ഒരു പാട്ടെങ്കിലും മൂളാത്ത അമ്മമാരുണ്ടാകില്ല. സ്വരഭംഗിയില്‍ അവര്‍ എസ്. ജാനകിയെയോ കെ.എസ്. ചിത്രയെയോ അതിശയിപ്പിക്കുന്നുണ്ടാവില്ല. പക്ഷേ അവരുടെ പാട്ടുകള്‍ക്ക് ഹൃദ്യതയുണ്ട്.. കാരണം അവര്‍ പാടുന്നത് ഹൃദയത്തില്‍ നിന്നാണ്. സ്‌നേഹമാണ് അതിന്റെ ഈണം.. വാത്സല്യമാണ് അതിന്റെ രാഗം. അതത്രേ താരാട്ടുപാട്ടുകള്‍.
സിനിമയിലെ താരാട്ടുപാട്ടുകള്‍ നമ്മെ ഇത്രമേല്‍ സ്പര്‍ശിക്കുന്നത് ഓരോരുത്തരുടെയും ഉള്ളിൽ അവര്‍ പാടാത്ത ചില താരാട്ടുപാട്ടുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതുകൊണ്ടാവാം. അതുകൊണ്ടു തന്നെയാണ് കാലമെത്ര കഴിഞ്ഞാലും ഇത്തരം പാട്ടുകള്‍ ഇന്നും നമ്മുടെ കാതുകളില്‍ തേന്‍മഴയാകുന്നതും.
സിനിമയിലെ താരാട്ടുപാട്ടുകളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് സീത എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് രചിച്ച ഗാനമാണ്.
പാട്ടുപാടിയുറക്കാം ഞാന്‍
താമരപ്പൂമ്പൈതലേ
കേട്ടുകേട്ടു നീയുറങ്ങെന്‍
കരളിന്റെ കാതലേ
അവളുടെ രാവുകള്‍ എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു താരാട്ടുപാട്ടുണ്ട്. നായിക രാജിയെ ചെറുപ്പത്തില്‍ അമ്മ താരാട്ടു പാടിയുറക്കുന്നതാണ് രംഗം.
ഉണ്ണി ആരാരിരോ തങ്കമാരാരിരോ
എന്റെ പിഞ്ചോമന പൂങ്കുരുന്നാരാരിരോ
കൊച്ചുപൊന്നും കിനാവിന്‍റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടുവാ.
ബിച്ചുതിരുമല- എ.ടി. ഉമ്മര്‍ -എസ്. ജാനകി സംഘമാണ് ഈ ഗാനം നമുക്കു സമ്മാനിച്ചത്.ഉറങ്ങാതെ കണ്ണും തുറന്നിരിക്കുന്ന കുട്ടിയെ ഉറക്കാന്‍ അമ്മ എന്തൊക്കെയാവും പറയുക? അതൊക്കെ ഈ വരികളിലുണ്ട്. ജാലകം എന്ന സിനിമയ്ക്കു വേണ്ടി ഒഎന്‍വിയും എം.ജി. രാധാകൃഷ്ണനും ചേര്‍ന്നൊരുക്കിയ ആ ഗാനം ചിത്രയുടെ സ്വരത്തിലാണ് നാം കേള്‍ക്കുന്നത്.
ഉണ്ണി ഉറങ്ങാരിരാരോ
പൂവിനുറങ്ങാന്‍ പൂനിലാപ്പാട്ട്
കാവിലെ കാറ്റിന് പൂവള്ളിപ്പട്ട്
ഉണ്ണിയ്ക്കുറങ്ങാനീ മടിത്തട്ട്
ഉണ്ണി ഉറങ്ങാരിരാരോ
ഓരോ കുഞ്ഞും അമ്മയുടെ കണ്ണിലെ അമ്പിളിയാണെന്നും ഈ ഗാനം പറയുന്നുണ്ട്.മുത്തച്ഛനും മുത്തശ്ശിയും തൊട്ടരികിലുണ്ടായിട്ടും അവരുടെ സ്‌നേഹം കിട്ടാതെ പോകുന്ന ഒരു കുഞ്ഞിനെക്കുറിച്ച് സങ്കല്പിക്കാനാവുമോ? സ്വന്തബന്ധങ്ങളുടെയും പണത്തിന്റെയും കണക്കുകൂട്ടലുകളില്‍ നഷ്ടപ്പെട്ടുപോകുന്നത് സ്‌നേഹപ്പുസ്തകത്തിലെ ചില അധ്യായങ്ങള്‍ കൂടിയാണ്. ഇത്തരമൊരു ചിന്തയോടെയാണ് കുടുംബപുരാണത്തിലെ ഈ താരാട്ടുപാട്ടു നാം കേള്‍ക്കേണ്ടത്.
താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ ആരിരാരോ...
