സംസ്ഥാന എൻജി., ഫാർമസി പ്രവേശന പരീക്ഷ ഇന്ന്

തിരുവനന്തപുരം∙ സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്നു തുടങ്ങും. ഇന്നും നാളെയുമായി സംസ്ഥാനത്തെ 307 കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായാണു പരീക്ഷ.

എൻജിനീയറിങ്, ഫാർമസി വിഭാഗങ്ങളിലായി 1.12 ലക്ഷം വിദ്യാർഥികളാണു പരീക്ഷയെഴുതുന്നത്. പ്രവേശന പരീക്ഷയിലെ സ്‌കോറിനും യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിനും തുല്യ പ്രാധാന്യം നൽകി പ്രവേശന കമ്മിഷണറേറ്റ് തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ രണ്ടു ദിവസത്തെ പരീക്ഷകളും എഴുതണം. സർക്കാർ ഫാർമസി കോളജുകളിൽ ബിഫാം, ഫാംഡി കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഇന്നത്തെ പേപ്പർ ഒന്ന്(ഫിസിക്‌സ് ആൻഡ് കെമിസ്ട്രി) എഴുതണം.

പരീക്ഷാകേന്ദ്രങ്ങളിൽ 20 കുട്ടികൾക്ക് ഒരു ഇൻവിജിലേറ്ററെ വീതം നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ നിരീക്ഷകരായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ 12.30 വരെയാണു പരീക്ഷ.

9.30ന് അകം അഡ്മിറ്റ് കാർഡുമായി വിദ്യാർഥികൾ പരീക്ഷാഹാളിൽ എത്തണം. നീലയോ കറുപ്പോ മഷിയുള്ള ബോൾപോയിന്റ് പേന ഒഴികെ മറ്റു വസ്തുക്കൾ പരീക്ഷാഹാളിൽ കൊണ്ടുപോകാൻ പാടില്ല.