പ്രണയം പാടുന്ന സംഗീതചക്രവർത്തിമാർ പലരും കൊട്ടകകളെ അടക്കിവാണ കഥ പറയാനുണ്ട് പണ്ടുതൊട്ടേ ബോളിവുഡിന്. നായകന്റെയും നായികയുടെയും ചുണ്ടിൽ ആദ്യാനുരാഗത്തിന്റെ പാട്ടുതുണ്ടുകൾ ചേർത്തുവച്ച്, തൊട്ടുതൊടാദൂരത്തെ വിരൽത്തുമ്പുകളിൽ താളച്ചരടുകൾ കൊരുത്തിട്ട ഈണങ്ങൾ ഏറെയുണ്ട് ഓർമിച്ചുപാടുവാൻ. അത്തരമൊരുപാടു ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകരിൽ പ്രീതം ചക്രവർത്തിയുടെ പേര് തീർച്ചയായും വേറിട്ടുകേട്ടിട്ടുണ്ട് എന്നും.
ഇപ്പോഴിതാ പുതിയ കരൺ ജോഹർചിത്രമായ ‘യേ ദിൽ ഹേ മുശ്കിലി’ലും പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും പുത്തനീണത്തുടിപ്പുകളുമായി വീണ്ടും ഈ പ്രതിഭയുടെ സ്വരസ്പർശം നമ്മുടെ പാട്ടുപെട്ടികളിലേക്ക് ഒഴുകിയെത്തുന്നു. ഐശ്വര്യ റായ് ബച്ചനും റൺബീർ കപൂറും അനുഷ്ക ശർമയും പ്രധാനവേഷങ്ങളിലെത്തുന്ന ഈ പ്രണയചിത്രത്തിനുവേണ്ടി ആർദ്രസുന്ദരമായ ഗാനങ്ങളാണ് പ്രീതം ഒരുക്കിയിരിക്കുന്നത്. ഓരോ അനുപല്ലവിയിലേക്കും അലസമൊഴുകിയെത്തുന്ന അനുരാഗം കേൾക്കാതിരിക്കാനാവില്ല പ്രീതംഗാനങ്ങളെ പ്രണയിക്കുന്ന സംഗീതപ്രേമികൾക്ക്!
‘തേരേ ലിയേ’: ബോളിവുഡ് തുറന്ന വാതിൽ
1971 ജൂൺ 14ന് ഒരു ഇടത്തരം ബംഗാളി കുടുംബത്തിൽ ജനിച്ച പ്രീതത്തിന് കുഞ്ഞുനാൾതൊട്ടേ കേട്ടുശീലമായിരുന്നു പാട്ടുകൾ. അയൽവക്കത്തുള്ള കുട്ടികൾക്ക് അച്ഛൻ പാട്ടുപറഞ്ഞുകൊടുക്കുന്നതു കേട്ടുകൊണ്ടാണ് കുഞ്ഞുപ്രീതം വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അച്ഛൻ സമ്മാനിച്ച ഗിറ്റാറിന്റെ പാട്ടുതന്ത്രികൾക്കൊപ്പമായിരുന്നു പ്രീതത്തിന്റെ ഒഴിവുനേരങ്ങൾ. പ്രസിഡൻസി കോളജിൽനിന്നു ബിരുദപഠനം കഴിഞ്ഞ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു പ്രീതത്തിന്റെ യാത്ര. അവിടെനിന്നു സൗണ്ട് റെക്കോർഡിങ് ആൻഡ് എൻജിനീയറിങ്ങിൽ ഉപരിപഠനം പൂർത്തിയാക്കി 1994ൽ പുറത്തിറങ്ങുമ്പോഴും അച്ഛൻ കൈവിരൽത്തുമ്പിൽ ചേർത്തുവച്ച ഗിറ്റാറിന്റെ സംഗീതം ഗൃഹാതുരമായൊരു ഉൾവിളി പോലെ പ്രീതത്തെ മുന്നോട്ടുനയിച്ചുകൊണ്ടേയിരുന്നു.
