Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു ക്ലാസിക് ഗാനങ്ങൾ ഒരുമിച്ച്: കേൾക്കാം മ്യൂസിക് ഷോട്സ്

വാദ്യോപകരണങ്ങളുടെ താളലയം പോലും ഒപ്പം വേണ്ട. വെറുതെ പാട്ടുകാരൊന്നു മൂളിയാൽ പോലും ആ ഗാനങ്ങൾ കേൾക്കാൻ 

അത്രമാത്രം സുഖമുണ്ട്. നമ്മൾ മനസിലെന്നും സൂക്ഷിക്കുന്ന ഇന്നലെകളിലെ ആ നിമിഷങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന കുറേ ഈണങ്ങൾ. അങ്ങനെയുള്ള രണ്ടു പാട്ടുകള്‍ ചേര്‍ത്തുവച്ച് പാടിക്കൊണ്ടാണ് ഇത്തവണ മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സിൽ യാസിൻ നിസാർ എന്ന പാട്ടുകാരനെത്തുന്നത്. പ്രണയാര്‍ദ്രമായൊരു മലയാളം പാട്ടും കിഷോർ കുമാറിന്റെ ഒരു ക്ലാസിക് ഗാനവും ഇടകലർത്തി പാടിക്കൊണ്ട്.

ഇളവന്നൂർ മഠത്തിലെ എന്ന പാട്ടും ചിങ്ങാരേ കൊയി ഭഡ്കേ എന്ന ഗാനവുമാണ് പാടുന്നത്. ഈ രണ്ടു പാട്ടുകളും എത്രയോ കാലമായി നമ്മുടെ ആത്മാവിലലിഞ്ഞു ചേർന്നതാണ്. 1972ൽ പുറത്തിറങ്ങിയ അമർ പ്രേമിൽ കിഷോർ കുമാർ പാടിയ പാട്ടാണ് ചിങ്ങാരേ...ബോളിവുഡിന്റെ സംഗീത ശൈലിയിൽ വലിയ തിരുത്തലുകൾ നടത്തിയ സംഗീത സംവിധായകൻ ആർ.ഡി.ബർമന്റെ ക്ലാസിക് സൃഷ്ടികളിലൊന്ന്. വരികൾ ആനന്ദ് ബക്ഷിയുേടതും. ശർമിള ടഗോറും രാജേഷ് ഖന്നയും പാടിയഭിനയിച്ച രംഗങ്ങളും പാട്ടുപോലെ മനസിനുള്ളില്‍ നിറ‍ഞ്ഞാടുന്നുണ്ട്. കടത്തനാട്ട് മാക്കം എന്ന ചിത്രത്തിലേതാണ് മലയാളം ഗാനം. പി.ഭാസ്കരൻ എഴുതി ജി.ദേവരാജൻ സംഗീതം നൽകി ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച പാട്ട്. വരികളുടെ ഭാവഭംഗിയിലും ആലാപനത്തിലും ഈണത്തിലും രണ്ടു ഗാനങ്ങളും ക്ലാസിക് തലങ്ങളിലെത്തി നിൽക്കുന്നു.

ഒരു ഗിത്താറും കീബോർഡും മാത്രമാണ് മ്യൂസിക് ഷോട്സിലെ ഓർക്കസ്ട്രയിലുള്ളത്. അവയിൽ നിന്നു പൊഴിഞ്ഞു വീഴുന്ന നാദവും അത്രമേൽ ലളിതമാണ്. ആ സ്വരങ്ങൾക്കൊപ്പം വളരെ അനായാസമായി യാസിൻ അതു പാടുമ്പോൾ കേട്ടിരുന്നു പോകും.  

Read More:Manorama Online Music Shots Episodes