കൊല്ലം ∙ കേരള എൻജിനീയറിങ് എൻട്രൻസും (കെഇഇ 2018) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മെഡിക്കൽ പ്രവേശന പരീക്ഷയും 27ന് നിശ്ചയിച്ചതോടെ വിദ്യാർഥികൾ ആശങ്കയിൽ. പ്രവേശന മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ, കേരള എൻജിനീയറിങ് മാനേജ്മെന്റ് അസോസിയേഷനിൽ അംഗങ്ങളായ സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിനുള്ള കേരള എൻജിനീയറിങ് എൻട്രൻസ് ഈ മാസം 13നു നടത്താനാണു നേരത്തെ നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് പരീക്ഷ 27ലേക്കു മാറ്റിയത്. അപേക്ഷിക്കാനുള്ള അവസാനതീയതി 21 ആയിരുന്നു. 24 മുതൽ 27 വരെ ഹാൾ ടിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാമെന്നും അറിയിപ്പിൽ പറഞ്ഞു. പുതുക്കിയ തീയതി വന്നപ്പോഴാണ് എയിംസിന്റെ പ്രവേശനപരീക്ഷയും അന്നാണെന്ന കാര്യം വിദ്യാർഥികളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇവർ കേരള എൻജിനീയറിങ് അസോസിയേഷന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചു.
എന്നാൽ, മറ്റൊരു ഞായറാഴ്ച ദിവസമായതിനാലാണ് 13ൽ നിന്നു പരീക്ഷ 27 ലേക്കു മാറ്റിയതെന്നും വേറെ ദിവസങ്ങളിൽ പരീക്ഷ സെന്ററുകളായ സ്കൂളുകളിൽ ഒഴിവില്ലെന്നും അസോസിയേഷൻ അധികൃതർ അറിയിച്ചതായി വിദ്യാർഥികൾ പറയുന്നു. സ്കൂൾ തുറന്നിട്ടില്ലാത്തതിനാൽ ഞായറാഴ്ച അല്ലാത്ത ദിവസവും പരീക്ഷ നടത്താൻ സാധിക്കില്ലേയെന്നാണു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യം. രണ്ടു പരീക്ഷകൾക്കും ഹാജരാകാൻ താൽപര്യപ്പെടുന്ന വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തരുതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.