ജീവന്റെ തുടിപ്പു നിലനിൽക്കണമെങ്കിൽ ആഹാരം വേണം. ഈ ആഹാരത്തിനുവേണ്ടി മാത്രമായിരുന്നു കാലങ്ങളോളം മനുഷ്യൻ കൃഷിചെയ്തിരുന്നത്. നമ്മുടെ നാട്ടിലെ സ്ഥിതിയും അതുതന്നെ. എന്നാൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ കൃഷിമേഖലയ്ക്കുണ്ടായ വളർച്ചയും തളർച്ചയുമടക്കമുള്ള മാറ്റങ്ങൾ വളരെ വലുതാണ്. ഒരുപക്ഷേ, ഇത്രയും വിപ്ലവകരമായ മാറ്റങ്ങൾ വന്ന, ജനജീവിതത്തെ നേരിട്ടു സ്പർശിക്കുന്ന മറ്റു മേഖലകൾ ഇല്ലെന്നുതന്നെ പറയാം.
അറുപതോ എഴുപതോ കൊല്ലം മുൻപു കൃഷിയെന്നാൽ നെൽകൃഷി, പിന്നെ വാഴ, കപ്പ, ചേന, ചേമ്പ്...ഇങ്ങനെ വിരലിലെണ്ണാവുന്ന വിളകൾ മാത്രം. മലയോരമേഖലയിലാണെങ്കിൽ ഏലവും കുരുമുളകും പോലുള്ള നാണ്യവിളകൾ, കഴിഞ്ഞു കഥ. ധാന്യവിളകൾ മാറ്റി വാണിജ്യവിളകളിൽ കൃഷിക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇടക്കാലത്താണ്.
റബറിനു പ്രചാരം കിട്ടിയ സമയത്തു വൻതോതിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതു നാട്ടിൽ പതിവായി. മറ്റു കൃഷിയെ അപേക്ഷിച്ചു വെള്ളത്തിന്റെ ലഭ്യത അത്ര വിഷയമായിരുന്നില്ല എന്നതു കൂടുതൽ സ്ഥലമുള്ള ആളുകളെ റബർ കൃഷിയിലേക്കെത്തിച്ചു. വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ചു നമ്മൾ വനിലയും കൊക്കോയുമൊക്കെ മാറിമാറി പരീക്ഷിച്ചിട്ടും അധികകാലമായില്ല.
വിദേശപഴങ്ങളാണ് ഇപ്പോൾ നാട്ടിൽ തരംഗം. മാങ്കൊസ്റ്റീനും റംബൂട്ടാനുമെല്ലാം കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവരേറെയാണ്. നെല്ലും വാഴയും പോലുള്ള വിളകളുടെ കാര്യത്തിൽപോലും നാടൻ വിത്തിനങ്ങൾ മാറി അത്യുൽപാദന ശേഷിയുള്ള സങ്കരയിനം വിത്തുകളാണു കർഷകർ കൃഷിയിറക്കുന്നത്.
ഹരിതവിപ്ലവം
അത്യുൽപാദനശേഷിയുള്ള വിത്തുകളും യന്ത്രവൽക്കരണവും കൃഷിയിലേക്കെത്തിയതു ഹരിതവിപ്ലവത്തിന്റെ കാലത്താണ്. പണ്ടുകാലത്ത് കർഷകരുടെ കയ്യിലെ പണിവസ്തുക്കൾ തേക്കുകൊട്ടയും കലപ്പയും തൂമ്പയും മറ്റും മാത്രമായിരുന്നു. ഇന്നു കളപറിക്കാനും കൊയ്യാനും മെതിക്കാനും പുല്ലുവെട്ടാനും തെങ്ങുകയറുന്നതിനും വരെ യന്ത്രങ്ങൾ ലഭ്യമാണ്. കായികാധ്വാനം കുറഞ്ഞതോടെ കൃഷിപ്പണി കൂടുതൽ ആയാസരഹിതവും താരതമ്യേന ലാഭകരവുമായി മാറി. രാസവളങ്ങളും കീടനാശിനികളും കൃഷിഭൂമിയിലെത്തിച്ചതും ഇതേ ഹരിതവിപ്ലവമാണെന്നു പറയാതെ വയ്യ.
