കൊച്ചി ∙ ഉൽപാദനത്തിനും വിൽപനയ്ക്കും മേലുള്ള കേന്ദ്ര–സംസ്ഥാന നികുതികൾക്കു പകരമായി ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതുവഴിയുണ്ടായ നികുതികുറവ് ഉപഭോക്താക്കൾക്കു വിലക്കുറവായി കൈമാറാൻ മിക്ക മേഖലകളും മടിച്ചുനിൽക്കുമ്പോൾ, ഉടനടി വില കുറച്ചു വാഹന വിപണി മാതൃകയാകുന്നു.
മിക്കവാറും എല്ലാ കാർ, ടൂവീലർ കമ്പനികളും ഗണ്യമായ വിലക്കുറവു നടപ്പിലാക്കിക്കഴിഞ്ഞു. എൻട്രി ലെവൽ കാറായ മാരുതി ഓൾട്ടോയുടെ വിവിധ വകഭേദങ്ങൾക്ക് 1612 രൂപ മുതൽ 3062 രൂപ വരെയും ഓൾട്ടോ കെ10ന് 320 രൂപ മുതൽ 5203 രൂപ വരെയും കൊച്ചി ഷോറൂം വില കുറയുമ്പോൾ ഹ്യുണ്ടായ് ഇയോണിനു 4600 രൂപ മുതൽ 9000 രൂപ വരെ വില കുറയുന്നുണ്ട്. വാഗൺ ആറിന്റെ മാനുവൽ ഗിയർ മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും വില അഞ്ചു ലക്ഷം രൂപയിൽത്താഴെയായി. 12,869 രൂപ വരെ വില കുറഞ്ഞതോടെയാണിത്. നിസാൻ മൈക്ര ആക്ടിവിനും വില അഞ്ചുലക്ഷത്തിൽ താഴെയായി. ടാറ്റ മോട്ടോഴ്സിന്റെ ‘തിരിച്ചുവരവ്’ മോഡലായ ടിയാഗോയ്ക്ക് 14,000 രൂപ മുതൽ 30,000 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്.
പുതുതായി വിപണിയിലെത്തുന്ന മോഡലിന് ആദ്യമാസങ്ങളിലൊന്നും ഒരു രൂപ പോലും ഓഫർ കിട്ടില്ലെന്ന പതിവു തെറ്റിച്ച്, മാരുതിയുടെ പുതിയ ഡിസയറിന് ആദ്യ മാസം തന്നെ വില കുറയാൻ ജിഎസ്ടി വഴിയൊരുക്കി. ഏറ്റവും താഴ്ന്ന പെട്രോൾ വേരിയന്റിന് 7793 രൂപ കുറയുമ്പോൾ ഏറ്റവും ഉയർന്ന ഡീസൽ ഓട്ടമാറ്റിക് പതിപ്പിന് 13,880 രൂപയും പെട്രോൾ ഓട്ടമാറ്റിക്കിന് 14,784 രൂപയും കൊച്ചി ഷോറൂം വില കുറഞ്ഞു. പുതുമോടി മാറിയിട്ടില്ലാത്ത വിറ്റാര ബ്രെസയ്ക്ക് 9808 രൂപ മുതൽ 13,943 രൂപ വരെ വിലക്കുറവുണ്ട്.
ഒഴിവായ ആഡംബര നികുതി
10 ലക്ഷം രൂപയ്ക്കുമേൽ ഷോറൂം വിലയുള്ള കാറുകൾക്ക് ഒരു ശതമാനം തുക ആഡംബര നികുതി അടയ്ക്കേണ്ടതുണ്ട്. ജിഎസ്ടി വന്നു വില താഴ്ന്നതോടെ പല മോഡലുകളും ആ ബാധ്യതയിൽ നിന്നൊഴിവായി. ഉദാഹരണത്തിന്, മാരുതിയുടെ നെക്സ ഷോറൂം വഴി വിൽക്കുന്ന സിയാസ് സെഡാനിന്റെ സീറ്റ ഓട്ടമാറ്റിക് ഗിയർ പതിപ്പിന് കൊച്ചി ഷോറൂം വില 10,33,000 രൂപയായിരുന്നത് 35,000 രൂപ കുറഞ്ഞ് 9,98,000 രൂപയായി. അതോടെ 1% ആഡംബര നികുതിയായ 10,330 രൂപയും കുറയും.
ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ ഡബ്ല്യുആർവിയുടെ ഏറ്റവും ഉയർന്ന ഡീസൽ വിഎക്സ് പതിപ്പിനും ഈ ആനുകൂല്യം കിട്ടി. 10,15,400 രൂപയായിരുന്ന വില 9,99,900 രൂപയായി താഴ്ന്നതാണു കാരണം. ബിആർവിയുടെ തുടക്ക വേരിയന്റിനും ആഡംബര നികുതി ഒഴിവാകും. ഫോഡ് ഇക്കോസ്പോർട്ടിന്റെ പെട്രോൾ ഓട്ടമാറ്റിക്, ഇക്കോബൂസ്റ്റ് പെട്രോൾ ടൈറ്റാനിയം എന്നീ മോഡലുകൾ, ഹ്യുണ്ടായ് വെർണ പെട്രോൾ ഓട്ടമാറ്റിക് എസ് വേരിയന്റ്, റെനോ ഈയിടെ പുറത്തിറക്കിയ ഡസ്റ്റർ പെട്രോൾ ഓട്ടമാറ്റിക് പതിപ്പ് എന്നിവയ്ക്കും വില 10 ലക്ഷത്തിൽ താഴെ എത്തിയതോടെ 10,000 രൂപയിലേറെ ആഡംബര നികുതിയും പോയിക്കിട്ടി.
റോഡ് നികുതി കുറഞ്ഞു
ഷോറൂം വില കുറയുമ്പോൾ റോഡ് നികുതിയും കുറയുന്നുണ്ട്. ഉദാഹരണം: ഹ്യുണ്ടായ് ഐ20 ആസ്റ്റ പെട്രോൾ മോഡലിന്റെ ഷോറൂം വില 15,458 രൂപ കുറഞ്ഞപ്പോൾ റോഡ് നികുതി 1237 രൂപ കുറഞ്ഞു. ഇൻഷുറൻസ് തുകയും ആനുപാതികമായി കുറയുന്നുണ്ട്.
ഹൈബ്രിഡ് എന്നു മിണ്ടരുത്
പുതിയ നികുതി വരുംമുൻപേ കേന്ദ്ര സർക്കാർ ഒരു തീരുമാനമെടുത്തിരുന്നു– പൂർണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങൾക്കുള്ള നികുതിയിളവ്, ഭാഗികമായി മാത്രം വൈദ്യുത മോട്ടോർ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു നൽകേണ്ട എന്ന്. ഹൈബ്രിഡ്, മൈക്രോ ഹൈബ്രിഡ്, മിനി ഹൈബ്രിഡ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന പല മോഡലുകളും ഇതിൽ കുടുങ്ങി. ജിഎസിടിയിൽ ഇവയുടെ നികുതി എസ്‌യുവികളുടേതിനു തുല്യമാക്കിയതോടെ ആഘാതം കനത്തതായി.
മൈക്രോ ഹൈബ്രിഡ് സാങ്കേതിക വിദ്യയുള്ളതിന്റെ പേരിൽ വിലക്കുറവ് അനുഭവിച്ചിരുന്ന മാരുതി എർട്ടിഗ, സിയാസ് എന്നിവയുടെ ഡീസൽ മോഡലുകൾക്ക് വില ഒരു ലക്ഷം രൂപയിലേറെ വർധിച്ചു. ഇവ സാധാരണ ഡീസൽ മോഡലുകളായിരുന്നെങ്കിൽ വില കുറയേണ്ടതായിരുന്നു.
