തിരുവനന്തപുരം∙ എൻജിനീയറിങ് പ്രവേശന പരീക്ഷവിജയിച്ച വിദ്യാർഥികൾ, റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക് ഇന്നു മുതൽ എട്ടിനു വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കണം.ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി വിദ്യാർഥികൾ യോഗ്യതാ പരീക്ഷയിലെ മാർക്കും നാറ്റാ–2018 സ്കോറും നാളെ മുതൽ എട്ടിനു വൈകിട്ട് അഞ്ചു മണി വരെ ഓൺലൈനായി സമർപ്പിക്കണം.ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in ,www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
എൻട്രൻസ് സ്കോറിനും യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു)ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകും. മാർക്കുകൾ ഏകീകരണ പ്രക്രിയയ്ക്കു വിധേയമാക്കിയ ശേഷമാകും റാങ്ക് ലിസ്റ്റ് തയാറാക്കുക.
സമർപ്പിക്കേണ്ടതിങ്ങനെ
∙വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള കെഇഎഎം 2018 കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിലൂടെ വിദ്യാർഥികൾ അപേക്ഷാനമ്പർ, പാസ്‌വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിക്കുക.
∙ ശേഷം മാർക്ക് സബ്മിഷൻ ഫോർ എൻജിനീയറിങ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്യണം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക് ഇവിടെ സമർപ്പിക്കാം.
∙യോഗ്യതാ പരീക്ഷ പാസായ ബോർഡ്, വർഷം, റജിസ്റ്റർ നമ്പർ എന്നിവ രേഖപ്പെടുത്തുമ്പോൾ വിദ്യാർഥിയുടെ മാർക്ക് പരീക്ഷാ ബോർഡുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ വെബ്പേജിൽ ദൃശ്യമാകും.
∙ ഇപ്രകാരം സംഭവിച്ചാൽ മാർക്കുകൾ വീണ്ടും രേഖപ്പെടുത്തേണ്ട..
∙മാർക്ക് ലിസ്റ്റുമായി താരതമ്യം ചെയ്തു ശരിയാണെന്നു പരിശോധിച്ചു ബോധ്യപ്പെട്ടശേഷം തിരുത്തലുകൾ ആവശ്യമില്ലെങ്കിൽ ഫൈനലൈസ് മാർക്ക് ഡേറ്റാ എന്ന ബട്ടൺ ക്ലിക്ക് ചെയ്തു മാർക്ക് സമർപ്പിക്കണം.
∙വെബ്സൈറ്റിൽ കാണിച്ചിട്ടുള്ള മാർക്കുകൾ വ്യത്യസ്തമാണെങ്കിൽ ‘ചെയ്ഞ്ച് ബട്ടൺ’ ക്ലിക്ക് ചെയ്തു ശരിയായ മാർക്ക് സമർപ്പിക്കാം.
∙മാർക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ, പരീക്ഷാ ബോർഡുകൾ ലഭ്യമാക്കിയിട്ടില്ലെങ്കിൽ വിദ്യാർഥികൾ ബന്ധപ്പെട്ട വിഷയങ്ങൾക്കു ലഭിച്ച മാർക്കുകൾ രേഖപ്പെടുത്തണം.
∙വെബ്പേജിൽ കാണിച്ചിരുന്ന മാർക്കിൽ തിരുത്തലുകൾ വരുത്തിയവരും,മാർക്കുകൾ രേഖപ്പെടുത്തിയവരും പ്ലസ് ടു മാർക്ക്ഷീറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പ്രിന്റൗട്ട്
∙മാർക്കുകൾ സമർപ്പിച്ചതിനുശേഷം മാർക്ക് സബ്മിഷൻ കൺഫർമേഷൻ റിപ്പോർട്ടിന്റെ പ്രിന്റൗട്ട് എടുത്തു വിദ്യാർഥികൾ സൂക്ഷിക്കണം.
∙ഇത് അപ്‌ലോഡ് ചെയ്യുകയോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിലേക്ക് അയയ്ക്കുകയോ പാടില്ല.