ഓർമയിൽ തളിർക്കുന്നു, പാട്ടിന്റെ മുന്തിരിപ്പാടങ്ങള്‍

"നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം...അതികാലത്തെ എഴുന്നേറ്റ് മുന്തിരത്തോട്ടങ്ങളിൽ ചെന്ന് മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും..."

കാലം നെഞ്ചോടു ചേർത്ത് ഏറ്റുപറയുന്ന പ്രണയവാക്യങ്ങളാണിവ. പ്രണയത്തിനു മഞ്ഞിൽ വിടർന്ന മുന്തിരിപ്പൂക്കളുടെ ചേലാണെന്ന് പലവട്ടം പലരുമെഴുതിയതും ഈ വാക്കുകൾ കാരണം തന്നെ. പത്മരാജന്റെ ചിത്രങ്ങളെ തിരയുമ്പോൾ ആദ്യം കാണാൻ കൊതിതോന്നുന്ന ഒന്നായി, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന  ചിത്രം മാറിയതും ഇതുകൊണ്ടുതന്നെ. കൊല്ലങ്ങൾക്കിപ്പുറം മലയാളി ഒന്നുകൂടി കേട്ടു മുന്തിരി സത്തിന്റെ രുചിയുള്ള ഈ വാക്യ ശകലത്തെ. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ‌ എന്ന പുതിയ മോഹൻലാൽ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ തന്നെ സ്വരത്തിലൂടെ. ഈ വാക്കുകൾ വീണ്ടും കേൾക്കുമ്പോൾ സോളമനെയും അവന്റെ പ്രണയിനി, വെള്ളാരം കണ്ണുള്ള സോഫിയേയും അവരുടെ കഥയും മാത്രമല്ല, ജോൺസൺ മാസ്റ്റർ ഈണമിട്ട പാട്ടുകളേയും പശ്ചാത്തല സംഗീതത്തേയും കൂടിയാണ് ഓർമ വരുന്നത്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ചിത്രത്തിന്റെ ട്രെയിലർ കണ്ടു കഴിഞ്ഞ ശേഷം ഒരു വട്ടമെങ്കിലും നമ്മളിൽ പലരും ആ ഈണങ്ങളെ കാതോർത്തിട്ടുണ്ടാകും,

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലേക്ക് പ്രേക്ഷകന്റെ യാത്രയാരംഭിക്കുന്നത് ജോൺസൺ മാസ്റ്ററിന്റെ ഒരു മാസ്റ്റർ പീസ് സംഗീതത്തിലൂടെയാണ്. അകലെയുള്ള മുന്തിരിത്തോട്ടത്തിൽ നിന്ന് അമ്മച്ചിയെ കാണാൻ ലോറിയോടിച്ച് രാത്രിയുടെ കറുപ്പിനെ കീറിമുറിച്ച് സോളമൻ വരുന്നതിനൊപ്പമുള്ള സംഗീതം. ലോറിയുടെ ഇരമ്പലിലൂടെ തുടങ്ങി ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന മേഘമാലത്തുട്ടുകളിലേക്ക് അലിഞ്ഞിറങ്ങുന്ന ഈണം. പിയാനോയുടേയും വയലിന്റെയും പിന്നെ അകലങ്ങളിലേക്കു മാഞ്ഞുപോകുന്നു അത്. ഒറ്റയ്ക്കു നിൽക്കുന്ന ഒരു മരത്തിന്റെ രാത്രി നിഴലിലേക്കു കണ്ണുനീട്ടുന്ന കാമറയ്ക്കൊപ്പം ആ സംഗീതം തീരുമ്പോൾ ധീരമായ പ്രണയത്തിന്റെ മറുപേരുകളിലൊന്നായി മാറിയ സോളമനിലേക്കു നമ്മൾ കടന്നുചെല്ലുകയായി. ഏകാന്തമായ യാത്രകൾക്കിടയില്‍ ആകാശത്തിന്റെ ഏതോയിടത്തിൽ നിന്നു പറങ്ങി ആദ്യം പർവ്വതങ്ങള്‍ക്കിടയിലൂടെ ചരിഞ്ഞു പറന്ന് പിന്നെ അതിന്റെ ഓരങ്ങളിലൂടെ താഴ്‍വാരത്തിന്റെ ഓരങ്ങളിലൂടെ പാറി നടന്ന് പാട്ടായി നമുക്ക് കൂട്ടുവരുന്നൊരു പേരറിയാ പക്ഷിയെ കേൾക്കുന്ന പോലെ തോന്നും.

പശ്ചാത്തല സംഗീതം മാത്രമല്ല, പാട്ടുകൾക്കും പ്രണ‌യമുത്തുകളിൽ തീർത്ത താരകത്തിന്റെ ഭംഗിയായിരുന്നു. ആകാശമാകെ, പവിഴം പൊഴിക്കുന്ന ഗീതങ്ങളാണവ. ഓഎൻവി കുറുപ്പിന്റേതായിരുന്നു പാട്ടെഴുത്ത്. ഇരുപാട്ടുകളും പാടിയത് ഗന്ധർവ്വ ഗായകൻ കെ.െജ യേശുദാസും. പ്രണയത്തിന്റെ കാൽപനിക ഭംഗിയെ വർണിച്ച വരികള്‍ ഇന്നും മഞ്ഞു കണങ്ങളെ പോലെ മനസിനുള്ളിൽ പൊഴിഞ്ഞു വീണുകൊണ്ടേയിരിക്കുന്നു....