സുന്ദരിയായ നടി ബുട്ടീക് തുടങ്ങി. നടിയാകുമ്പോൾ ഫാഷൻ വസ്ത്രങ്ങളണിഞ്ഞ് പലതരത്തിൽ ഉടുത്തൊരുങ്ങാൻ പഠിച്ചിട്ടുണ്ട്. ആ ജ്ഞാനം മുതലാക്കുകയാണു ലക്ഷ്യം. നടിയുടെ പ്രശസ്തി ബുട്ടീക്കിന് അലങ്കാരമാവുകയും ചെയ്യും. അവിടെ ചെന്നു വസ്ത്രം വാങ്ങാം, താരത്തെയും കാണാം, അങ്കവും കാണാം താളിയും ഒടിക്കാം എന്നു വച്ചാൽ നടപ്പില്ല. കാരണം ബുട്ടീക് ഓൺലൈൻ ആകുന്നു.
ഇപ്പോഴെല്ലാവരും അങ്ങനെയാണ്. വീട്ടിലെ ഒരു മുറിയിൽ വസ്ത്രങ്ങൾ നിരത്തിവച്ച് തുടക്കമിടേണ്ട. പരിചക്കാരെയും ബന്ധുക്കളേയും വരൂ, വന്നു വാങ്ങൂ എന്നു ക്ഷണിക്കേണ്ട. പച്ചപിടിക്കുന്നെന്നു തോന്നിയാൽ രണ്ടാം ഘട്ടമായി നഗരത്തിന്റെ നടുക്ക് കട തപ്പി നടക്കേണ്ട. ലക്ഷങ്ങൾ പകിടി കൊടുക്കേണ്ട. ഷെൽഫുകളും മറ്റും പണിയേണ്ട. ഒടുവിൽ കച്ചവടം പൊളിഞ്ഞാൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട് പൂട്ടേണ്ട. ഈ പൊല്ലാപ്പൊന്നുമില്ല.
വസ്ത്രങ്ങളുടെ പടമെടുത്ത് ബുട്ടീക്കിന്റെ വെബ്സൈറ്റിൽ ഇടുക. ഓരോന്നിന്റേയും വിലയും മറ്റു വിവരങ്ങളും വേണം. അതും ഉടുത്ത് മോഡൽ നിൽക്കുന്ന പടവും ഉണ്ടെങ്കിൽ ബെസ്റ്റ്. ജനം ഓൺലൈൻ പോർട്ടലിൽ പരതുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുന്നു. ഓൺലൈനായി തന്നെ പണം അടയ്ക്കുന്നു.
ശേഷം നിങ്ങൾ അതെത്തിച്ചു കൊടുക്കണം. ആദ്യം ഒരു നഗരത്തിന്റെ പരിധിക്കകത്തു മാത്രമായി തുടങ്ങാം. പുഷ്ക്കലമാവുന്നെങ്കിൽ കൂടുതൽ വ്യാപിപ്പിക്കാം. ഏതെങ്കിലും കൊറിയർ സർവീസുമായി ബന്ധമുണ്ടാക്കി വയ്ക്കണം.
കടയെടുത്ത് കാശു പാഴാക്കിയിട്ടില്ലാത്തതിനാൽ കാര്യമായ ബാങ്കുവായ്പ വേണ്ട. മുതൽമുടക്ക് കുറവായതിനാൽ നിങ്ങളുടെ ലാഭം കൂടുതലായിരിക്കും. മൽസരമുണ്ടെങ്കിൽ വില കുറച്ചു വിൽക്കാനും കഴിയും. കടക്കാർക്ക് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വില ഒരിക്കലും മുതലാവില്ല.
