തിരുവനന്തപുരം∙ ജിഎസ്ടി വരുന്നതോടെ, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്കെത്തുന്ന ചരക്കുകൾക്കുള്ള നികുതി കൃത്യമായി നമുക്കു കിട്ടുമെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ പ്രതീക്ഷ. വ്യാപാരികൾ കേരളത്തിലേക്കു കൊണ്ടുവരുന്ന സാധനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടണമെങ്കിൽ വിലയും നികുതിയും അളവും ഒക്കെ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടു തന്നെ വരുമെന്നും പ്രതീക്ഷിച്ചു. അങ്ങനെ ചെക്പോസ്റ്റുകളിൽ പരിശോധന ഇല്ലാതായി.
എന്നാൽ, തലസ്ഥാന ജില്ലയിലെ അതിർത്തി ചെക്പോസ്റ്റായ അമരവിളയിൽ ചെന്നാൽ കാണുന്ന കാഴ്ച വേറെ. ലോറികൾ വരുന്നു, ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്കു ബിൽ കൈമാറുന്നു, പോകുന്നു. ലോറിക്കാർ നൽകുന്ന ബിൽ ഒറിജിനലാണോ എന്നു പരിശോധിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ചെക്പോസ്റ്റുകളിൽ. കേരളത്തിലെ ജിഎസ്ടി നമ്പറുകൾ പരിശോധിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വരെയുണ്ടെങ്കിലും തമിഴ്നാട്ടിലേതു തിരിച്ചറിയാൻ ഒന്നുമില്ല.
ബില്ലുകൾ തയാറാക്കി നൽകുന്ന ലോബികൾ തന്നെയുണ്ട് അതിർത്തിക്കപ്പുറത്ത്. ഏതെങ്കിലുമൊരു വ്യാജ ജിഎസ്ടി നമ്പറും പാൻ നമ്പറും ചേർത്തു കംപ്യൂട്ടറിൽ കള്ള ബില്ലുണ്ടാക്കും. അതുമായാണ് ലോറികളുടെ വരവ്. ഇതു കിട്ടുമ്പോൾ ജിഎസ്ടി നമ്പറും പാനും ശരിക്കുള്ളതാണോ എന്നു പരിശോധിക്കാനുള്ള സൗകര്യങ്ങളൊന്നും ചെക്പോസ്റ്റിലില്ല. ആർക്കും എന്തും കൊണ്ടുവരാവുന്ന അവസ്ഥ. കിട്ടുന്ന ബില്ലുകൾ വാങ്ങിവച്ച് ലോറി കടത്തിവിടുകയേ മാർഗമുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തമിഴ്നാട്ടിൽനിന്നു വരുന്ന ഹോളോ ബ്ലോക്ക് ഒന്നിനു മുൻപ് 25 രൂപയായിരുന്നു വാണിജ്യനികുതി വകുപ്പു കണക്കാക്കിയിരുന്ന വില. അതിനാൽ ബില്ലുകളിൽ ഇൗ വില കാട്ടിയില്ലെങ്കിൽ പിടിവീഴും. എന്നാൽ, ജിഎസ്ടി വന്നതോടെ അതിർത്തി കടന്നെത്തുന്ന ബില്ലുകളിൽ ഹോളോ ബ്ലോക്കിന്റെ വില 10 രൂപയായി. നികുതി അത്രയും കുറച്ച് അടച്ചാൽ മതിയെന്നതാണ് കാരണം. ഇവ കേരളത്തിലെത്തുമ്പോൾ വിൽക്കുന്നതാകട്ടെ മൂന്നിരട്ടി വിലയ്ക്കും.
