കൊച്ചി ∙ ശബരിമല വിമാനത്താവളം സംബന്ധിച്ച സാധ്യതാപഠന റിപ്പോർട്ട് തയാറാക്കാൻ യോഗ്യരായ കൺസൽറ്റന്റുമാരെ കെഎസ്ഐഡിസി ഷോർട്ട് ലിസ്റ്റ് ചെയ്തു. ലൂയി ബർഗറും കെപിഎംജിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
സാങ്കേതിക–സാമ്പത്തിക സാധ്യതാ പഠനത്തിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലവും കണ്ടെത്തണം. എരുമേലിയിലെ ബിലീവേഴ്സ് ചർച്ച് വക എസ്റ്റേറ്റ് പ്രാഥമികമായി അനുയോജ്യമാണെന്ന് ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയെങ്കിലും അന്തിമമല്ല. വിദഗ്ധ പഠനം നടത്താനാണ് കൺസൽറ്റന്റിന്റെ നിയമനം.
ശബരിമല വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യാനുള്ള സൗകര്യം വേണമോ, അതോ ചെറുവിമാനങ്ങൾക്കുള്ള സൗകര്യം മതിയോ, ശബരിമല തീർഥാടന സീസണിൽ മാത്രമായിട്ടല്ലാതെ എത്ര യാത്രക്കാർ വർഷം മുഴുവൻ ഉണ്ടാവും, അത്തരം പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് സാധ്യതാ പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്. വിശദമായ ട്രാഫിക് പഠനവും വേണം.
മാത്രമല്ല, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് (ഇഐഎ) തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയെടുക്കണം. വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതി വാങ്ങിയെടുക്കലും കൺസൽറ്റന്റിന്റെ ചുമതലയിൽപ്പെടും.
കെഎസ്ഐഡിസിയാണ് കൺസൽറ്റന്റ് തിരഞ്ഞെടുപ്പിനു ടെൻഡർ വിളിച്ചത്. വിവിധ കമ്പനികളുടെ അവതരണങ്ങൾ കണ്ടിട്ട് ചെലവും മികവും അനുസരിച്ച് ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നു. അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.