കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പാട്ടുണ്ട്. ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ഒരുമിച്ചു പാടിയ കരോൾ ഓഫ് ദ ബെൽസിന്റെ അകാപെല്ല വെർഷൻ. തൃശൂരിലെ സിംഗിങ് സിബ്ലിങ്സ് എന്നറിയപ്പെടുന്ന കുട്ടികളായിരുന്നു ആ വിഡിയോക്ക് പിന്നിൽ! ഒരൊറ്റ പാട്ടുകൊണ്ട് അവർ ലോകമെമ്പാടും ആരാധകരെ നേടി. ഒരിടവേളയ്ക്കു ശേഷം പുതിയൊരു പാട്ടുമായി അവർ വീണ്ടും എത്തുകയാണ്. ക്രിസ്മസ് സന്ദേശം പങ്കുവയ്ക്കുന്ന 'സ്റ്റാർ ഓഫ് ദ വേൾഡ്' എന്ന ഗാനവുമായാണ് ഈ ക്രിസ്മസ് കാലത്ത് അവരെത്തുന്നത്. യുട്യൂബിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് സിംഗിങ് സിബ്ലിങ്സിന്റെ പുതിയ ഗാനം.
ആ പുഞ്ചിരിക്കുട്ടികൾ ആറു പേർ
തൃശൂർ സ്വദേശികളായ ഷെജിൻ തോമസ്–സ്മിത ദമ്പതികളുടെ ആറുമക്കളാണ് 'ജോയ്ഫുൾ സിക്സ്' എന്നറിയപ്പെടുന്ന 'സിംഗിങ് സിബ്ലിങ്സ്'. ജെസീക, ജെസീയ, ജെസെ, ജോഷ്വാ, ജൊയാന, പിന്നെ ജൊഹാൻ! ഒരു വീട്ടിലെ ആറു പുഞ്ചിരിക്കുട്ടികളാണു പാട്ടിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കരോൾ ഓഫ് ദ ബെൽസ് പാടുമ്പോൾ ഏറ്റവും ഇളയകുട്ടിയ ജൊഹാന് രണ്ടു വയസ്. ഒരു വർഷത്തിനിപ്പുറം പുതിയ പാട്ടുമായി ജോയ്ഫുൾ സിക്സ് എത്തിയപ്പോൾ ചേച്ചിമാർക്കും ചേട്ടൻമാർക്കുമൊപ്പം പാട്ടുമായി മൂന്നു വയസുകാരൻ ജൊഹാനുമുണ്ട്.
അപ്പച്ചനു വേണ്ടിയൊരുക്കിയ സർപ്രൈസ് വൈറലായി
കരോൾ ഓഫ് ദ ബെൽസ് എന്ന ആദ്യ വീഡിയോ സംഭവിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. അത് ഈ പാട്ടുവീട്ടിലെ മൂത്തമകളായ ജെസീക പറയും. "കഴിഞ്ഞ വർഷം അവസാനം അപ്പച്ചൻ യു.എസിൽ ആയിരുന്നു. ക്രിസ്മസിനോട് അടുത്താണ് അപ്പച്ചൻ വരിക. വീട്ടിലെത്തുന്ന അപ്പച്ചന് ഒരു സർപ്രൈസ് കൊടുക്കാൻ ഞങ്ങൾ മക്കൾ തീരുമാനിച്ചു. എന്തു ചെയ്യും എന്നൊന്നും ധാരണയുണ്ടായിരുന്നില്ല. എന്റെ ക്ലാസിലെ കുട്ടികൾ പെന്റടോണിക്സ് ബാന്റിനെ കുറിച്ചു പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ദിവസം യാദൃച്ഛികമായി യുട്യൂബിൽ അവരുടെ 'കരോൾ ഓഫ് ദി ബെൽസ്' കണ്ടു. അനിയന്മാരെയും അനിയത്തിമാരെയും കാണിച്ചു. അവർക്കും ഇഷ്ടായി. അങ്ങനെയാണ് ആ പാട്ടു പഠിക്കാൻ തീരുമാനിച്ചത്."