ശാസ്ത്രീയസംഗീതം മാത്രമല്ല ആഫ്രിക്കൻ സംഗീതം ഉൾപ്പെടെ സംഗീതത്തിന്റെ വ്യത്യസ്തതകൾ തേടിക്കൊണ്ടായിരുന്നു പ്രീതത്തിന്റെ പാട്ടുയാത്രകൾ. ചന്ദ്രബിന്ദു എന്ന പേരുള്ള ഒരു ബംഗ്ലാ ബാൻഡിലായിരുന്നു ആദ്യകാല പരീക്ഷണങ്ങൾ. പിന്നീട് പ്രസിഡൻസി കോളജിലെ സഹപാഠികൾക്കൊപ്പം രൂപപ്പെടുത്തിയ ബാൻഡിലായി തുടർന്നു പ്രീതത്തിന്റെ ഗിറ്റാർമായാജാലങ്ങൾ. പുണെയിലെ പഠനം കഴിഞ്ഞ് ബോംബെയിലേക്കു വണ്ടികയറി. 1997നു ശേഷം പ്രീതത്തിന്റെ പാട്ടുകൾ പാടിക്കേട്ടത് ബോംബെയിലെ സംഗീതസദസുകളിലായിരുന്നു. സംഗീതത്തിന്റെ വാണിജ്യസാധ്യതകളുടെ വൻലോകം മുംബൈ നഗരം പ്രീതത്തിനു മുൻപിൽ തുറന്നുവച്ചു.
പരസ്യജിംഗിളുകളിലായിരുന്നു തുടക്കം. പിന്നീട് ടിവി സീരിയലുകൾക്കും ഹ്രസ്വചിത്രങ്ങൾക്കും സംഗീതമൊരുക്കി. വൈകാതെതന്നെ ‘തേരേ ലിയേ’ എന്ന ചിത്രം പ്രീതത്തിന് ബോളിവുഡിലേക്കുള്ള സ്വരക്ഷണമൊരുക്കി. സുഹൃത്തായ ജീത് ഗാംഗുലിക്കൊപ്പമായിരുന്നു പ്രീതം ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമൊരുക്കിയത്. ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടാതെ പോയത് പ്രീതത്തെയും കൂട്ടരെയും നിരാശരാക്കി.
ഒരിടവേളയ്ക്കു ശേഷം 2002ൽ യഷ്‌രാജ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘മേരേ യാർ കീ ശാദി ഹേ’ എന്ന ചിത്രമാണ് പ്രീതം ചക്രവർത്തി എന്ന സംഗീതസംവിധായകനെ ബോളിവുഡിൽ അടയാളപ്പെടുത്തിയത്. ജീതിനൊപ്പമായിരുന്നു ഈ ചിത്രത്തിലെയും ഗാനങ്ങൾ പ്രീതം ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ‘ഷരാരാ’ എന്ന ഗാനം പ്രീതത്തിന് ബോളിവുഡിൽ ഒട്ടേറെ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. പക്ഷേ ജീതുമായുള്ള പാട്ടുസൗഹൃദം അധികനാൾ നീണ്ടുപോയില്ല. വൈകാതെ തന്നെ ജീതും പ്രീതവും വഴിപിരിഞ്ഞു.
‘യേ ദിൽ ഹേ മുശ്കിൽ’: ഹൃദയം തുറക്കുന്ന വാതിൽ
പിന്നീട് പാട്ടുവഴികളിലൂടെ തനിച്ചായി പ്രീതത്തിന്റെ തുടർയാത്രകൾ. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തോടൊപ്പം പാശ്ചാത്യസംഗീതവും ചേരുംപടി ചേർത്തുകൊണ്ടുള്ള രസതന്ത്രമായിരുന്നു പ്രീതത്തിന്റെ ഗാനങ്ങളെ സമകാലികരിൽനിന്നു വ്യത്യസ്തമാക്കിയത്. ‘ധൂം’ എന്ന ചിത്രത്തിനു വേണ്ടി പ്രീതം ഈണമിട്ട ഫാസ്റ്റ് നമ്പറുകൾ ഇന്ത്യയ്ക്കകത്തും പുറത്തും ഒരു തരംഗമായി കത്തിപ്പടർന്നത് വളരെപ്പെട്ടെന്നായിരുന്നു. ഡിസ്കോ ഡാൻഡ് വേദികളിലും നിശാസംഗീതസദസ്സുകളിലും ആയിരക്കണക്കിന് യുവാക്കൾ പ്രീതത്തിന്റെ ധൂം ഗാനങ്ങൾക്കൊത്തു ചുവടുവച്ചു. ബ്രിട്ടനിലും അമേരിക്കയിലും വരെ പ്രീതത്തിന് ആരാധകരുണ്ടാവുകയായിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായി മാറിയതോടെ. തുടർന്ന് ‘ഗാംങ്സ്റ്റർ’, ‘ധൂം 2’, ‘ലൈഫ് ഇൻ എ മെട്രോ’, ‘ഭൂൽ ഭുലയ്യ’, ‘ജബ് വി മെറ്റ്’, ‘റെയ്സ്’, ‘സിങ് ഈസ് കിങ്’, ‘ലവ് ആജ് കൽ’, ‘ദം മരോ ദം’, ‘ബോഡി ഗാഡ്’, ‘കോക്ക്ടെയ്‌ൽ’, ‘ബർഫി’, ‘ദിൽവാലേ’ അങ്ങനെ ഒട്ടേറെചിത്രങ്ങളിലായി ഓരോ വർഷവും പ്രീതത്തിന്റെ ഈണങ്ങൾക്കുവേണ്ടി ബോളിവുഡ് കാത്തിരിക്കാൻ തുടങ്ങി.