നിഷ് മാർക്കറ്റിങ്ങാണ് ഇന്നു ക്ലച്ച് പിടിക്കുന്നത്. ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്കു വേണ്ടി, പ്രത്യേകതരം ഉത്പന്നങ്ങൾ മാത്രം. വലിയൊരു മെനുവും അതിൽ ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ എന്നൊക്കെ എഴുതി ലോകത്തെ സർവ വിഭവങ്ങളും വിൽക്കുന്ന തരം റസ്റ്ററന്റിനു പകരം കേത്തൽ ചിക്കൻ പോലെ ഒരു ഐറ്റം മാത്രം. അതു കഴിക്കണമെന്നുള്ളവർ മാത്രം വരിക. എന്നാലും ബിസിനസ് കുറയുന്നില്ല.
അങ്ങനെ തുടങ്ങിയ പോർട്ടലാണ് റെയർ ഇറ്റ്ഈസ് ഡോട്ട് കോം. ഇവിടെ സർവ വസ്ത്രവുമില്ല. അപൂർവങ്ങളായ കരകൗശല വസ്തുക്കളും വസ്ത്രങ്ങളും തുണിത്തരങ്ങളും മാത്രം. കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ഉണ്ടാക്കുന്നവർക്ക് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഉത്പന്നങ്ങൾ വിൽക്കാം. നിർമാതാവിൽ നിന്നു നേരിട്ട് കസ്റ്റമറിലേക്ക്. അനേകം ഇടനിലക്കാരുടെ ഇടയിൽപ്പെട്ട് വില കയറുന്നില്ല.
ഐടി അധ്യാപികയായിരുന്ന വി.എം. അനൂജ തുടങ്ങിയ പോർട്ടലിൽ ആറന്മുളക്കണ്ണാടിയും കാഞ്ചീപുരം പട്ടും ബാലരാമപുരം കൈത്തറിയും തഞ്ചാവൂർ ആർട് പ്ലേറ്റും, മാന്നാറിലെ ഓട് ഉത്പന്നങ്ങളും (വിളക്ക്, താഴികക്കുടം...) മറ്റും കിട്ടും. ആഗോള വിപണിയിലാകെ പരമ്പരാഗത ഉത്പന്നങ്ങൾ അങ്ങനെ മൽസരിക്കുന്നു.
ഓൺലൈനിൽ വിശ്വാസ്യത പ്രധാനമാണ്. ഡെലിവറി കൃത്യസമയത്തു വേണം. ഓൺലൈനിൽ കുറേ വസ്തുക്കളും നിരത്തിവച്ച് ഉടമ ഉല്ലസിച്ചു നടന്നിട്ടു കാര്യമില്ല. സ്വന്തമായി ഒരു കട നടത്തുന്ന അതേ ഉത്തരവാദിത്തം ഇവിടെയുമുണ്ട്.
മികച്ച ഉത്പന്നങ്ങളും കൃത്യമായ സേവനവും ഉള്ളവ പച്ച പിടിക്കുമ്പോൾ അല്ലാത്തത് ഏതു സിനിമാതാരം നടത്തിയെന്നു പറഞ്ഞാലും പൊളിഞ്ഞു പോവുകയും ചെയ്യും. മികച്ച വസ്ത്രങ്ങളും തുണിത്തരങ്ങളും നെയ്ത്തുശാലകളിൽ പോയി കണ്ടെത്തണം. ഡിസൈൻ കൊടുത്ത് നെയ്തെടുക്കണം. അതിലൊക്കെയാണു മിടുക്ക്
ഒടുവിലാൻ ∙ മാർക്കറ്റിങ് ഇല്ലെങ്കിൽ ചെറുകിടയായി കഴിയേണ്ടി വരും. വിദേശത്തേക്ക് അയയ്ക്കാൻ കയറ്റുമതി ലൈസൻസുകളും വേണമെന്നതിനാൽ മിക്കവരും അത് ഒഴിവാക്കുന്നു. ചെറുകിട മതിയേ എന്നാണു മനോഭാവം. സ്കെയിൽ അപ് ചെയ്യുന്നില്ലെങ്കിൽ ഭാവി മുരടിക്കും.