തിരുവനന്തപുരം∙ രണ്ടാം വർഷ ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ അഞ്ചു മുതൽ 12 വരെ നടത്തും. രാവിലെ 9.30 നും ഉച്ചതിരിഞ്ഞു രണ്ടിനുമാണു പരീക്ഷ. ഈ മാസം 16 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. തിയറി പേപ്പറുകൾക്കു മാത്രമേ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഉണ്ടാവൂ. വിദ്യാർഥികൾ മാർച്ചിൽ പരീക്ഷയെഴുതിയ കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.
മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ആദ്യമായി എഴുതി യോഗ്യത നേടാൻ സാധിക്കാത്തവർക്കാണു സേ എഴുതാൻ സാധിക്കുക. യോഗ്യത നേടാത്ത എല്ലാ വിഷയങ്ങളും വീണ്ടും എഴുതാൻ അവസരമുണ്ട്. കംപാർട്ടുമെന്റൽ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് ആ വിഷയത്തിന്റെ മാത്രം സേ എഴുതാം. ഇവർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾക്കു ഡി ഗ്രേഡോ അതിൽ താഴെയോ ആണെങ്കിൽ എഴുതാൻ അർഹതയില്ല.
മാർച്ചിൽ ആദ്യമായി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ റഗുലർ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാത്രം സ്കോർ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഇത്തവണ ഗൾഫിലും പരീക്ഷാകേന്ദ്രം ഉണ്ടാകും.
സേ പരീക്ഷയ്ക്കു പേപ്പർ ഒന്നിന് 150 രൂപയും ഇംപ്രൂവ്മെന്റിന് 500 രൂപയുമാണ് ഫീസ്. പുറമേ സർട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. രണ്ടാം വർഷ തിയറി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ നേരത്തെ ലഭിച്ച നിരന്തര മൂല്യനിർണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഒന്നാം വർഷ തിയറി പരീക്ഷയുടെ സ്കോറും വീണ്ടും പരിഗണിക്കും.
നേരത്തെ പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾ പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കണം. 28, 29 തീയതികളിൽ പ്രായോഗിക പരീക്ഷ ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തിൽ നടത്തും.പ്രായോഗിക പരീക്ഷയെഴുതുന്നവർ പേപ്പർ ഒന്നിന് 25 രൂപ അധിക ഫീസ് ആയി നൽകണം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും സ്കൂളുകളിലും ഡിപ്പാർട്ട്മെന്റ് പോർട്ടലിലും ലഭ്യമാണ്. സേ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈയിലാണു നടത്തുക.