‘ശോകഗാനം പോലും ആഘോഷമാക്കും’ – അതിശയോക്തിയെന്നു തോന്നാമെങ്കിലും കിഷോർ കുമാറിനെപ്പറ്റിയാകുമ്പോൾ ഈ വിശേഷണത്തിലും കഴമ്പുണ്ട്. ആ ജീവിതംതന്നെ അങ്ങനെയായിരുന്നു. അടിമുടി ആഘോഷം. അങ്ങനൊരാളുടെ കയ്യിൽ ഒരു ആഘോഷഗാനം പാടാൻ കിട്ടിയാലോ? ഗംഭീരമാക്കും!
ഇത്ര പ്രസാദാത്മകമായി മറ്റാരും ഒരു ക്രിസ്മസ് ഗാനം പാടിയിട്ടില്ലെന്നു തോന്നും. അത്ര സന്തോഷം നിറയ്ക്കുന്ന ആലാപനമാണ്
‘ശാന്താർ’ (1974) എന്ന ചിത്രത്തിൽ കിഷോർ കുമാർ പാടിയ
‘ആത്താ ഹെ ആത്താ ഹെ
സന്താക്ലോസ് ആത്താ ഹെ
ഏക് ഹിരൺ കി ബഗ്ഗി പർ
ഗീത് സുനാതാ ആത്താ ഹെ
മെറി ക്രിസ്മസ് മെറി ക്രിസ്മസ്...’
നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഹിന്ദി സിനിമയിൽ ഇതിന്റെ പ്രശസ്തിയെ കടത്തിവെട്ടുന്ന ഒരു ക്രിസ്മസ് ഗാനം ഉണ്ടായിട്ടില്ല.
ആർ. കൃഷ്ണൻ, എസ്. പഞ്ജു എന്നിവർ ചേർന്നു സംവിധാനം ചെയ്ത ‘ശാന്താർ’ കെ.വി.വി. അർധനാരിയാണു നിർമിച്ചത്. സഞ്ജീവ് കുമാർ– ഷർമിളാ ടഗോർ ടീമിന്റെ പ്രശസ്ത സിനിമകളിലൊന്നാണിത്.
രജീന്ദ്ര കൃഷ്ണന്റെ വരികൾക്കു സംഗീതം നൽകിയതു സാക്ഷാൽ ലക്ഷ്മികാന്ത് – പ്യാരേലാൽ. മുഹമ്മദ് റഫി, മഹേന്ദ്ര കപൂർ, ആശാ ഭോസ്ലേ എന്നിവർ പാടിയ ഗാനങ്ങളും ചിത്രത്തിലുണ്ടെങ്കിലും ഏറ്റവും ഹിറ്റായത് കിഷോർ കുമാർ പാടിയ ‘ആത്താ ഹെ...’ തന്നെ.
ഒരു കുട്ടി സാന്താക്ലോസിനെ സ്വപ്നം കാണുന്നതാണു ഗാനരംഗം. സാന്താ ഒരു ചാക്കു നിറയെ സമ്മാനമങ്ങളുമായി മഞ്ഞുവണ്ടിയിൽ വരുന്നു. അവൾക്കും കൂട്ടുകാരികൾക്കുമൊപ്പം ആടിപ്പാടുന്നു. എല്ലാവർക്കും സമ്മാനം കൊടുക്കുന്നു. ആഘോഷത്തിന്റെ ഒടുവിൽ കുഞ്ഞുങ്ങൾക്കു മധുരചുംബനം നല്കിയിട്ട് ‘അടുത്തവർഷം കാണാം’ എന്ന വാഗ്ദാനവുമായി മഞ്ഞുവണ്ടിയിൽ കയറി മറയുന്നു. സുന്ദരമായ ഗാനവും ഗാനരംഗവും.
‘ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ്...’ എന്ന പ്രശസ്തമായ കാരൾ ഗാനത്തിന്റെ ഈണത്തിൽത്തന്നെയാണു പാട്ടു തുടങ്ങുന്നത്. അതിലൂടെ, പാടാനുള്ള അനായാസതയും ക്രിസ്മസിനോടുള്ള വൈകാരിക അടുപ്പവും ഉറപ്പുവരുത്താൻ ലക്ഷ്മികാന്ത്– പ്യാരേലാൽ ശ്രദ്ധിക്കുന്നു.
കിഷോർ കുമാറിനെപ്പറ്റി പറയുമ്പോൾ റഫിയെ പരാമർശിക്കാതിരിക്കാൻ കഴിയില്ല. കിഷോറിനക്കാൾ എത്രയോ അധികം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ റഫി പാടിയിരിക്കുന്നു. ഒരുപാടു ക്രിസ്ത്യൻ ഭജനുകളും ഇതിൽ ഉൾപ്പെടുന്നു. മധുകർ പഥക്കിന്റെ സംഗീതത്തിൽ അദ്ദേഹം പാടിയ ഭക്തിഗാനം
‘ചലോ ദർശൻ കർനേ കോ
ജഗ്‌രഖ്‌വാലാ ആയാഹേ...’ മനോഹരമായ ക്രിസ്മസ് ഗാനമാണ്.