Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മാവതിയിലെ പാട്ടിനൊപ്പം മുലായത്തിന്റെ മരുമകളുടെ ഡാൻസ്!

ghoomar-dance-aparna

വിവാദ ചിത്രം പത്മാവതിയില്‍ ദീപിക പദുക്കോൺ നൃത്തമാടിയ ഗൂമര് എന്ന പാട്ട് തരംഗമാണ്. ഈ പാട്ടിനൊപ്പം ആളുകള്‍ നൃത്തം ചെയ്യുന്ന നിരവധി വിഡിയോകളാണ് യുട്യൂബിലുള്ളത്. അക്കൂട്ടത്തിൽ ശ്രദ്ധേയമാകുകയാണ് അപർണ യാദവിന്റെ വിഡിയോ. സമാജ്‍വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ഇളയ മരുമകളാണ് കക്ഷി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിലെ അംഗം. ലക്നൗ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട് അപർണ. എന്തായാലും ചുവപ്പൻ ലെഹെംഗ അണിഞ്ഞുള്ള അപർണയുടെ നൃത്തം ഗംഭീരമാണ്. 

ഒരു വിവാഹ ആഘോഷത്തിലായിരുന്നു അപർണ നൃത്തമാടിയത്. അപർണയുടെ പിതാവ് അരവിന്ദ് സിംഗ് ബിഷ്ത് ഉത്തർപ്രദേശ് വിവരാവകാശ കമ്മീഷണറാണ്. എന്നാൽ സിനിമയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലോ അഭിപ്രായം പറയാന്‍ താൽപര്യമില്ലെന്ന നിലപാടിലാണ് അരവിന്ദ് സിംഗ് ബിഷ്ത്. "മകളുടെ നൃത്തത്തെ വിവാദവുമായി ചേർത്തു വായിക്കേണ്ടതില്ല. സാധാരണ ഇത്തരം പാട്ടുകൾ‌ക്കൊപ്പമാണ് വിവാഹങ്ങളിൽ നൃത്തം ചെയ്യാറുള്ളത്". അദ്ദേഹം പറഞ്ഞു. 

സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്മാവതി. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് ഈണമിട്ടതും. എ.എം.തുരാസും സ്വരൂപ് ഖാനും ചേർന്നാണു വരികൾ എഴുതിയത്. സ്വരൂപും ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം പാടിയത്.