Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമേഖല അടിസ്ഥാന വികസനം വേഗത്തിൽ: പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി∙ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഉന്നത ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള അടിസ്ഥാനസൗകര്യ വികസനം ആരോഗ്യമേഖലയിൽ ത്വരിതഗതിയിൽ പുരോഗമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വയോജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ലക്ഷ്യമിട്ടുള്ള നാഷനൽ സെന്റർ ഫോർ ഏജിങ് (എൻസിഎ) പദ്ധതിക്കു ഡൽഹി എയിംസിൽ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കൂടാതെ ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളജിലും എൻസിഎ സ്ഥാപിക്കും. രാഷ്ട്രീയ വരിഷ്ഠ് ജൻ സ്വാസ്ഥ്യ യോജനയുടെ (ആർവിജെഎസ് വൈ) കീഴിലാണു പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണു വയോജനങ്ങൾക്കായി വിപുലമായ ചികിൽസാ സംവിധാനങ്ങളുള്ള കേന്ദ്രം തുടങ്ങുന്നത്.

ആരോഗ്യവകുപ്പിനോടൊപ്പം ഗ്രാമീണ വികസന വകുപ്പ്, വനിതാ–ശിശു ക്ഷേമ മന്ത്രാലയം, ആയുഷ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യരംഗത്തു ഗുണപരമായ മാറ്റങ്ങൾക്കുള്ള ശ്രമം വിജയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2025ൽ ക്ഷയരോഗം പൂർണമായി നിർമാർജനം ചെയ്യും. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, അശ്വിനികുമാർ ചൗബെ, അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ, എയിംസ് ഡയറക്ടർ പ്രഫ. രൺദീപ് ഗുലേരിയ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

എയിംസിലെയും സഫ്ദർജങ് ആശുപത്രിയിലെയും മറ്റു നാലു പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

വയോജനക്ഷേമ പദ്ധതിയുടെ (എൻസിഎ) സവിശേഷതകൾ

∙ ആകെ 330 കോടി ചെലവ്. പദ്ധതി 2020ൽ പൂർത്തിയാക്കും.

∙ സ്പെഷ്യൽറ്റി ചികിൽസ ഉൾപ്പെടെ മേഖലകളിൽ വിപുല ഗവേഷണം.

∙ 75 വയസ്സിനു മുകളിലുള്ളവരുടെ ചികിൽസയ്ക്കു മുൻഗണന.

∙ 20 മെഡിക്കൽ ഐസിയു ഉൾപ്പെടെ 200 കിടക്കകൾ.

∙ മൾട്ടി സ്പെഷ്യൽറ്റി ചികിൽസാ സൗകര്യം.

∙ വയോജന ചികിൽസാ സമ്പ്രദായത്തിൽ 15 പിജി സീറ്റുകൾ.

∙ വീടുകളിലെത്തി ചികിൽസ നൽകാൻ പ്രത്യേക സംഘം.

വാജ്പേയിയെ മോദി സന്ദർശിച്ചു

ന്യൂഡൽഹി∙ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിൽസയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. പത്തു മിനിറ്റോളം വാജ്പേയിക്കു സമീപം ചെലവിട്ടു. എയിംസിൽ ചികിൽസയിലുള്ള വാജ്പേയിയെ മൂന്നാം തവണയാണു മോദി സന്ദർശിക്കുന്നത്.