Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേഡ് പാ‍ർട്ടി ഇൻഷുറൻസ് പ്രീമിയം: കഴിഞ്ഞ വർഷത്തെക്കാൾ 27% വരെ വർധന

Vehicle

കൊച്ചി∙ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ വരുത്തിയ വൻ വർധന ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) കുറച്ചെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ 27 %വരെ വർധന ബാധകം.

തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 47% വരെയായിരുന്നു വർധന. ഇതിൽ 20% കുറവു വരുത്തി. പ്രീമിയം വർധനയിൽ നിന്നു ടാക്സി കാറുകൾ, 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾ, 1000 സിസി വരെയുള്ള കാറുകൾ എന്നിവയെ ഒഴിവാക്കിയിരുന്നു.
വിവിധ ഇനം വാഹനങ്ങൾക്കു ബാധകമായ പ്രീമിയം (15% നികുതി ഉൾപ്പെടെയുള്ള നിരക്ക്):

∙ 151 സിസി മുതൽ 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 855 രൂപ നികുതിയുണ്ടായിരുന്നത് 1173 രൂപയായി വർധിപ്പിച്ചത് പുതിയ ഉത്തരവിൽ 1077 രൂപയായി കുറച്ചു. 350 സിസിക്കു മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 1339 രൂപയിൽ നിന്നു 1172 രൂപയായി കുറച്ചു.

∙ ചെറിയ ഗുഡ്സ് ലോറികളുടെ കാര്യത്തിൽ പ്രീമിയം വർധിപ്പിച്ചിരുന്നില്ല. എന്നാൽ മീഡിയം ഗുഡ്സ് വെഹിക്കിളിനു 17,908ൽ നിന്നു 24,968 രൂപയിലേക്കാണു പ്രീമിയം വർധിപ്പിച്ചത്. ഇത് 22,847 രൂപയായി കുറച്ചു. 20 ടൺവരെ ഭാരമുള്ള ലോറികളുടെ ഇൻഷുറൻസ് പ്രീമിയം വർധന 26,166ൽ നിന്നു 36,579 രൂപയിലേക്കായിരുന്നു. പുതിയ നിരക്ക് 33,467 രൂപ. 10,413 രൂപ വർധിപ്പിച്ചതിൽ നിന്ന് 3,112 രൂപ കുറച്ചു. എന്നിട്ടും 7300 രൂപ കഴിഞ്ഞ വർഷത്തേക്കാൾ അധികം നൽകണം. 40 ടൺ വരെ ഭാരമുള്ള ലോറികളുടെ പ്രീമിയം 29,856ൽ നിന്നു 40,010 ആയി വർധിപ്പിച്ചത് 36,600 ആയി കുറച്ചിട്ടുണ്ട്.

∙ ബസുകളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കിലും കുറവു വരുത്തിയിട്ടുണ്ട്. 49 സീറ്റുള്ള ബസിന് സീറ്റൊന്നിന് 629 രൂപയായിരുന്നു പ്രീമിയം. അത് 830 രൂപയായി വർധിപ്പിച്ചെങ്കിലും ഏറ്റവും ഒടുവിലെ ഉത്തരവിൽ 805 രൂപയായി നിശ്ചയിച്ചു. അവിടെയും കഴിഞ്ഞ വർഷത്തേക്കാൾ 176 രൂപയുടെ വർധനയുണ്ട്.
ഇതിനു പുറമെ ബേസിക് പ്രീമിയം 10,294 രൂപയായിരുന്നത് 3584 രൂപയായി വർധിപ്പിച്ചത് 408 രൂപ കുറച്ച് 13,176 രൂപയായി നിശ്ചയിച്ചു.

∙ ആയിരം മുതൽ 1500 സിസി വരെയുള്ള കാറുകളുടെ ഇൻഷുറൻസ് പ്രീമിയം 2745 രൂപയായിരുന്നത് 3778 രൂപയായി വർധിപ്പിച്ചിരുന്നു. ഇത് 3469 രൂപയായി കുറച്ചു. 309 രൂപയുടെ കുറവ്. 1500 സിസിക്ക് മുകളിലുള്ള കാറുകളുടെ പ്രീമിയം 7230ൽ നിന്ന് 10,097 ആയാണു വർധിപ്പിച്ചത്. പുതിയ ഉത്തരവനുസരിച്ച് 9247 രൂപയാണു നിരക്ക്.