കേടില്ലാതെ, കൂടുതൽ വിളവു കിട്ടിത്തുടങ്ങിയപ്പോൾ തുടക്കത്തിൽ രാസവസ്തുക്കളുടെ ഉപയോഗം മെച്ചമാണെന്നു തോന്നിയെങ്കിലും വൈകാതെ അപകടം വെളിച്ചത്തു വന്നുതുടങ്ങി. വിഷമയമാർന്ന പച്ചക്കറിയും മറ്റും കഴിച്ചതുകൊണ്ടാകാം, മുൻപത്തേതിനേക്കാൾ വൃക്ക തകരാറും കാൻസറുമെല്ലാം കേരളത്തിൽ പതിൻമടങ്ങു കൂടിയത്.
ജൈവത്തിലേക്ക്
ജൈവകൃഷിയെന്ന ആശയത്തിലേക്കു കർഷകർ മടങ്ങുന്നതും ഈ തിരിച്ചറിവിന്റെ പിൻബലത്തിലാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനവധി പദ്ധതികളുമായി സർക്കാരും സന്നദ്ധസംഘങ്ങളും മുൻപോട്ടുവന്നു. അടുക്കളമുറ്റങ്ങളിൽ കൊച്ചുകൊച്ചു പച്ചക്കറിത്തോട്ടങ്ങൾ ഒരുങ്ങിയതു വിപ്ലവകരമായ ഒരു മാറ്റത്തിനു നാന്ദിയായിരുന്നു. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ സ്ഥലപരിമിതിയുണ്ടെങ്കിലും ബാൽക്കണിയിലും ടെറസിലും മറ്റുമായി വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ ഉൽപാദിപ്പിച്ചുതുടങ്ങി. സ്കൂളുകളിൽ കൃഷിത്തോട്ടങ്ങളുണ്ടാക്കി മണ്ണിനെപ്പറ്റിയുള്ള പാഠങ്ങൾ നേരിട്ടു പകർന്നുനൽകുന്നതോടൊപ്പം വിഷരഹിതമായ ആഹാരം കുട്ടികൾക്കു ലഭ്യമാക്കുകകൂടി ചെയ്യുന്നു. ഇന്നിപ്പോൾ ഒരു കൊച്ചു പച്ചക്കറിത്തോട്ടമെങ്കിലുമില്ലാത്ത സർക്കാർ, എയ്ഡഡ് സ്കൂളുകൾ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം.
കൃഷിയോടിഷ്ടം
കൃഷിയോട് ആഭിമുഖ്യമുള്ള തലമുറ നാട്ടിൽ വളർന്നുവരുന്നുവെന്നത് ഏറെ ആശാവഹമായ ഒരു കാര്യമാണ്. പ്രായോഗികബുദ്ധിയോടുകൂടി കൃഷിയെ സമീപിക്കുന്നവരാണ് ഇക്കൂട്ടർ. അതുകൊണ്ടുതന്നെ വാഴക്കൃഷി ചെയ്യുന്നവർ കുല നേരിട്ടു വിൽക്കുന്നതോടൊപ്പം ഉപ്പേരിയും പഴംനുറുക്കുമുൾപ്പെടെ മൂല്യവർധിത ഉൽപന്നങ്ങളാക്കി അവയെ വിപണിയിലെത്തിച്ചു കൂടുതൽ ലാഭം കൊയ്യുന്നു. ജാക്ഫ്രൂട്ട് 365 എന്ന പേരിൽ നമ്മുടെ നാടൻ ചക്കയെ വിപണിയിലെത്തിച്ചു നേട്ടം കൊയ്ത മലയാളിയായ ഐടി വിദഗ്ധൻ ജെയിംസ് ജോസഫിന്റെ കഥ ഇവിടെയോർക്കാം.
ഇത്തരത്തിൽ അനവധി സ്റ്റാർട്ട് അപ്പുകളാണു കാർഷികമേഖലയിൽ വളർന്നുവരുന്നത്. ചുരുക്കത്തിൽ വരാനിരിക്കുന്ന കാലം ‘സ്മാർട്’ കൃഷിയുടേതാണെന്നു സംശയമേതുമില്ലാതെ പറയേണ്ടിവരും.