ഇഷ്ടമാണെന്ന് ഒരിക്കലും പരസ്പരം പറഞ്ഞിട്ടു കൂടിയില്ല അവർ.
പക്ഷേ കണ്ണടച്ചാൽ ആ മുഖം മാത്രമാണ്.
കണ്ണിമയ്ക്കുള്ളിലെ ഓരോ സ്പന്ദനത്തിലും അവൾ മാത്രമാണ്...
എന്തിന്, എന്നുമുറങ്ങുന്ന മുറിയിലെ തൂവെള്ള കര്‍ട്ടനു പിന്നിലെ ഓരോ നിഴലിലും അവളുടെ ഭാവഭേദങ്ങളാണ് കാണുന്നത്
ഒരിക്കലുമുണ്ടാകില്ലെന്നു കരുതിയിരുന്നിട്ടും പ്രണയം തന്നിലേക്കു എപ്പോഴോ എങ്ങനെയോ കടന്നുവന്നതാണ്. ജീവിതത്തിന്റെ നിറക്കൂട്ടുകളെല്ലാം അതിമനോഹരമായി മാറ്റിയെഴുതുകയായിരുന്നു അവൾ. ഇങ്ങനെയൊരു അനുഭൂതി തന്നെ ഇതാദ്യം.
ആദ്യ പ്രണയത്തിന്റെ അനുഭവങ്ങളെ എത്രയെഴുതിയാലും പറഞ്ഞാലും ഭൂമിയിലെ ഭംഗിയുള്ള മറ്റെന്തിനോട് ഉപമിച്ചാലും മതിവരില്ല.
അതുകൊണ്ടാകും ഈ പാട്ടിനോടു നമുക്കിത്രമേൽ ഇഷ്ടം...
ആദ്യ പ്രണയത്തിന്റെ ഓർമകളെത്ര മധുരമെന്ന് ഓരോ കേൾവിയിലും നമ്മെ ഓർമപ്പെടുത്തുന്ന ഈ ഗാനമാണ് ഇത്തവണ മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിൽ. പാടിയത് അമൃത സുരേഷ്. മധുരതരമായ ഈ സ്വരത്തിൽ അത്രമേൽ ഭാവാർദ്രമായി തീർത്തും ലളിതമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിലാണ് അമൃത പാടുന്നത്. പുലർമഞ്ഞിൽ നനഞ്ഞു നിൽക്കുന്നൊരു പനിനീർപ്പൂവിനെ കാണുന്ന അനുഭൂതിയാണ് പ്രണയം മനസ്സിലുള്ള ആർക്കും ഈ പാട്ടു സമ്മാനിക്കുക.
ജോ ജീതാ വഹി സികന്ദർ എന്ന ചിത്രത്തിലേതാണീ ഗാനം. പാടിയത് ഉദിത് നാരായണനും സാധനാ സർഗവും. ബോളിവുഡിലെ റൊമാന്റിക് സ്വരമെന്നതിന്റെ മറുപേരാണ് ഉദിത് നാരായണൻ. ജതിൻ- ലളിത് അത്തരം ഈണങ്ങളുടെ രാജാക്കമാരും. ഈ ക്ലാസിക് ഗാനത്തിനു വരികൾ കുറിച്ചത് മജ്റൂഹ് സുൽത്താന്‍പുരിയാണ്.
‘എല്ലാവർക്കും ഇഷ്ടമാണ് ഈ പാട്ട്. കൂട്ടുകാർക്കും പരിചിതർക്കും അതിനേക്കാളുപരി എനിക്കും. അതുകൊണ്ടാണ് ഈ ഗാനം തിരഞ്ഞെടുത്തതു തന്നെ’- അമൃത പറയുന്നു. അമൃതയുടെ വിലയിരുത്തൽ ശരിയാണെന്ന് ഈ പാട്ട് കേൾക്കുമ്പോൾ നമുക്കും മനസ്സിലാകും.
Watch More: Manorama Online Music Shots Videos