മരണങ്ങളെല്ലാം അപ്രതീക്ഷിതങ്ങളാണ് അല്ലേ....
ചിലർ എന്നു കടന്നുപോകുമെന്ന് വിധിയെഴുത്ത് ഉണ്ടാകുമെങ്കിൽ കൂടിയും...
ആ മരണങ്ങൾ ബാക്കിയാക്കുന്നത് ഓർമകൾ മാത്രമാണ്...
അവർക്കേറ്റവും പ്രിയപ്പെട്ടവരുടെ കാലടികളെ തളർത്താതെ മുന്നോട്ടു നയിക്കുന്നതും ആ ഓർമകളാണ്
ഓർമകൾക്കെന്തൊരു മാന്ത്രികതയാണ് അല്ലേ....
അങ്ങനെയുള്ളൊരു വിരഹത്തിൽ നിന്ന് ജനിച്ചതാണ് ഈ ഗാനം...
ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതികളിലൊരാളായ ഉസ്താദ് ബദേ ഗുലാം അലി ഖാൻ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണനേരത്ത് രചിച്ചതാണ് ഈ പാട്ട്...
ഓർമകളെ കുറിച്ചു പാടിയ പാട്ട്....
ഹിന്ദുസ്ഥാനി സംഗീതം കേൾക്കുമ്പോൾ മനസിലൊരു മഴപ്പെയ്ത്താണ്. ആ മഴയ്ക്കു ചിലപ്പോൾ വിരഹത്തിന്റെ പ്രണയത്തിന്റെ ദുംഖത്തിന്റെയൊക്കെ ഛായയാരിക്കും. യാദ് പിയാ കേട്ടു തീരുമ്പോൾ മനസില്‍ ദുംഖത്തിന്റെ മഴപ്പെയ്ത്താണ്. ഇൗ പാട്ടാണ് ഇന്നു മ്യൂസിക്ക് ഷോട്സിൽ.
രാഹുൽ രാജ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്ന് വേറിട്ട് യാദ് പിയയെ അണിയിച്ചൊരുക്കിയിരിക്കുന്നു. സിത്താരയും മിഥുൻ ജയരാജും ചേർന്ന് അതിമനോഹരമായി ആലപിച്ച ഗാനം ഹിന്ദുസ്ഥാനി തുംരി ശൈലിയിലുള്ളതാണ്. പാട്ടിന്റെ ഭാവം ഉൾക്കൊണ്ട് ആലപിച്ചിരിക്കുന്നതിനാലാണ് അത് ഇരട്ടിമധുരമായി കാതിനും കണ്ണിനും മാറുന്നത്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും രാഗമായി മനസിനുള്ളിൽ നിറയുന്നത്....
അധികം പ്രേക്ഷകരും കേട്ടിരിക്കാനിടയില്ലാത്ത ഇൗ ഗാനം രാഹുൽ രാജ് തിരഞ്ഞെടുത്തത് ഇതിന്റെ സംഗീതത്തിന്റെ പ്രത്യേകത കൊണ്ടും വരികളുടെ അർഥതലങ്ങൾ കൊണ്ടുമാണ്. പ്രണയത്തെ കുറിച്ചെഴുതിയ വരികള്‍ക്ക് അതിമനോഹരമായ ഈണങ്ങൾ പകർന്ന പുതുതലമുറ സംഗീത സംവിധായകരിലൊരാളാണ് രാഹുൽ രാജ്. ഏറ്റവുമടുത്ത് കേട്ട ലൈലാകമേ...ആ വശ്യമായ ഈണങ്ങളിലൊന്നാണ്. ക്ലാസിക് ഗാനത്തിലെ ഈണങ്ങളിൽ രാഹുൽ രാജ് നടത്തിയ പുനരെഴുത്ത് ഈ സംഗീത സംവിധായകന്റെ പ്രതിഭയെ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.