ആതിരപ്പൂവണിഞ്ഞ പാട്ടുകളുടെ ബോംബെ രവി

സാഹിത്യ ഭംഗി ഒട്ടും ചോർന്നു പോകാതെ, രാഗഭാവമുളള ഒരു നൂറ് മെലഡികൾ മലയാളി ചലച്ചിത്ര സംഗീതത്തോട് ഇഴചേർത്ത ബോബെ രവി. നിളയുടെ ചന്തത്തെ കുറിച്ചും ആ തീരം കണ്ടറിഞ്ഞൊരു പ്രണയത്തെ കുറിച്ചുമുള്ള പാട്ടിന്, നീരാടുവാൻ നിളയിൽ നീരാടുവാൻ എന്ന ഗാനത്തോടെയാണ് ബോബെ രവിയുടെ സംഗീതത്തെ മലയാളി പ്രണയിച്ചു തുടങ്ങിയത്. നിളയെ കുറിച്ചോർക്കുമ്പോൾ മനസിനുള്ളിൽ നിറയുന്ന ഒരായിരം എഴുത്തുകുത്തുകളിലും ചിത്രങ്ങളിലും കഥകളിലും ഈണമായി നിൽക്കുന്നത് ഈ ബോംബെക്കാരന്റെ പാട്ടുകൾ കൂടിയാണ്. ആതിരപ്പൂവണിഞ്ഞു നിൽക്കുന്ന ഒരുനൂറു പാട്ടീണങ്ങള്‍. 

ബോംബെ രവി എന്ന രവിശങ്കർ ശർമ അന്യനാട്ടുകാരനാണോ എന്ന അതിശയം അദ്ദേഹത്തിന്റെ ആദ്യ ഗാനം കേട്ട അന്നുതൊട്ടേ മലയാളിക്കുണ്ട്. ഇന്നും അതേ കൗതുകം. ഓഎൻവിയും യൂസഫലി കേച്ചേരിയും കൈതപ്രവും മങ്കൊമ്പ് ഗോപാലകൃഷ്ണനും കെ ജയകുമാറുമൊക്കെ എഴുതിയ കവിതയും സൈദ്ധാന്തികതയും നിറഞ്ഞ ഒരുപാടൊരുപാടു വരികൾക്ക് ബോംബെ രവി നൽകിയ ഈണം ആ സാഹിത്യ സൃഷ്ടിയോട് നൂറു ശതമാനവും നീതി പുലർത്തുന്നതായിരുന്നു. കെ.എസ് ചിത്രയും കെ ജെ യേശുദാസും ചേർന്ന ക്ലാസിക് കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ഗാനങ്ങളും രവിയുടെ സൃഷ്ടികളാണ്.

1926 മാർച്ച് 3ന് ഡൽഹിയിലാണ് ബോംബെ രവിയുടെ ജനനം. അച്ഛൻ ആലപിച്ചുകൊണ്ടിരുന്ന ഭജനകളായിരുന്നു സംഗീതലോകത്തേയ്ക്കും പിന്നീട് വിശുദ്ധ സംഗീതത്തിന്റെ സൃഷ്ടാവായും രവിയെ പരുവപ്പെടുത്തിയത്. ഹാർമോണിയവും ക്ലാർനെറ്റും സിത്താറും രവിയുടെ വിരലുകളിൽ അനായാസമായി വഴങ്ങിപ്പോന്നു പതിയെ. ഇതിനിടയില്‍ ജീവിതമാർഗം തേടി ഇലക്ട്രീഷ്യനുമായി. പക്ഷേ പാട്ടെന്ന പ്രപഞ്ചത്തിൽ നിന്നു മാറിനിൽക്കാൻ രവിയ്ക്കാകുമായിരുന്നില്ല. ഡൽഹിയിൽ നിന്നു ബോംബെയിലേക്കു വണ്ടി കയറുന്നത് അങ്ങനെയാണ്. ബോബെ രവിയാകുന്നതും അങ്ങനെതന്നെ.