ജിഎസ്ടി വകുപ്പ് തലസ്ഥാനത്ത് ഒരു വ്യാപാരിയുടെ ഫ്ലാറ്റിൽനിന്നു കണ്ടെടുത്തത് ഒന്നേകാൽ കോടിയുടെ സ്വർണം. ജിഎസ്ടി ബിൽ ചോദിച്ചപ്പോൾ രാജസ്ഥാനി കൈമലർത്തി. ജിഎസ്ടിക്കു കീഴിൽ നികുതിവെട്ടിപ്പ് ദുഷ്കരമാണെന്ന സർക്കാർ വാദം പൊളിക്കുന്നതാണ് ഒരുരൂപ പോലും നികുതിയടയ്ക്കാതെ രാജസ്ഥാനിൽനിന്നു കേരളത്തിലേക്ക് എത്തിയ സ്വർണത്തിന്റെ സഞ്ചാരപഥം. ബാഗിൽ സ്വർണവുമായി സംസ്ഥാനങ്ങൾ കടന്നെത്തിയപ്പോൾ ഒരിടത്തുപോലും പരിശോധനയുണ്ടായില്ല. കൊണ്ടുവന്ന സ്വർണം ഫ്ലാറ്റിൽ സൂക്ഷിച്ചു. പിന്നെ പല ജ്വല്ലറികൾക്കായി വിറ്റു.
ജ്വല്ലറികൾ അവ ജിഎസ്ടി ഇൗടാക്കാതെ ഉപയോക്താക്കൾക്കു വിറ്റു. രഹസ്യവിവരത്തെ തുടർന്നാണ് ഇന്റലിജൻസ് വിഭാഗം വ്യാപാരിയെ പിടികൂടിയതെങ്കിലും ഇതുപോലെ ഒട്ടേറെപ്പേർ സംസ്ഥാനത്തു സമാന്തര ശൃംഖലയുണ്ടാക്കി സ്വർണക്കച്ചവടം നടത്തുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. എട്ടു ലക്ഷം രൂപയാണ് പിടികൂടിയ വ്യാപാരിയിൽനിന്നു വാണിജ്യനികുതി വകുപ്പ് നികുതിയും പിഴയും ചേർത്ത് ഇൗടാക്കിയത്.
വാളയാർ ടോക്കൺ ഗേറ്റ്
പാലക്കാട്∙ ജിഎസ്ടി ‘പരിശോധന നിലച്ച’ കേന്ദ്രങ്ങളായി വാണിജ്യ ചെക്പോസ്റ്റുകൾ മാറി. ഇതര സംസ്ഥാനങ്ങളിൽനിന്നു ചരക്കുമായെത്തുന്ന വാഹനങ്ങളുടെ ടോക്കൺ സ്വീകരിക്കാനുള്ള ടോക്കൺ ഗേറ്റുകളായി വാളയാർ ഉൾപ്പെടെ പാലക്കാട് ജില്ലയിലെ ചെക്പോസ്റ്റുകൾക്കു മാറ്റം വന്നു. വാളയാറിൽ ആർടിഒ ചെക്പോസ്റ്റിൽ വാണിജ്യനികുതി ചെക്പോസ്റ്റിന്റെ നിയന്ത്രണത്തിലായിരുന്ന വേബ്രിജും മാസങ്ങൾക്കു മുൻപ് എടുത്തുമാറ്റി.
സർക്കാർ വേബ്രിജിലാണ് ഇപ്പോൾ ഭാരപരിശോധന. ഇതുപോലും നാമമാത്രമാണ്. പലപ്പോഴും അമിതഭാരവുമായെത്തുന്ന ചരക്കുവാഹനങ്ങൾ ചെക്പോസ്റ്റ് വഴി കടന്നുപോകാനും വഴിയൊരുക്കി. ഇങ്ങനെ കടന്നുപോയ വാഹനങ്ങൾ പിന്നീടു പൊലീസ് പരിശോധനയിൽ അമിതഭാരത്തിനു പിഴ ഈടാക്കാൻ നിർദേശം നൽകുന്ന സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. അമിതഭാരം കയറ്റാൻ വേണ്ടി ചരക്കുവാഹനങ്ങളുടെ ബോഡിയിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ ചരക്കു കടത്തുന്ന സംഭവങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.