Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുജിസി മാനദണ്ഡം പാലിക്കണമെന്നു ഗവർണർ; വിസി, പിവിസി നിയമനം അനിശ്ചിതത്വത്തിൽ

p.-sathasivam ഗവർണർ പി.സദാശിവം.

തിരുവനന്തപുരം∙ സർവകലാശാലകളിലെ നിയമനത്തിനു യുജിസി മാനദണ്ഡം കർശനമായി പാലിക്കണമെന്നു ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം. ഈ സാഹചര്യത്തിൽ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ നിയമനം അനിശ്ചിതത്വത്തിൽ. കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി തസ്തികയും കുസാറ്റ്, എംജി എന്നിവിടങ്ങളിലെ പിവിസി തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. കേരള പിവിസി അടുത്തമാസം ഒഴിയും.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ച് 2010 മുതൽ വിസി, പിവിസി, പ്രിൻസിപ്പൽ, പ്രഫസർ തസ്തികകളിൽ നിയമനം നടത്താൻ യുജിസി വ്യവസ്ഥകൾ കർശനമായി പാലിക്കണം . എന്നാൽ കണ്ണൂർ, സംസ്കൃത സർവകലാശാലകളുടെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സേർച്ച് കമ്മിറ്റിയിൽ യുജിസി വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് അക്കാദമിക് പണ്ഡിതരല്ലാത്തവരെയാണ് ഉൾപ്പെടുത്തിയത്.

കണ്ണൂരിൽ സിൻഡിക്കറ്റ് പ്രതിനിധിയായി മുൻ എംഎൽഎ എം.പ്രകാശനും സംസ്കൃത സർവകലാശാലയിൽ ടി.വി.രാജേഷ് എംഎൽഎയുമാണ് സേർച്ച് കമ്മിറ്റിയിലേക്കു നാമനിർദേശം ചെയ്യപ്പെട്ടത്. സേർച്ച് കമ്മിറ്റിയിൽ സിൻഡിക്കറ്റ് പ്രതിനിധിയാകുന്നയാൾ അക്കാദമിക് പണ്ഡിതനായിരിക്കണമെന്നാണ് യുജിസി വ്യവസ്ഥ. ഇവരെ ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നതു ചട്ടലംഘനമാകുമെന്നു ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ നിയമാനുസൃതമുള്ള സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ യോഗ്യതയുള്ള സിൻഡിക്കറ്റ് പ്രതിനിധികളെ വീണ്ടും നാമനിർദേശം ചെയ്യേണ്ടി വരും. നിശ്ചിതവർഷം പ്രഫസർഷിപ് ഉള്ളവരെ മാത്രമേ വിസിയും പിവിസിയുമായി നിയമിക്കാനാവൂ. ഇടത് അധ്യാപക സംഘടനകളിലെ നേതാക്കന്മാരിൽ പലർക്കും ഇതോടെ ഈ സ്ഥാനത്തെത്താൻ സാധിക്കില്ലെന്ന അവസ്ഥയുമുണ്ട്.

related stories