ബോംബെയിലെ സ്റ്റുഡിയോകളിൽ അവസരം തേടി നടക്കുന്നതിനിടയിൽ പ്രശസ്ത സംഗീത സംവിധായകൻ ഹേമന്ത് കുമാർ 1952ൽ ആനന്ദ് മഠ് എന്ന സിനിമയിൽ വന്ദേമാതരം‘ ഗാനത്തിന്റെ പിന്നണിപ്പാട്ടുകാരിലൊരാളായി തെരഞ്ഞെടുത്തു. 1954 ൽ പുറത്തിറങ്ങിയ വചൻ എന്ന ചിത്രത്തിലൂടെയാണ് ബോംബെ രവി സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബോംബെ രവിയുടെ കാലമായിരുന്നു.ചൗധ്വി കാ ചാന്ദ്(1960), ഗുംറാ(1963), ദോ ബദൻ(1966), ഹംരാസ്(1967), ആംഖേൻ(1968), വക്ത് (1965), നീൽ കമൽ(1968),നിക്കാഹ് (1982) തുടങ്ങിയവ സൂപ്പർഹിറ്റ് ചിത്രങ്ങൾ രവിയുടേതായിട്ടുണ്ട്. അതിൽ ചൗധ്വികാ ചാന്ദിൽ മുഹമ്മദ് റാഫി ആലപിച്ച ‘ചൗധ്വി കാ ചാന്ദ് ഹോ‘ എന്ന ഗാനം രവിയുടെ മാസ്റ്റർപീസുകളിലൊന്നാണ്.

 1986ലാണ് ‘ബോംബെ രവി‘ എന്നപേരിൽ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്തേയ്ക്ക്് കടന്നു വരുന്നത്. ഹരിഹരൻ എംടി കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങൾ (1986) എന്ന ചിത്രത്തിലെ ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി‘ എന്ന ഗാനത്തിലൂടെ ബോംബെ രവി എന്ന സംഗീത വിസ്മയം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1986ൽ ഹരിഹരന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലെ ‘സാഗരങ്ങളെ‘, ‘ആ രാത്രി മാഞ്ഞു പോയി‘ എന്നീ ഗാനങ്ങളും വലിയ ഹിറ്റുകളായി. തുടർന്ന് കളിവിളക്ക് (1986), വൈശാലി (1988), ഒരു വടക്കൻ വീരഗാഥ (1989), വിദ്യാരംഭം (1990), സർഗ്ഗം (1992), സുകൃതം (1992), ഗസൽ (1993), പാഥേയം (1993), പരിണയം (1994), കളിവിളക്ക് (1996), ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ (1997), മനസിൽ ഒരു മഞ്ഞുതുള്ളി(2000), മയൂഖം (2005) തുടങ്ങിയ സംഗീതസാന്ദ്രമായ ചിത്രങ്ങൾ ബോംബെ രവി മലയാളത്തിന് സമ്മാനിച്ചു. 

മികച്ച സംഗീതസംവിധായകനുള്ള കേരള സർക്കാരിന്റെ പുരസ്കാരം രണ്ട് വട്ടവും കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ഒരു പ്രാവശ്യവും ബോംബെ രവിയെ തേടി എത്തിയിട്ടുണ്ട്. 1971 ൽ രാജ്യം പത്മശ്രീ നൽകി ഈ പ്രതിഭയെ ആദരിക്കുകയുണ്ടായി.

അത്രയേറെ മനോഹാരിതയോടെയാണ് മലയാള ഭാഷയുടെ അർഥതലങ്ങളറിഞ്ഞ് പാട്ടിനീണമിട്ടത് ബോംബെ രവി. മറുനാട്ടിൽ നിന്ന് പാട്ടുകാരായി ഒരുപാടു പേർ മലയാളത്തിലേക്കെത്തി. കസ്തൂരി മണമുള്ള ഒരുപാടൊരുപാട് പാട്ടുകൾ പണ്ടും ഇപ്പോഴും അവർ പാടുന്നുണ്ട്. പക്ഷേ ബോബെ രവിയെ പോലെ അത്രയും പ്രഗത്ഭനായ സംഗീത സംവിധായകൻ പിന്നീടൊരിക്കലും ഇവിടേയ്ക്കു വന്നിട്ടില്ല. അറിയാത്തൊരു ഭാഷയിലെ പാട്ടുകൾക്ക് ഈണമിടാൻ ബോംബെ രവി സ്വീകരിച്ചിരുന്ന പരിശ്രമങ്ങൾ അത്രയേറെ ശ്രമകരമായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ മലയാളം ഇത്രയേറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.