ആഡംബര വിപണിക്കു തിളക്കം
ജർമൻ കമ്പനികൾ വാഴുന്ന ആഡംബര കാർ വിപണിയിൽ വിലക്കുറവ് ലക്ഷങ്ങളിലാണ്. ബിഎംഡബ്ല്യു 3 സീരീസിന്റെ ഷോറൂം വില 1.37 ലക്ഷം മുതൽ 2.03 ലക്ഷം വരെ കുറഞ്ഞു. ഇൻഷുറൻസും റോഡ് നികുതിയും ഇതനുസരിച്ച് താഴുമ്പോൾ ഓൺ റോഡ് വിലയിലെ കുറവ് 1.65 ലക്ഷം മുതൽ 2.46 ലക്ഷം വരെയാണ്. 7–സീരീസിന്റെ ഓൺ–റോഡ് വിലയിൽ എട്ടു ലക്ഷത്തിലേറെ രൂപയാണു കുറവു വന്നത്.
ഔഡി മോഡലുകളുടെ ഷോറൂം വിലയിൽ ഒന്നര ലക്ഷം രൂപ മുതൽ മുകളിലേക്കാണു വിലക്കുറവ്. എ3 സെഡാനിന്റെ വില 1.92 ലക്ഷം കുറയുമ്പോൾ എ8 സെഡാനു വില മൂന്നര ലക്ഷം രൂപയും ക്യു7 എസ്‌യുവിക്ക് അഞ്ചു ലക്ഷം രൂപയും കുറയുന്നു. നികുതിയിലും ഇൻഷുറൻസിലും ഉണ്ടാകുന്ന കുറവ് ഇതിനു പുറമെ.
ഓണം നേരത്തേ
ഓണം സീസൺ ആകുന്നതുവരെ കാത്തിരിക്കാതെ ജനം കാർ ഷോറൂമുകളിലേക്ക് എത്താൻ ആകർഷകമായ ‘ജിഎസ്ടി വിലകൾ’ സഹായിക്കുമെന്ന പ്രതീക്ഷയിലാണു ഡീലർമാർ. ഇപ്പോൾ ഉണ്ടായിട്ടുള്ളത് ജിഎസ്ടിയിലെ നികുതി കണക്കാക്കൽ വഴി ഉണ്ടാകുന്നതും കേരളത്തിലേക്കു കാറുകളെത്തിക്കാനുള്ള ചരക്കു നീക്കച്ചെലവിൽ ഉണ്ടാകുന്നതുമായ വിലക്കുറവ് വരുംനാളുകളിൽ കാർ വിപണിക്ക് മുഖ്യ ഉത്തേജകമരുന്നാകും.
(പല കമ്പനികളും കേരളത്തിലെ പുതിയ വിലപ്പട്ടിക തയാറാക്കി വരുന്നതേയുള്ളൂ.)
എസ്‌യുവികൾക്കു വൻ നേട്ടം
എസ്‌യുവി വിഭാഗത്തിലാണ് ജിഎസ്ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത്. ഫോഡ് ഇക്കോസ്പോർട്ടിന് 17,889 രൂപ മുതൽ 33,829 രൂപ വരെയും റെനോ ഡസ്റ്ററിന് 29,132 രൂപ മുതൽ 60,865 രൂപ വരെയും വില താഴ്ന്നു. നിസാൻ ടെറാനോയുടെ വില 40,000 രൂപ മുതൽ 50,000 രൂപ വരെ കുറച്ചു. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 31,000 രൂപ മുതൽ 77,000 രൂപ വരെയാണു വില കുറഞ്ഞത്. ട്യൂസോണിന് 1.12 ലക്ഷം രൂപ മുതൽ 1.47 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഫോഡ് എൻഡവറിന് 2.22 ലക്ഷം മുതൽ 3.48 ലക്ഷം വരെ കൊച്ചി ഷോറൂം വിലയിൽ കുറവുണ്ടായി. ടാറ്റയുടെ ഹെക്സയ്ക്ക് 1.25 ലക്ഷം മുതൽ 1.76 ലക്ഷം രൂപ വരെ കുറഞ്ഞു.