രാജിക്കൊരുങ്ങി സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ

കോൻ ഒ ഹ്യൂൻ

സോൾ ∙ സാംസങ് ഇലക്ട്രോണിക്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ കോൻ ഒ ഹ്യൂൻ പടിയിറങ്ങുന്നു. 2018 മാർച്ചിൽ രാജിവയ്ക്കുമെന്ന് ഹ്യൂൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ കാലാവധി മാർച്ചിൽ പൂർത്തിയാവും. എന്നാൽ വീണ്ടും തുടരാൻ താൽപര്യം ഇല്ലെന്ന് ഹ്യൂൻ വ്യക്തമാക്കി.

സാംസങ്ങിലെ അധികാര കൈമാറ്റം സുഗമമാക്കുന്നതിനു ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് പാർക് ഹ്യൂൻ ഹൈയുടെ സ്ഥാപനത്തിന് വൻ തുക സംഭാവന നൽകിയെന്ന കേസിൽ സാംസങ് മേധാവി ജയ് പൈ ലീയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കമ്പനിയെ നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഹ്യൂൻ. ഇതോടെ നേതൃ‍ത്വ സ്ഥാനത്ത് വീണ്ടും അനിശ്ചിതത്വം ഉടലെടുക്കും.

മൊബൈൽ ഫോൺ ബിസിനസ്, ഗാർഹിക ഉപകരണ വിഭാഗം എന്നിവയ്ക്കായി കമ്പനിക്ക് രണ്ട് സിഇഒമാർ കൂടി ഉണ്ട്. എന്നാൽ ചിപ്, ഡിസ്പ്ലേ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഹ്യൂൻ, സാംസങ്ങിന്റെ ലാഭം ഉയർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ലീയുടെ അറസ്റ്റിനെ തുടർന്ന് കൂടുതൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് ഹ്യൂനെ പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. മെമ്മറി ചിപ് ബിസിനസിൽ മൂന്നാം പാദത്തിൽ വൻ ലാഭമാണ് കമ്പനി കണക്കുകൂട്ടുന്നത്.

ജൂലൈ–സെപ്റ്റംബർ കാലയളവിൽ കമ്പനി 1280 കോടി ഡോളർ പ്രവർത്തന ലാഭം നേടിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ചയുടെ പിൻബലത്തിൽ മെമ്മറി ചിപ്പുകളുടെ വില കുതിച്ചുകയറിയിരുന്നു. മറ്റു നിർമാതാക്കളെ മറികടന്നു സാംസങ് ഈ രംഗത്ത് മുൻനിരയിൽ എത്തിയിരുന്നു.