ആലായാൽ തറ വേണം ... സംഗീതപ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നാടൻപാട്ട്. ഏതു ഹിറ്റ് ചലച്ചിത്രഗാനത്തോടും കിടപിടിക്കുന്ന ഗാനം. യുവജനോൽസവ വേദികളിലും കലാപരിപാടികളിലും ചങ്ങാതിക്കൂട്ടങ്ങളിലും മറ്റും ഇന്നും കേൾക്കാം ഈ ഗാനം. മനസ്സിനെ നൃത്തംചെയ്യിക്കുന്ന താളം കൊണ്ടും മണ്ണിന്റെ ഗന്ധമുള്ള വരികൾ കൊണ്ടും സമ്പുഷ്ടമായ പാട്ട്. കേട്ടാൽ തന്നെ പറയാൻ കഴിയും, ഇതൊരു കാവാലം ഗാനമാണെന്ന്.
പുരുഷന് ഗുണവും സ്ത്രീകൾക്ക് അടക്കമൊതുക്കവും വേണമെന്നാണു പാട്ടിലെ പറച്ചിൽ. അതിനോടുപമിക്കുന്നതോ ശ്രീരാമനോടും സീതയോടും. വാക്കിന് പൈങ്കിളിപ്പെണ്ണിന്റെ തെളിച്ചവും ശുദ്ധിയും വേണം. നാട് നന്നാവണമെങ്കിൽ നല്ല ഭരണാധികാരി മാത്രം പോര നല്ല പ്രജകളും വേണം. ഉപമകളും നാടൻചൊല്ലുകളും നിറഞ്ഞു നിൽക്കുന്ന വരികൾക്ക് താളം നൽകിയതും കാവാലം നാരായണപ്പണിക്കർ തന്നെയായിരുന്നു. നെടുമുടി വേണുവാണ് ആലാപനം. കേട്ടിരിക്കുമ്പോൾ പാട്ടിൽ കാണുന്ന അമ്പലക്കുളത്തിലും ആൽത്തറയിലും എത്തും മനസ്സ്.
1992 ലാണ് മോഹൻ സംവിധാനം ചെയ്ത ആലോലം പുറത്തിറങ്ങുന്നത്. നെടുമുടി വേണു, ഭരത് ഗോപി, ശങ്കരാടി, കെ.ആർ. വിജയ എന്നിവർ പ്രധാനകഥാപാത്രങ്ങൾ.
ആ ഗാനം
ചിത്രം: ആലോലം
സംഗീതം: കാവാലം നാരായണ പണിക്കർ
രചന: കാവാലം നാരായണ പണിക്കർ
ആലാപനം: നെടുമുടി വേണു
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ച് ചെന്നകം പുക്കാന്‍ ചന്ദനം വേണം
പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കളായാൽ അടക്കം വേണം
യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ, കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിക്കാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്ക് ഭരതന്‍ നല്ലൂ, പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ
നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം
നാടിനു ഗൂണമുള്ള പ്രജകള്‍ വേണം..
മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്ക് നല്ലൂ.
പാല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