Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറിക്ക് 83.75% ജയം; 180 പേർക്ക് മുഴുവൻ മാർക്ക്

C Raveendranath

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.75% ജയം. കഴിഞ്ഞ വർഷം ഇത് 83.37% ആയിരുന്നു. 180 വിദ്യാർഥികൾ 1200 ൽ 1200 മാർക്കും നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 14,735 പേരാണ്–10,899 പെൺകുട്ടികളും 3,836 ആൺകുട്ടികളും. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 80.32% ആണു ജയം.

ഹയർസെക്കൻഡറി റെഗുലർ വിഭാഗത്തിൽ 3,69,021 പേർ പരീക്ഷയെഴുതിയതിൽ 3,09,065 പേർ‌ ഉപരിപഠന അർഹത നേടി. വിജയശതമാനത്തിൽ മുന്നിൽ കണ്ണൂർ ജില്ലയാണ്–86.75%. ഏറ്റവും പിന്നിൽ പത്തനംതിട്ട–77.16%. കൂടുതൽ എ പ്ലസുകാർ ഉള്ള ജില്ല മലപ്പുറമാണ് (1,935). 100% വിദ്യാർഥികളെയും ജയിപ്പിച്ച 79 സ്കൂളുകളുണ്ട്. വിജയശതമാനത്തിൽ പെൺകുട്ടികളാണു മുന്നിൽ. 1,97,633 പെൺകുട്ടികളിൽ 1,78,492 പേരും (90.31%) ജയിച്ചു. 1,73,106 ആൺകുട്ടികളിൽ 1,31,897 പേർക്കാണ് (76.19%) ജയം നേടാനായത്.

ഏറ്റവുമധികം വിദ്യാർഥികൾ ജയിച്ചതു സയൻസ് വിഭാഗത്തിലാണ്–85.91% ജയം. 1,81,694 സയൻസ് വിദ്യാർഥികളിൽ 1,56,087 പേരാണ് ജയിച്ചത്. 1,13,372 കൊമേഴ്സ് വിദ്യാർഥികളിൽ 96,620 പേരും ജയിച്ചു (85.22%). ഹ്യുമാനിറ്റീസിൽ 73,955 പേർ എഴുതിയെങ്കിലും ജയിച്ചത് 56,358 പേർ (76.21%). പട്ടികജാതി വിദ്യാർഥികളിൽ 64.27%, പട്ടികവർഗക്കാരിൽ 63.52%, ഒഇസി വിഭാഗത്തിൽ 75.05%, ഒബിസി വിഭാഗത്തിൽ 85.51%, ജനറൽ വിഭാഗത്തിൽ 90.19% പേർ വീതമാണു ജയിച്ചത്.

സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 82.18% കുട്ടികളും എയ്ഡഡ് സ്കൂളുകളിലെ 86.14% കുട്ടികളും ജയം നേടി. അൺഎയ്ഡഡ് സ്കൂളുകളിലെ വിജയശതമാനം 76.47%. സയൻസ് വിഭാഗത്തിലെ 11,569 പേർക്കും ഹ്യുമാനിറ്റീസിലെ 670 പേർക്കും കൊമേഴ്സിലെ 2,496 പേർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്.

മലയാളം 91,414 എ പ്ലസോടെ ഒന്നാമത്

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയതു മലയാളത്തിന്. പരീക്ഷ എഴുതിയ 1,91,512 വിദ്യാർഥികളി‍ൽ 91,414 പേരാണു മലയാളത്തിന് എ പ്ലസ് നേടിയത്. ഹിന്ദി– 77,996 പേർ,   ഇംഗ്ലിഷ്–33995, ബയോളജി– 37,858, ഫിസിക്സ്– 22,705 പേർ വീതവും എ പ്ലസ് നേടി. കണക്കിന് 27,492 പേരാണ് എ പ്ലസ് നേടിയത്. ശാസ്ത്ര വിഷയങ്ങളിൽ ബയോളജിക്കാണ് ഏ​റ്റവും കൂടുതൽ പേർ വിജയിച്ചത്– 1,47,808 പേർ പരീക്ഷ എഴുതിയതിൽ 1,40,642 പേർ വിജയിച്ചു (95.15%)  

ഗണിതം– 88.24%,  ഫിസിക്സ്– 89.39%, രസതന്ത്രം– 89.25% വീതമാണു ജയം. ഭാഷാവിഷയങ്ങളിൽ ഇംഗ്ലിഷിനാണു കൂടുതൽ പേർ പരീക്ഷയെഴുതിയത്. 3,34,592 പേർ ജയിച്ചു 90.67 ആണു വിജയശതമാനം. ഹിന്ദിക്ക് 99.85% പേരും മലയാളത്തിന് 99.12% പേരും ജയിച്ചു. വിദേശഭാഷകളായ ഫ്രഞ്ച്, ലാറ്റ​ിൻ, സിറിയക്, ജർമൻ, റഷ്യൻ എന്നിവയിൽ 100% വിജയം.

സർക്കാർ സ്കൂളുകളിൽ 82.18% വിജയം

തിരുവനന്തപുരം∙ ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 1,27,704 പേർ ഉപരിപഠനത്തിന് അർഹത നേടി. 826 ഗവ. സ്കൂളുകളിൽ നിന്ന് 1,55,396 പേരാണു പരീക്ഷയെഴുതിയത്. 82.18% ആണ് വിജയം. സംസ്ഥാനത്തെ 855 എയ്ഡഡ് സ്കൂളുകളിൽ നിന്ന് 1,85,770 പേർ പരീക്ഷയെഴുതിയതിൽ 1,60,022 പേർ വിജയിച്ചു– 86.14% ജയം.  

351 അൺ എയ്ഡഡ് സ്കൂളുകളിൽ 27,628 പേർ പരീക്ഷയെഴുതിയതിൽ 21,128 പേർ ഉപരിപഠനത്തിനു യോഗ്യത നേടി– 76.47 വിജയശതമാനം. 15 ടെക്നിക്കൽ സ്കൂളിൽ നിന്ന് 1246 പേരും പത്ത് സ്പെഷ്ൽ സ്കൂളിൽ നിന്ന് 211 പേരും ഉപരിപഠനത്തിന് അർഹത നേടി. കലാമണ്ഡലം ആർട്സ് സ്കൂളിൽ പരീക്ഷയെഴുതിയ 95 പേരിൽ 78 പേർ വിജയിച്ചു.

ജയത്തിൽ മുന്നിൽ കണ്ണൂർ ജില്ല

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം കണ്ണൂർ ജില്ലയിൽ– 86.75%. കുറവ് പത്തനംതിട്ടയിൽ– 77.16%. മറ്റു ജില്ലകളിലെ വിജയ ശതമാനം: തിരുവനന്തപുരം– 81.91, കൊല്ലം– 83.95, ആലപ്പുഴ– 79.57, കോട്ടയം– 84.18, ഇടുക്കി– 85.6, എറണാകുളം– 86.11, തൃശൂർ– 84.01, പാലക്കാട്– 79.69, കോഴിക്കോട്– 86.57, മലപ്പുറം– 85.52, വയനാട്– 86.18, കാസർകോട്– 79.54.