കുമ്മാട്ടിപ്പാട്ടൊന്ന് പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിന്‍ കൂടെ
ആന കളിക്കാനും ആടിക്കാനും
മുത്തശ്ശനില്ലേ നിന്‍ ചാരെ
കുഞ്ഞുമക്കളെ ഏറ്റവുമധികം ലാളിക്കുന്നതും കൊഞ്ചിക്കുന്നതും അവരുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണെന്നതും നമുക്കിവിടെ ഓര്‍ക്കാം.താമരക്കണ്ണനെയുറക്കുമ്പോള്‍ ആ അമ്മ ആഗ്രഹിക്കുന്ന വികാരവിചാരങ്ങള്‍ വാത്സല്യം എന്ന സിനിമയില്‍ നമുക്കു കേള്‍ക്കാം.
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
കൈതപ്രവും എസ്.പി. വെങ്കിടേഷും ചേര്‍ന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഒരു കണ്ണായ് സൂര്യനുറങ്ങാനും മറു കണ്ണായ് തിങ്കളുറങ്ങാനും പ്രാര്‍ഥിക്കുന്ന താരാട്ടുപാട്ടാണ് സാന്ത്വനത്തിലേത്. എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങാനും ആ അമ്മ ആഗ്രഹിക്കുന്നു. കൈതപ്രവും മോഹന്‍സിത്താരയും കൂടി ചേര്‍ന്നാണ് സാന്ത്വനത്തിലെ ‘ഉണ്ണീ വാവാവോ’ എന്ന ഗാനം ഒരുക്കിയത്.
കൂടുതലായും സിനിമയിലെ താരാട്ടുപാട്ടുകള്‍ സ്ത്രീശബ്ദത്തിലാണ് അവതരിപ്പിക്കപ്പെടാറുള്ളത്. അച്ഛന്മാര്‍ മക്കളെ താരാട്ടുപാടി ഉറക്കാറില്ല എന്ന വിചാരം വല്ലതും സിനിമക്കാര്‍ക്കുണ്ടോ ആവോ? പക്ഷേ മനോഹരമായ ഒരു ആണ്‍താരാട്ടുപാട്ടുണ്ട് മലയാളത്തില്‍. ജി. വേണുഗോപാലിന്റെ ശബ്ദത്തില്‍. ‘ഒന്നുമുതല്‍ പൂജ്യംവരെ’ എന്ന സിനിമയിലേതാണ് അത്
രാരീ രാരീരം രാരോ പാടീ രാക്കിളി പാടി
പൂമിഴികള്‍ പൂട്ടി മെല്ലേ
നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടി രാക്കിളി പാടി
എല്ലാ താരാട്ടുപാട്ടുകളുടെയും അടിസ്ഥാനബിംബമായി നിലനില്ക്കുന്നത് ആ പഴയ പ്രശസ്ത ഗാനം തന്നെ; ഇരയിമ്മന്‍തമ്പിയുടെ ഓമനത്തിങ്കള്‍ക്കിടാവോ. അത്തരമൊരു ഓര്‍മയുണര്‍ത്തുന്നുണ്ട് പുറപ്പാട് എന്ന സിനിമയ്ക്കുവേണ്ടി ഒഎന്‍വി എഴുതിയ ‘അന്നലൂഞ്ഞാൽ പൊൻപടിയിൽ’ എന്ന താരാട്ടുപാട്ടിലെ ഈ വരികള്‍
ഇത്തിരിപ്പൂവിന്‍ പുഞ്ചിരിയോ
പൊല്‍ത്തിടമ്പേറ്റിയ പൗര്‍ണ്ണമിയോ
കന്നിക്കതിരിന്‍ പാല്‍മണിയോ
എന്റെ കണ്ണില്‍ വിടരും പൂക്കണിയോ
താരാട്ടുപാട്ടുകളുടെ എണ്ണം ഇവിടെ അവസാനിക്കുന്നില്ല. ഇനിയും എത്രയോ താരാട്ടുപാട്ടുകള്‍. എല്ലാ താരാട്ടുപാട്ടുകളും സ്‌നേഹത്തിന്റെ പാട്ടുകള്‍ തന്നെ. അതുകൊണ്ടാവാം അവ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്നത്. അതുകേള്‍ക്കുമ്പോഴൊക്കെ ഓര്‍മ്മകളുടെ ഒരു കാട് ഉലയുന്നതും.
എല്ലാ അമ്മമാരുടെയും സ്വപ്‌നങ്ങളാണ് അവരുടെ താരാട്ടുപാട്ടുകള്‍. മക്കളെക്കുറിച്ചുള്ള അവരുടെ ആശകളും പ്രതീക്ഷകളും അതിലുണ്ട്. കൈക്കുമ്പിളില്‍ ആദ്യമായി കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ അവര്‍ കണ്ടുതുടങ്ങുന്ന സ്വപ്‌നങ്ങളുടെ ചിത്രീകരണമാണ് ഓരോ താരാട്ടുപാട്ടുകളും. എന്നിട്ടും എവിടെയാണ് അമ്മമാര്‍ക്ക് മക്കളെക്കുറിച്ചുള്ള ഈ സ്വപ്‌നങ്ങള്‍ നഷ്ടമാകുന്നത്?