ഇതിനിടെ മെട്രോ എന്ന പേരിൽ ഒരു സംഗീതബാൻഡും പ്രീതം രൂപീകരിച്ചു. ചടുലസംഗീതത്തിന്റെ താളപ്പെരുക്കങ്ങൾ മാത്രമല്ല ശാന്തസംഗീതത്തിന്റെ സ്വരസൗന്ദര്യവും കൂടിയാണ് പ്രീതം ബോളിവുഡിനു സമ്മാനിച്ചത്. 2010ൽ പുറത്തിറങ്ങിയ ‘വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ’ എന്ന ചിത്രത്തിലെ സൂഫി സ്പർശമുള്ള ഗാനങ്ങൾ ഇതിനുദാഹരണമാണ്. ‘പീലൂ’.. ‘തും ജോ ആയേ’ തുടങ്ങിയ തുടങ്ങിയ ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ നാവിൻതുമ്പിലേക്കു മൂളിയെത്തുന്നു. രോഹിത് ഷെട്ടിയുടെ ‘ഗോൽമാൽ 3’ ലെ നൃത്തഗാനങ്ങൾക്കൊത്ത് എത്രയെത്രപേർ തിരക്കാഴ്ചയ്ക്കപ്പുറം ചുവടുവച്ചു. 2011ൽ സൽമാൻ ഖാന്റെ ‘റെഡി’, ‘ബോഡി ഗാർഡ്’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും പ്രീതത്തിന്റെ സംഗീതത്തിന് ബോളിവുഡിൽ എന്നുമെന്നും ആരാധകരുണ്ടെന്നു തെളിയിച്ചു.
1971ലെ ഹിറ്റ് തരംഗമായി മാറിയ ‘ദം മരോ ദം’ എന്ന ഗാനം അതേ പേരുള്ള ചിത്രത്തിനു വേണ്ടി 2011ൽ റിമിക്സ് ചെയ്തതും പ്രീതം തന്നെ. 2012ൽ ആണു പ്രീതത്തിന്റെ സംഗീതജീവിതത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ‘ബർഫി’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ പ്രീതത്തിന് രണ്ടു ഫിലിംഫെയർ പുരസ്കാരങ്ങൾ നേടിക്കൊടുത്തു. 2013ൽ ‘റെയ്സ് 2’, ‘മർഡർ 3’, ‘ധൂം 3’ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ചാർട്ടുകൾ അടക്കിവാണ ഗാനങ്ങൾക്ക് ഈണമിട്ട പ്രീതം 2014ൽ സംഗീതസംവിധാനത്തിൽനിന്നും ചെറിയൊരിടവേളയെടുത്ത് മൗനം പാലിച്ചു.
ആരാധകരുടെ അഭ്യർഥനകൾക്കൊടുവിൽ മൗനം ഭേദിച്ച് ഒരുവർഷത്തിനു ശേഷം പ്രീതം മടങ്ങിവന്നതാകട്ടെ ‘ബജ്‌രംഗ് ഭായിജാൻ’, ‘ഫാന്റം’, ‘ദിൽവാലേ’ എന്നീ ചിത്രങ്ങളിലെ റെക്കോർഡ് ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയോടെയായിരുന്നു. ചലച്ചിത്രസംഗീതത്തിലേക്ക് റോക്ക് ആൻഡ് റോൾ വേഗതയുള്ള ഫാസ്റ്റ് നമ്പർ ഗാനങ്ങൾ മാത്രമല്ല, ഗസലുകളും സൂഫിസംഗീതവും ശാസ്ത്രീയസംഗീതവും കൂട്ടിയിണക്കിക്കൊണ്ടുള്ള പരീക്ഷണങ്ങളാണ് പ്രീതത്തിന്റെ ഈണങ്ങളെ ഇന്നും വേറിട്ടുകേൾപ്പിച്ചുകൊണ്ടേയിരിക്കുന്നത്. പാടിപ്പാടിത്തീരാതെ പോകുന്ന പ്രണയം പോലെ ഈ നാദചക്രവർത്തിയുടെ സ്വരസ്പന്ദനങ്ങളും സ്വപ്നസുന്ദരം തുടർന്നുകൊണ്ടേയിരിക്കുന്നു.