ജനാലയങ്ങനെ തുറന്നിട്ട് പുറത്തെ വെളിച്ചത്തിന് അൽപം മാത്രം അകത്തേയ്ക്കിടം നൽകി മുകളിലേക്കു നോക്കി കസേരിയിലിങ്ങനെ ചാരിക്കിടന്ന് വെറുതെ ഓരോന്നിർത്തിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്...ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ചില നേരങ്ങളാണ് അവ. ആ വേളകളിൽ നമുക്കൊപ്പമെന്നുമുണ്ടായിട്ടുള്ളൊരു സുന്ദരിപ്പാട്ടുകളിലൊന്നാണ് ഇന്നത്തെ മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിലുള്ളത്...സ്വപ്നങ്ങൾ മാത്രമുള്ള കണ്ണുകളും പ്രണയത്തിൻ ആഴങ്ങൾ അഴകുതീര്‍ത്ത ചിരിയുമുള്ള ഒരു പെൺകുട്ടി അവളുടെ നായകനെ നോക്കി പാടിയ പാട്ട്....
അഭി നാ ജാവോ ഛോഡ്കർ...
എന്നെ വിട്ടു പോകരുത്...ഈ പ്രണയം പങ്കിട്ട് എന്റെ ഹൃദയത്തിനു മതിവന്നിട്ടില്ല...ഇപ്പോൾ ഇങ്ങോട്ട് വന്നല്ലേയുള്ളൂ...എന്താണിത്ര തിടുക്കം എന്ന തീർത്തും ലളിതവും സാധാരണവുമായ ചോദ്യങ്ങളാണ് കാലാതിവർത്തിയായ ഒരു പ്രണയഗാനമായി മാറിയത്. മാജിക് എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്. ഈ മാന്ത്രിക പാട്ടിന്റെ എത്ര കേട്ടാലും മതിവരാത്ത ചേലിനെ പാടുമ്പോൾ അത് ആസ്വാദകന്റെ മനസിനെ ഒട്ടുമേ നോവിക്കാതെ തന്നെയാകണമല്ലോ. അമൃത സുരേഷ് അങ്ങനെ തന്നെയാണു പാടിയത്. പാട്ടിന്റെ ഈണത്തെ അല്‍പമൊന്ന് സ്ലോ മൂഡിലേക്ക് മാത്രം മാറ്റിയാണ് പാടിയത്. എപ്പോഴത്തേയും പോലെ വരികളുടെ അർഥത്തെ ഉൾക്കൊണ്ട് ഭാവാർദ്രമായി തന്നെ അമൃത പാടിയിരിക്കുന്നു. ഒരു പിയാനോയും ഗിത്താറും മാത്രമേ പിന്നണിയിലുള്ളൂ. അത് പാട്ടിന്റെ വരികളിലേക്കും അതിന്റെ അര്‍ഥത്തിലേക്കും പ്രേക്ഷകനെ കൂടുതൽ ചേർത്തുനിർത്തുമെന്നുറപ്പ്. അമൃത പാടുന്നത് കണ്ണടച്ചിരുന്നു കേട്ടാൽ മനസില്‍ വിരിയും പ്രണയത്തിന്റെ ആ പെൺ ചിരിയും നിഷ്കളങ്കതയും.
ഹം ദോനോ എന്ന ചിത്രത്തിനായി ബോളിവുഡിലെ ശക്തനായ സംഗീത സംവിധായകൻ അഥവാ സാഹിർ ലുഥിയാൻവി ഈണമിട്ട പാട്ട്. കഭീ കഭീ മേരേ ദിൽ മേ പോലെയുള്ള അനശ്വര ഗാനങ്ങളുടെ സൃഷ്ടാവിന്റെ മറ്റൊരു ക്ലാസിക് ഗാനം. ജയ്‍ദേവ് എഴുതിയ പ്രണയസുരഭിലമായ വരികൾക്ക് സ്വരമായത് ആശാ ഭോസ്‍ലേയും നിത്യഹരിത പ്രണയഗാനങ്ങളിലെ ആൺ സ്വരം മൊഹമ്മദ് റഫിയും. ഈ പാട്ടു സൃഷ്ടാക്കള്‍ ഒന്നുചേർന്നാൽ പിന്നെയതിനെ ക്ലാസിക് എന്നല്ലാതെ എന്തു പറയാനാണ്. കേൾക്കാം ഈ പാട്ടിനെ അൽപം വ്യത്യസ്തമായ മറ്റൊരു രീതിയിൽ.