Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോ സാല് പെഹലേ... കേള്‍ക്കാം മ്യൂസിക് ഷോട്സില്‍

എവിടെയോ വച്ച് ബന്ധിക്കപ്പെട്ടതുപോലെ...പ്രണയത്തെ കുറിച്ച് ചോദിച്ചാൽ ചിലർ പറയുന്നത് അങ്ങനെയാണ്. വികാരതീക്ഷണമായ ഉത്തരമെന്നു തോന്നിയേക്കാമെങ്കിലും അങ്ങനെയേ അവർക്ക് പറയുവാൻ കഴിയൂ. വാക്കുകള്‍ക്കപ്പുറമാണ് ആ പ്രണയം. എനിക്കെന്താണ് അവൾ എന്ന ചോദ്യത്തിന് എന്ത് ഉത്തരം പറഞ്ഞാലും ചിലർക്ക് പൂർണത തോന്നില്ല. ജന്മാന്തരങ്ങളിലൂടെ തുടരുന്ന പ്രണയയാത്രയാണ് അത്. 

ആ വികാരത്തെ കുറിച്ചാണ് സോ സാല് പെഹ്‌ലെ എന്ന ഗാനവും പറയുന്നത്. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ ക്ലാസിക് സൃഷ്ടികളിൽ ഒന്നാണ് ഈ പാട്ട്. ഹിന്ദി ഗാനങ്ങളും ചലച്ചിത്രങ്ങളും അധികം പരിചിതമല്ലാത്തവരുടെ മനസിൽ പോലും ചേക്കേറിയ ചില ഹിന്ദി ഗാനങ്ങളിലൊന്ന്. ഈ പാട്ടാണ് ഇത്തവണ മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സിലുമുള്ളത്.

നൂറു വർഷങ്ങൾക്കു മുൻപേ നിന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയതാണ്

ഞാൻ നിന്റെ പ്രണയത്തിനായി കാത്തിരിക്കുകയായിരുന്നു...തീർത്തും കാൽപനികമെന്നോ പൈങ്കിളിയെന്നോ ഒക്കെ പറയാമെങ്കിലും പാട്ടിന്റെ ഈണം നെഞ്ചിനുള്ളിൽ തീർക്കുന്നത് ഒരു പ്രത്യേക സുഖമാണ്. സന്തോഷം പകരുന്ന സംഗീതം. അത്രമേൽ ഭാവാർദ്രമായ പാട്ട് ഗസലുകളുടെ ഗായിക ഗായത്രി അശോകനും യാസിൻ നിസാറും ചേർന്നാണ് പുനരവതരിപ്പിക്കുന്നത്. 

1961ല്‍ പുറത്തിറങ്ങിയ 'ജബ് പ്യാര്‍ കിസി സേ ഹോതാ ഹേ' എന്ന ഗാനത്തിലേതാണീ ഗാനം. ബോളിവുഡിന്റെ നിത്യഹരിത പ്രണയനായകൻമാരിലൊരാൾ ദേവ് ആനന്ദും ആശാ പരേഖും കുസൃതികളോടെ പാടിയാടിയ പാട്ട്. ഹസ്രത് ജയ്പൂരിയുടെ വരികൾ ശങ്കറും ജയ്കിഷനും ചേർന്ന സംഘമാണ് ചിട്ടപ്പെടുത്തിയത്. റഫിയും ലതാ മങ്കേഷ്കറും ചേർന്നുപാടി. 

ഗിത്താറിന്റെയും കീബോർഡിന്റെയും മാത്രം പശ്ചാത്തല സംഗീതത്തിൽ ഗായത്രിയും യാസിനും അതു പാടുമ്പോൾ ആ വരികളുടെ ഭംഗി ഒന്നുകൂടി മനസോടു ചേരുന്നു. വരികളിലെയും സംഗീതത്തിലെയും നിഷ്കളങ്ക ഭംഗി ഒന്നുകൂടി മനസിനരികിലേക്കു വരുന്നു. 

Read More:Music Shots