ദാമ്പത്യം ഒരു മഹാകാവ്യമാകുമ്പോൾ

x-default

ആലോചിച്ചു നോക്കിയാല്‍ വലിയൊരു അത്ഭുതം തന്നെയാണ് ദാമ്പത്യം. അതുകൊണ്ടുതന്നെ അതൊരു രഹസ്യവുമാണ്. ഇന്നലെ വരെ അപരിചിതരായിരുന്നവര്‍ ഒരു പ്രത്യേക നിമിഷത്തില്‍, ഇനിയുള്ള കാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാമെന്ന് സ്‌നേഹത്തിന്റെ വാഗ്ദാനം നൽകി കരങ്ങള്‍ കോര്‍ക്കുന്ന നിമിഷമാണത്. 

ജീവിതത്തില്‍ ഇനി വരാനിരിക്കുന്ന വസന്തങ്ങളില്‍ മാത്രമല്ല വേനലുകളിലും ഒരുമിച്ചു തന്നെ നിൽക്കാമെന്ന് ഓരോ ദമ്പതികളും പറയാതെ പറയുന്നുണ്ട്. എനിക്കു നീ മാത്രമെന്നും നിന്റെ സ്‌നേഹത്തില്‍ ഞാനെന്നും സുരക്ഷിതനായിരിക്കുമെന്നും മറ്റൊരു സ്‌നേഹത്തിനു പിന്നാലെയും ഞാന്‍ വഴിതെറ്റില്ലെന്നുമൊക്കെ, പ്രണയം മാത്രമാകുന്ന തുടക്കകാലത്തെ പരസ്പരമുള്ള തീവ്രതയില്‍ അവര്‍ പറഞ്ഞിട്ടുണ്ടാവാം.

പക്ഷേ കാണെക്കാണെ എപ്പോഴോ എങ്ങനെയോ പ്രണയത്തിന്റെ തീവ്രതയ്ക്ക് മാന്ദ്യം സംഭവിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അനുകൂല സാഹചര്യങ്ങളില്‍ അന്യസ്‌നേഹത്തിന്റെ എരിതീയില്‍ അവരിലൊരാള്‍ പതിക്കുകയോ ചെയ്‌തേക്കാം. അതുവരെയുണ്ടായിരുന്ന ദാമ്പത്യനദിയുടെ സ്വച്ഛമായ ഒഴുക്കിലേക്ക് ആരോ വലിച്ചെറിഞ്ഞ ചെറുകല്ലു പോലെയാണത്.  മനോഹരമായ കവിതയില്‍ കടന്നുകൂടുന്ന അക്ഷരത്തെറ്റുപോലെയും.

അതെ, ദാമ്പത്യം ഒരു മഹാകാവ്യവും അതില്‍ സംഭവിക്കുന്ന ഇടര്‍ച്ചകള്‍ അക്ഷരത്തെറ്റുകളുമാണെന്നാണ് അക്ഷരത്തെറ്റ് എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍തമ്പി എഴുതിയ ഗാനത്തിലെ വരികള്‍ പറയുന്നത്.  ഹൃദയം കൊണ്ട് പ്രണയത്തിന്‍റെ ഭാഷയില്‍ എഴുതുന്ന ദാമ്പത്യം എന്ന മഹാകാവ്യത്തില്‍ കടന്നുവരാവുന്ന അക്ഷരത്തെറ്റാണ് ഇണകളിലൊരാള്‍ക്ക് സംഭവിക്കുന്ന വീഴ്ച. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതും എപ്പോഴും ഒഴിവാക്കേണ്ടതുമായ ഒന്ന്. 

ഹൃദയം കൊണ്ടെഴുതുന്ന കവിത 

പ്രണയാമൃതം അതിന്‍ ഭാഷ

അര്‍ഥം അനര്‍ഥമായ് കാണാതിരുന്നാല്‍

അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍

മഹാ കാവ്യം ദാമ്പത്യം ഒരു മഹാകാവ്യം.

എന്നിട്ടും എവിടെയെങ്കിലുമൊക്കെ ഏതെങ്കിലും തരത്തില്‍ ഒരുവട്ടമെങ്കിലും പിഴച്ചുപോകാത്തവര്‍ നമുക്കിടയില്‍ എത്രപേരുണ്ടാവും. ഓരോരുത്തരും നെഞ്ചില്‍ കൈവച്ച്് കണ്ടെത്തേണ്ട ഉത്തരമാണത്. അതാണ് കവിയും ചോദിക്കുന്നത്.

പതറാതെ പാടിയ നാവുകളുണ്ടോ

ഇടറാതെ ആടിയ പാദങ്ങളുണ്ടോ

പക്ഷേ രാഗം തെറ്റിയാലും താളം പിഴച്ചാലും തിരുത്താന്‍ നാം തയാറാണോ? ഇണയുടെ വീഴ്ചയോട് ക്ഷമിക്കാന്‍ സന്നദ്ധമാണോ? എങ്കില്‍ അവിടെ തീര്‍ച്ചയായും ദാമ്പത്യം വീണ്ടും തളിരിടും. ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത ദാമ്പത്യകാലത്തിലൂടെ കടന്നുപോകുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലുകളാണ് തുടര്‍ന്നുള്ള വരികള്‍.

തിരുത്തലിലൂടെ ഉണരും പ്രവാഹം

ഈ ജീവഗാന പ്രവാഹം.

കാലം മായ്ക്കാത്ത തെറ്റുകളോ മുറിവുകളോ ഇല്ല. ഒരു പെരുംമഴയില്‍ ഒലിച്ചുപോകാത്ത മാലിന്യങ്ങളുമില്ല. ഇല പൊഴിച്ച മരങ്ങള്‍ വീണ്ടും തളിര്‍ക്കാതിരിക്കുന്നുമില്ല. പ്രകൃതിയെയും ചുറ്റുപാടുകളെയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്ന ഇക്കാര്യം ദാമ്പത്യബന്ധത്തിലും ആവശ്യമാണ്.

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും

സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍

വര്‍ഷം കൊണ്ടും വസന്തം കൊണ്ടും

വേനലില്‍ പാപം കഴുകുന്നു കാലം

ആ പരബ്രഹ്മമാം കാലം

1989 ല്‍ പുറത്തിറങ്ങിയ അക്ഷരത്തെറ്റ് എന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ഐ.വി. ശശിയായിരുന്നു. സംഗീതം നിര്‍വഹിച്ചത് ശ്യാം. 

എല്ലാക്കാലത്തെയും ദാമ്പത്യബന്ധങ്ങള്‍ക്കുള്ള ചില സൂചകങ്ങളും തിരുത്തലുകളും ഈ ഗാനത്തിലുണ്ട്. ദാമ്പത്യത്തെ അസ്വസ്ഥമാക്കുന്ന കാര്‍മേഘത്തുണ്ടുകള്‍ക്കിടയില്‍ ഈ ഗാനം മനസ്സിരുത്തി ഒന്നു കേട്ടുനോക്കൂ. തെറ്റിയ വഴികള്‍ തിരുത്താനും നേരെയാകാനും പ്രേരണ നൽകുന്ന, ഇനിയും മുന്നോട്ടു പോകാന്‍  കരുത്തുനൽകുന്ന വെളിച്ചമുണ്ട് ഈ ഗാനത്തിന്.