Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്‌യുവികൾക്കും വലിയ കാറുകൾക്കും വില ഉയരും

five-suvs

ന്യൂഡൽഹി ∙ എസ്‌യുവികളും ആഡംബര കാറുകളും വാങ്ങാനാഗ്രഹിക്കുന്നവർ വേഗം അന്തിമ തീരുമാനമെടുക്കുക; വൈകാതെ അവയുടെ നികുതിഭാരം ഉയരും. ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നപ്പോൾ ഇവയുടെ നികുതി 28% ജിഎസ്ടിയും 15% സെസും ആയി നിർണയിച്ചത് 28% ജിഎസ്ടി + 25% സെസ് ആയി ഉയർത്താൻ ജിഎസ്ടി ഉന്നതാധികാര സമിതി തീരുമാനിച്ചു. സർക്കാർ ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് ജിഎസ്ടി കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. നിയമ ഭേദഗതി നടന്നാൽ കൗൺസിൽ നിരക്കു വർധന എന്നുമുതൽ വേണമെന്ന കാര്യത്തിൽ കൗൺസിൽ തീരുമാനമെടുക്കും.

ജിഎസ്ടി വരുന്നതിനു മുൻപുള്ള നികുതി നിരക്കുകളെക്കാൾ കുറവാണ് വലിയ കാറുകൾക്കുള്ള ജിഎസ്ടി എന്നു ധനമന്ത്രാലയം പറഞ്ഞു. പുതിയ തീരുമാനപ്രകാരമുള്ള വർധന ചെറുകാറുകൾക്കു ബാധകമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സമ്പന്നർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ജിഎസ്ടി വന്നപ്പോൾ നികുതി കുറഞ്ഞു എന്നതിനെച്ചൊല്ലി വിമർശനമുയർന്നിരുന്നു. 50–55% വരെ നികുതിയുണ്ടായിരുന്ന ആഡംബര കാറുകളുടെ നികുതി 43% ആയി താഴ്ന്നതാണ് ഏറെ ചർച്ചയായത്.

cars

അതേസമയം, വൈദ്യുതികൂടി ഇന്ധനമായി ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകൾക്ക് ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും നിരക്കായ 28% + 15% സെസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ജിഎസ്ടി നിലവിൽ വന്നതോടെ ഉൽസാഹത്തിലായ എസ്‌യുവി– ആഡംബര കാർ വിപണിക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്. ആഡംബര കാർ വ്യവസായത്തിന്റെ വളർച്ചയെ സാരമായി ബാധിക്കുമെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യ മേധാവി റോളൻഡ് ഫോൾഗർ പറഞ്ഞു.
ദീർഘകാല നയങ്ങൾക്കു പകരം ഇടയ്ക്കിടെ നികുതിയും വ്യവസ്ഥകളും മാറ്റുന്നത് വ്യവസായത്തെ ബാധിക്കുമെന്ന് കാർ വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു.