വൈദ്യുത, ഹൈബ്രിഡ് ബസുകളുമായി ടാറ്റ

മുംബൈ ∙ രാജ്യത്തെ ബസ് വിപണിയിൽ ഏതാനും വർഷങ്ങൾക്കുശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ടാറ്റ മോട്ടോഴ്സ് ഇക്കൊല്ലം പൂർണ സങ്കര ഇന്ധന (ഫുൾ ഹൈബ്രിഡ്) ബസുകൾക്കും വൈദ്യുത ബസുകൾക്കും ഊന്നൽ കൊടുത്തു സ്ഥാനം നിലനിർത്താൻ ലക്ഷ്യമിടുന്നു.

മുംബൈ നഗരത്തിൽ അടുത്തമാസം ഹൈബ്രിഡ് ബസുകൾ ഓടിത്തുടങ്ങും. ജനറം പദ്ധതി പ്രകാരവും അല്ലാതെയും സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനുകളാണു കമ്പനിക്കു കഴിഞ്ഞ വർഷം വൻ ഓർഡറുകൾ നൽകിയതെന്നു ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനവിഭാഗം മേധാവി രവീന്ദ്ര പിഷാരടി പറഞ്ഞു.

മുഖ്യ വിപണിയായി വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിൽനിന്ന് 117 ബസുകളുടെ ഓർഡർ നിലവിലുണ്ട്. കർണാടകയിലെ ഹൂബ്ലി– ധാർവാഡ് പ്രദേശത്തേക്ക് 30 ആർട്ടിക്കുലേറ്റഡ് ബസുകൾ ജനറം പദ്ധതിപ്രകാരം ഉടൻ നൽകിത്തുടങ്ങും.

ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള ബസുകൾ പൊതു ഗതാഗതത്തിനും ഇന്റർസിറ്റി ആഡംബരയാത്രയ്ക്കുമൊക്കെയായി ഫാക്ടറി നിർമിത ബോഡിയോടെ ടാറ്റ മോട്ടോഴ്സ് നൽകുന്നുണ്ടെ ന്നും പിഷാരടി പറഞ്ഞു.