Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമതിയില്ലാതെ യുഎപിഎ ചുമത്തരുത്: ഡിജിപി

തിരുവനനന്തപുരം∙ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഉത്തരവില്ലാതെ യുഎപിഎ പോലുള്ള നിയമം ആർക്കെതിരെയും ചുമത്തരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പൊലീസ് ആസ്ഥാനത്ത്, ക്രമസമാധാന ചുമതലയുള്ള എസ്പിമാർ മുതൽ എഡിജിപിമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ആവർത്തിച്ചു നിർദേശം നൽകിയിട്ടും രാഷ്ട്രീയക്കാർ അടക്കമുള്ളവർക്കെതിരെ ചില ജില്ലകളിൽ ഗുണ്ടാവിരുദ്ധ നിയമം ചുമത്തുന്നതിൽ ഡിജിപിയെ സർക്കാർ നേരത്തേ ശാസിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കർശന നിർദേശം നൽകിയത്. മാത്രമല്ല, ഈ നിയമം എങ്ങനെ, എപ്പോൾ ചുമത്തണമെന്ന വിശദമായ പഠനക്ലാസും അദ്ദേഹം നൽകി. ഇത്തരം കേസുകൾ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം അന്വേഷിക്കേണ്ടത്.

ഇന്റലിജൻസ് സംവിധാനത്തിന്റെ വീഴ്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ ഐഎഎസ് ഉദ്യോഗസ്ഥർ യോഗം ചേർന്നതും കൂട്ട അവധിയെടുക്കാൻ തീരുമാനിച്ചതും ഉൾപ്പെടെ പല കാര്യങ്ങളും സർക്കാരിനെ മുൻകൂട്ടി അറിയിക്കുന്നതിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായി. അതിനാൽ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാകണമെന്നു നിർദേശിച്ചു.

അടുത്ത ഒരുവർഷം ക്രമസമാധാന പരിപാലനരംഗത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ എസ്പിമാരോട് ആവശ്യപ്പെട്ടു. എല്ലാ ആഴ്ചയും ഡിജിപിയും എസ്പിമാരുമായുള്ള വിഡിയോ കോൺഫറൻസ് നടത്തും. ഓരോ ജില്ലയിലെയും പ്രധാന വിഷയങ്ങൾ എസ്പിമാർ അപ്പോൾ അറിയിക്കണം. വിദേശത്തുള്ളവർ പ്രതികളായ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.