച്ച് അവനെ കാത്തിരിക്കുന്ന നക്ഷത്രങ്ങളിലൊന്നായി അലിഞ്ഞു തീരാൻ വെമ്പി അവരുടെ പ്രിയപ്പെട്ട ബോട്ടിനുള്ളിൽ അവളുറങ്ങാൻ തുടങ്ങുമ്പോൾ അവൻ അകലങ്ങളിലേക്ക് ബോട്ട് ആഞ്ഞു തുഴയാൻ തുടങ്ങി. ആരും കണ്ടെത്താത്ത ഭൂമിയുടെ മറ്റേ അതിരിലേക്ക്... കണ്ടെത്തിയാൽപ്പോലും ഇരുവരെയും പിരിക്കാൻ കഴിയാത്ത മറ്റൊരു ഇടത്തേക്ക്...
അവിടെനിന്ന് ഏതോ ഒരു ബിന്ദുവിലേക്കു പരസ്പരം ചാഞ്ഞ് അവർ നക്ഷത്രങ്ങളും സംഗീതവുമായി മാറി. അവർ പരസ്പരം പ്രണയം കുറിച്ച കടലാസുകൾ പുഴയിലെ ഒഴുക്കിൽപെട്ട് കാലത്തിനു പോലും വിസ്മൃതമാക്കപ്പെട്ടു അവരെ അറിയാത്ത ഏതൊക്കെയോ ഇടത്തേക്ക് ഒഴുകി മറഞ്ഞു. ദുരന്ത പര്യവസായിയായിട്ടും, ആ ചിത്രം കണ്ട മനസ്സുകൾ പിന്നെയും പിന്നെയും ക്ഷണക്കത്ത് ഓർത്തിരുന്നു. നോവു കോറിയിട്ട വിവേകിന്റെയും പമ്മുവിന്റെയും പ്രണയം ഒരിക്കലുമൊടുങ്ങാതെ നക്ഷത്രങ്ങളായി ഭൂമിയിലെ പ്രണയികളുടെ മുകളിൽ ഇപ്പോഴും പ്രഭ ചൊരിയുന്നുണ്ടാകും, തീർച്ച!