പൂക്കാലം വന്നൂ പൂക്കാലം... 

പ്രണയം അഭിനയിക്കാനാകുമോ? എത്ര അഭിനയിച്ചാലും പരസ്പരം കണ്ണുകൾ കൊണ്ടും വിരലുകൾ കൊണ്ടും ഹൃദയത്തിലും കൈത്തുമ്പുകളിലുമൊക്കെ തൊടുന്നതിന്റെ അവസാനം പ്രണയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിപ്പോകും. രാമഭദ്രനും മാലുവിനും സംഭവിച്ചത് പോലെ. കുടുംബങ്ങളുടെ വൈരാഗ്യത്തിനിടയിൽ അവർക്കിടയിൽ പ്രണയത്തിന്റെ നനുത്ത മലരുകൾ വന്നു വീഴുന്നതെപ്പോഴാവാം! കുടിപ്പകയുടെ കനലുകൾ കേട്ട് അവിടെ പ്രണയത്തിൽ മഴയിൽ അവർ നനഞ്ഞു തുടങ്ങിയത് എപ്പോൾ മുതലാകാം? ഒരു അഭിനയത്തിൽ തുടങ്ങി പിന്നെ ജീവിതത്തിൽ അവൻ അല്ലാതെ മറ്റൊരാൾ വേണ്ടെന്നു അവളും അവളിലല്ലാതെ ഇനി ജീവിതമില്ലെന്ന് അവനും ചിന്തിച്ചു പോയത് എന്നുതൊട്ടാകും? ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ല, പ്രത്യേകിച്ച് അത് പ്രണയത്തിനു ഉയിര് വീണ സമയത്തെക്കുറിച്ചാണെങ്കിൽ. 

"പൂക്കാലം വന്നൂ പൂക്കാലം
തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ
പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
കുരുന്നില കൊണ്ടെൻ മനസ്സിൽ
ഏഴുനിലപ്പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറുമഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല"

ബിച്ചു തിരുമലയുടെ വരികൾക്ക് എസ് ബാലകൃഷ്ണന്റെ സംഗീതം ഈ പാട്ടിനെ പാട്ടു പ്രണയികളുടെ ഇടയിൽ ഇപ്പോഴും കെടാതെ കൊണ്ട് പോകുന്നുണ്ട്. ഉണ്ണി മേനോന്റെ ജീവസ്സുറ്റ സ്വരവും കെ എസ് ചിത്രയുടെ ആലാപന ഭംഗിയും നെഞ്ചിലെങ്ങോ കൊണ്ട പോലെ. ഒരു തീയേറ്ററിൽ തുടർച്ചയായി നാനൂറു ദിവസത്തിലധികം ഓടിച്ച് റെക്കോഡ് നേടിയ ഗോഡ്ഫാദർ  പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും അഹന്തയുടെയും സ്നേഹത്തിന്റെയും കഥയായിരുന്നു. 

കുടുംബങ്ങളുടെ കുടിപ്പക നിരവധി സിനിമകൾക്ക് കഥയായിട്ടുണ്ട്. പക്ഷെ നാടകാചാര്യനായ എൻ എൻ പിള്ളയുടെ സ്വതസിദ്ധമായ അഭിനയ ശൈലിയും സംസാര രീതിയും കൊണ്ട് ഗോഡ്ഫാദർ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷവും ഒരു പോറൽ പോലും പറ്റാതെ നിലനിൽക്കുന്നു. 

"പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ
ഉടയും കരിവള തൻ ചിരിയും നീയും
പിടയും കരിമിഴിയിൽ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും 
നമുക്കുറങ്ങാൻ കിടക്ക തീർക്കും
താലോലമാലോലമാടാൻ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി "

പ്രണയത്തെ ഏറ്റവുമധികം ചേർത്ത് വയ്ക്കാനാവുക പ്രകൃതിയോടാണ്. പ്രകൃതിയുടെ ചില തുടിപ്പുകൾ, കാറ്റിന്റെ വിരലുകൾ, രാവിന്റെ തണുപ്പ്, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രണയ രൂപകങ്ങൾ. ഉടയുന്ന കരിവളയുടെ സ്വരമാണ് അവളുടെ ചിരിയ്ക്ക് , അവളുടെ കരിമിഴിയിൽ അലിയാതെ അവനു നിലനിൽപ്പില്ല. തണുത്ത കാറ്റിന്റെയും മനോഹരമായ രാവിലെയും നെഞ്ചിലമർന്നു ഒന്നിച്ചു കിടക്കുമ്പോൾ പ്രകൃതിയൊന്നാകെ പ്രണയത്തിനു കൂട്ടിരിക്കും. വീണ്ടുമൊരു പൂക്കാലമെത്തുന്നു... ചുണ്ടിൽ തേനും നെഞ്ചിൽ ചൂടുമായി പൂത്തുമ്പിയുടെ പാട്ട് അകമ്പടിയാകുന്നു. കുടുംബങ്ങളുടെ കലഹം അവരുടെ പ്രണയത്തിന്റെ പേമാരിയിൽ തണുത്ത് തണുത്തു ഉറയട്ടെ... പിന്നെ വസന്തത്തിന്റെയും സ്നേഹത്തിന്റെയും പെരുമഴ മനുഷ്യ മനസ്സുകളിൽ പെയ്തു തുടങ്ങട്ടെ... ഒറ്റയ്ക്കായി പോയ ഒരച്ഛന്റെ മനസ്സിൽ പെയ്തത് പോലെ...