കാരൾ ഗാനങ്ങളുടെ തമ്പുരാൻ

മലയാളത്തിലെ ക്രിസ്തീയ ഭക്തിഗാനങ്ങളിൽ തലമുറകൾ ഏറ്റുവാങ്ങിയതും പാടി നടക്കുന്നതുമായ ഒരുപിടി ഗാനങ്ങളുണ്ട്. യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, കാവൽ മാലാഖമാരേ.. ഇവയെല്ലാം പിറന്നുവീണത് ഒരേ ഗിറ്റാറിൽ നിന്നാണ്. ഗിറ്റാറിസ്റ്റ് ജോസഫ് എന്നറിയപ്പെട്ടിരുന്ന എ ജെ ജോസഫിന്റെ വിരൽത്തുമ്പുകളിൽ നിന്ന് ഈ ഗാനങ്ങൾ എഴുതിയതും ഈണമിട്ടതും എ ജെ ജോസഫ് ആണ്. അറുപതോളം ക്രിസ്തീയ ഭക്തിഗാനങ്ങളാണ് എ ജെ ജോസഫ് എഴുതി ഈണമിട്ടിട്ടുള്ളത്. അവയെല്ലാം ഇന്നും എത്രകേട്ടാലും മതിവരാത്ത ഗാനാമൃതം ചൊരിഞ്ഞു നിലനിൽക്കുന്നു.

പതിനഞ്ചാം വയസിൽ അപ്പൻ എ ജെ ജോൺ മരിക്കുമ്പോൾ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ പോറ്റാനാണു ജോസഫ് ഗാനമേള ട്രൂപ്പുകളോടൊപ്പം ചേർന്നത്. ആദ്യം വയലിൻ പഠിച്ചു. പിന്നീടു ഗിറ്റാറും നാടാകാചാര്യൻ എൻ എൻ പിള്ളയുടെ നാടക ഗ്രൂപ്പിൽ ഗിറ്റാറിസ്റ്റായി. പിന്നീടു നാടകലോകത്തു പേരെടുത്തു. കോട്ടയത്തു സ്വന്തമായി റിക്കോർഡിങ് സ്റ്റുഡിയോ തുടങ്ങി. കോട്ടയം ലൂർദ് പള്ളിയിൽ ക്വയർ മാസ്റ്റർ ആയിരിക്കേ ഒരു ദിവസം മനസിൽ തോന്നിയ ഈണത്തിനൊത്തു വരികൾ എഴുതി റിക്കോർഡ് ചെയ്തതാണ് ‘ യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്ന ഗാനം. പള്ളികളിൽ ആ ഗാനം ഹിറ്റായി. പക്ഷേ ആ ഗാനം യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കണമെന്നു ജോസഫ് ആഗ്രഹിച്ചു.

ഒരു അവാർഡ് ദാന ചടങ്ങിൽ ജോസഫിനോട് യേശുദാസ് തന്റെ തരംഗിണി റിക്കോർഡിങ് സ്റ്റുഡിയോയ്ക്കു വേണ്ടി ഒരു ക്രിസ്തീയ ഭക്തിഗാന കസെറ്റ് പുറത്തിറക്കുന്ന കാര്യം സംസാരിച്ചു. പക്ഷേ പാട്ടുകൾ കിട്ടാത്തതിനാൽ കസെറ്റ് വൈകി. അപ്പോഴാണു ജോസഫ് തന്റെ ഗാനങ്ങളെക്കുറിച്ചു യേശുദാസിനോടു പറഞ്ഞത്. ജോസഫ് പാടിയ പാട്ടുകളെല്ലാം യേശുദാസിന് ഇഷ്ടമായി. അങ്ങനെ സ്നേഹപ്രതീകം എന്ന കസെറ്റ് ഇറങ്ങി. യഹൂദിയായിലെ എന്ന ഗാനം വമ്പൻ ഹിറ്റായി. ഇന്നും ആ ഗാനങ്ങൾ ഹിറ്റുകളായി തുടരുന്നു. ആ ഗാനങ്ങളെല്ലാം പള്ളികളായ പള്ളികളിലെല്ലാം സംഗീതപ്രേമികളുടെ ആൾക്കൂട്ടങ്ങൾ ഏറ്റുപാടുന്നു.

ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം,കാരുണ്യക്കതിർ വീശി റംസാൻ പിറതെളിയുമ്പോൾ, ഒരേ സ്വരം,. ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം,മലരിതൾ ചിറകുമായ് മന്മഥപൗർണമി നീന്തിവന്നു... തുടങ്ങിയ ഹിറ്റ് സിനിമാഗാനങ്ങൾക്കു സംഗീതം പകർന്ന എ ജെ ജോസഫിന്റെ ഒട്ടേറെ ക്രിസ്്തീയ ഗാനങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയവയാണ്. കോട്ടയം ഈരയിൽക്കടവിൽ സ്ഥിര താമസം ഭാര്യ :പൊന്നമ്മ ജോസഫ്. മകൻ: ടോണി ജോൺസ്.

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍

രാപ്പാർത്തിരുന്നോരജപാലകർ

ദേവനാദം കേട്ട് ആമോദരായി (2)

............

വര്‍ണ്ണരാജികള്‍ വിടരും വാനില്‍

വെള്ളിമേഘങ്ങൾ ഒഴുകും രാവില്‍

താരക രാജകുമാരിയോടൊത്തന്ന്

തിങ്കള്‍ കല പാടി ഗ്ലോറിയാ

അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ.

............

താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)

തേജസു മുന്നില്‍ക്കണ്ടു അവര്‍ ബത് ലഹേം തന്നിൽ വന്നു.

രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)

അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)

............

മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ (2)

കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)

ദേവാധിദേവന്റെ തിരുസന്നിധിയില്‍ (2)

അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദി)

................................................

കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേ

താഴേയീ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നു (കാവൽ മാലാഖമാരേ..)

ഉണ്ണി ഉറങ്ങ് ഉണ്ണി ഉറങ്ങ് ഉണ്ണി ഉറങ്ങുറങ്ങ്

തളിരാർന്ന പൊൻമേനി നോവുമേ

കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ (2)

സുഖ സുഷുപ്തി പകർന്നീടുവാൻ നാഥനു ശയ്യയൊരുക്കൂ (2)

(കാവൽ മാലാഖമാരേ...)

............

ഉണ്ണി ഉറങ്ങ് നീലനിലാമലർ മേയുന്ന ശാരോൻ

താഴ് വര തന്നിലെ പനിനീർ പൂവേ(2)

തേൻ തുളുമ്പും ഇതളുകളായ്

തൂവൽ കിടക്കയൊരുക്കൂ (2)

(കാവൽ മാലാഖമാരേ..)

............

ഉണ്ണി ഉറങ്ങ്..

ജോർദാൻ നദിക്കരെ നിന്നണയും

പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റേ(2)

പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ

പരിശുദ്ധ‌ രാത്രിയല്ലേ (2)

(കാവൽ മാലാഖമാരേ..)