പെന്റെടോണിക്സിന്റെ അകാപെല്ല വേർഷൻ പഠിച്ചെടുക്കുന്നത് അൽപം ബുദ്ധിമുട്ടേറിയ പണിയായിരുന്നു. പക്ഷേ, ജെസീകയുടെ നേതൃത്വത്തിൽ കുട്ടികളെല്ലാം അതു പഠിച്ചെടുത്തു. അമ്മ പോലും അറിയാതെയായിരുന്നു കുട്ടിക്കൂട്ടത്തിന്റെ പാട്ടു പഠിത്തം. ഒടുവിൽ അപ്പച്ചൻ വീട്ടിലെത്തി. കുട്ടിക്കൂട്ടം നിരന്നു നിന്നു 'കരോൾ ഓഫ് ദി ബെൽസ്' അകാപെല്ല വെർഷൻ അവതരിപ്പിച്ചു. പാട്ടു കേട്ട് ഷെജിനും സ്മിതയും ഞെട്ടിപ്പോയി. കുട്ടികൾക്കു പാട്ടിൽ താൽപര്യമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അവരുടെ ഉള്ളിലെ കഴിവ് കണ്ട് ഇരുവരും അത്ഭുതപ്പെട്ടു. അങ്ങനെയാണ്, ആ ഗാനം വിഡിയോ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.
ആദ്യഗാനം ഹിറ്റ്
കരോൾ ഓഫ് ദ ബെൽസ് യുട്യൂബില് അപ്ലോഡ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ അതു വൈറലായി. ഫെയ്സ്ബുക്കിലും വീഡിയോ നിരവധി പേർ ഷെയർ ചെയ്തു. സഹോദരങ്ങളായ കുട്ടികൾ പാടുന്ന പാട്ടെന്ന കൗതുകം കൂടിയുണ്ടായിരുന്നു ആ പങ്കുവയ്ക്കലിന്. 'ഒരു വീട്ടിൽ ഒരു കുട്ടി' എന്ന സമവാക്യത്തിൽ ഓടിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തിൽ ഒരു വീട്ടിലെ ആറുകുട്ടികൾ ചേർന്നൊരുക്കിയ സന്തോഷഗീതം അദ്ഭുതമായി. 'ജോയ്ഫുൾ സിക്സ്' അങ്ങനെ സംഗീതാസ്വാദകരുടെ പുഞ്ചിരിക്കുട്ടികളായി
പുതിയ വിഡിയോ
ഈ വർഷം ജെസീക പത്തിലാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ കുട്ടിക്കൂട്ടത്തിന് പുതിയ പാട്ടുകളൊന്നും സെറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 'പുതിയ പാട്ടെവിടെ' എന്ന ആരാധകരുടെ ചോദ്യത്തിനു മറുപടിയാണ് ജോയ്ഫുൾ സിക്സിന്റെ 'സ്റ്റാർ ഓഫ് ദി വേൾഡ്' ഗാനം. ഷെൽട്ടൺ പിൻഹെരോയുടെ വരികൾക്ക് ഡെർവിൻ ഡിസൂസ സംഗീതം നൽകി ജോയ്ഫുൾ സിക്സ് ആലപിച്ച സ്റ്റാർ ഓഫ് ദി വേൾഡ് എന്ന ഗാനവും ഹിറ്റായിക്കഴിഞ്ഞു. സിജോ വടക്കൻ ആണ് ആൽബം നിർമിച്ചിരിക്കുന്നത്.
വലിയ കുടുംബത്തിന്റെ സന്തോഷം
ഒരുമിച്ചു പാടാൻ കഴിയുന്നതിന് ഈ കുട്ടികൾ നന്ദി പറയുന്നത് സ്വന്തം മാതാപിതാക്കളോടാണ്. 'അവർ ഞങ്ങൾക്കു ജന്മം നൽകിയില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരുമിച്ചിരുന്നു പാടാൻ ഞങ്ങൾക്കു കഴിയുമായിരുന്നോ?', ജെസീക പുഞ്ചിരിയോടെ ചോദിക്കുന്നു. 'ഒരു വലിയ കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞതാണു ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. ഇവിടെ ഞങ്ങളിൽ ഒരാളെ സ്നേഹിക്കാനും ചേർത്തു പിടിയ്ക്കാനും മറ്റും ഏഴു പേരുണ്ട്. ഞങ്ങളുടെ വീട്ടിലെ ഈ സന്തോഷമാണു സംഗീതത്തിലൂടെ ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം ഈ ജീവിതം അത്രയ്ക്കു വിലപ്പെട്ടതാണ്,' ജെസീക പറഞ്ഞു നിറുത്തി.