ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി ഇന്ത്യയിൽ. ഉത്തർ പ്രദേശിലെ നോയിഡയിൽ പ്രവർത്തിക്കുന്ന സാംസങ് ഇന്ത്യ ഫാക്ടറിയാണ് വികസനപദ്ധതിയിലൂടെ ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും പുതുക്കിയ ഫാക്ടറി സംയുക്തമായി ഉദ്ഘാടനം ചെയ്തു.
രണ്ടായിരം വർഷം മുൻപ് തന്നെ ഇന്ത്യയുമായി വ്യാപാരം നടത്തിയിരുന്ന കൊറിയയുടെ വ്യാപാര ചരിത്രം ഉദ്ഘാടനച്ചടങ്ങിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഓർമിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും വാണിജ്യരംഗത്തിന് പുതിയ ഫാക്ടറി മുതൽക്കൂട്ടാകുമെന്നും നേരിട്ട് 2,000 തൊഴിലവസരങ്ങൾക്കു കൂടി ഫാക്ടറിയിലെ വികസനം സഹായിക്കുമെന്നും മൂൺ ജെ പറഞ്ഞു.
സാങ്കേതിക രംഗത്തെ വാർത്തകൾക്ക് ...
ലോകോത്തര കമ്പനിയായ സാംസങ്ങിന്റെ ഗവേഷണവികസന വിഭാഗം ഇന്ത്യയിലാണ് എന്നതിനൊപ്പം കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയും ഇന്ത്യയിലെത്തുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 നു ശേഷം മൊബൈൽ ഫോൺ നിർമാണ രംഗത്ത് മാത്രം ഇന്ത്യയിൽ നാലു ലക്ഷം തൊഴിലവസരങ്ങളുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. പരോക്ഷമായി 35,000 തൊഴിലവസരങ്ങളാണ് പുതിയ ഫാക്ടറിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നോയിഡയിലെ ഫാക്ടറിയിലൂടെ പ്രതിവർഷം 68 ദശലക്ഷം മൊബൈൽ ഫോണുകൾ ഉത്പാദിപ്പിച്ചു വന്നത് 2020 വരെ ഘട്ടംഘട്ടമായി നടപ്പാകുന്ന വികസനത്തിലൂടെ പ്രതിവർഷം ഏകദേശം 120 ദശലക്ഷം മൊബൈൽ ഫോണുകൾ എന്ന തലത്തിലെത്തിക്കുമെന്ന് സാംസങ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫാക്ടറി വികസനത്തിലൂടെ ‘മെയ്ക് ഇൻ ഇന്ത്യ’യെ മെയ്ക് ഫോർ ദ് വേൾഡ്’ എന്ന തലത്തിലേക്കാണ് സാംസങ് കമ്പനി പരിവർത്തനം ചെയ്യുന്നതെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച സാംസങ് ഇന്ത്യ സിഇഒ എച്ച്.സി.ഹോങ് പറഞ്ഞു. ഇന്ത്യയോട് കമ്പനിക്കുളള പ്രതിബദ്ധതയാണ് ഇത് കാട്ടുന്നത്. ഇന്ത്യൻ സർക്കാർ നയങ്ങൾക്കൊത്ത് പ്രവർത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൊബൈൽ ഫോണുകളുടെ ആഗോള കയറ്റുമതി കേന്ദ്രമാകാനുള്ള ഇന്ത്യൻ സ്വപ്നത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
1996 ൽ ആരംഭിച്ച നോയിഡ ഫാക്ടറിയുടെ വികസനം കഴിഞ്ഞ വർഷം ജൂണിലാണ് പ്രഖ്യാപിക്കപ്പെട്ടത്. 4915 കോടി രൂപയാണ് ഇതിനായി സാംസങ് മുടക്കിയതെന്നാണ് കണക്കുകൾ. 1,29,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്ലാന്റാണ് ഉദ്ഘാടനം ചെയ്ത്. 23 വർഷം മുൻപ് ഇന്ത്യൻ വിപണിയിലേക്കു വന്ന സാംസങ് വിവിധ ഉത്പന്നങ്ങളിലൂടെ ഇന്നു രാജ്യത്തിന്റെ ഭാഗമാണ്. രാജ്യത്തെ സ്മാർട് ഫോൺ വിപണിയിലെ മൂന്നിലൊന്നു കയ്യടക്കിയ സാംസങ്ങിനു ഇന്ത്യയിൽ മാത്രം 70000 ജീവനക്കാരുണ്ട്.
വാണിജ്യരംഗത്തെ വാർത്തകൾക്ക്...
ആപ്പിൾ കമ്പനിയുടെയും ചൈനീസ് മൊബൈൽ ഫോൺ കമ്പനികളായ ഷവോമി, ഓപ്പോ, വിവോ, ലെനോവ എന്നിവയിൽ നിന്നും കനത്ത മൽസരമാണ് ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ വിപണിയായ ഇന്ത്യയിൽ സാംസങ് നേരിടുന്നത്. ഇന്ത്യയിൽ തന്നെ ഉത്പാദനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതോടെ രാജ്യത്തെ വിപണിയിലും മികച്ച പ്രകടനം കാട്ടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2016–17 ൽ വിവിധ ഉത്പന്നങ്ങളുടെ വിൽപനയിലൂടെ അരലക്ഷം കോടി രൂപ നേടിയ കമ്പനിയുടെ 34,000 കോടി രൂപ വരുമാനവും മൊബൈൽ വിൽപനയിലൂടെയായിരുന്നുവെന്നാണ് കണക്ക്.