തിരുവനന്തപുരം ∙ ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറും എഴുതിയ 90,233 വിദ്യാർഥികളിൽ 58,268 പേർ ബിടെക് പ്രവേശനത്തിനു യോഗ്യത നേടി. ഫാർമസി പ്രവേശന പരീക്ഷ എഴുതിയ 64,795 പേരിൽ 47,974 പേരാണു ബിഫാം പ്രവേശനത്തിനു യോഗ്യത നേടിയത്.
പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്കു ലഭിച്ച സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഹയർസെക്കൻഡറി മാർക്കു കൂടി ചേർത്തു സമീകരിച്ച റാങ്ക് പട്ടിക ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസിലെ വ്യവസ്ഥ അനുസരിച്ച് ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഫാർമസി റാങ്ക് പട്ടികയും ജൂൺ മൂന്നാം വാരം പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പർ എഴുതിയവരെയാണു ബിഫാം പ്രവേശനത്തിനു പരിഗണിക്കുന്നത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വരുന്നതനുസരിച്ച്, ഹയർസെക്കൻഡറി മാർക്ക് ഓൺലൈനായി നൽകുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും.