ന്യൂഡൽഹി∙ 31 ലക്ഷം പാചക വാതക ഉപയോക്താക്കളുടെ സബ്സിഡിത്തുകയായ 190 കോടിയോളം രൂപ എയർടെൽ പേയ്മെന്റ്സ് ബാങ്കിലെത്തിയതു തിരികെ നൽകാമെന്ന് എയർടെൽ. ഓൺലൈൻ പണമിടപാടുകൾ നിയന്ത്രിക്കുന്ന ദേശീയ ഏജൻസിയായ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യ്ക്ക് ഇതുസംബന്ധിച്ച് എയർടെൽ കത്തയച്ചു.
എയർടെൽ പേയ്മെന്റ്സ് ബാങ്കിലെത്തിയ പാചകവാതക സബ്സിഡി തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് എൽപിജി കമ്പനികൾ എയർടെലിനു കത്തയച്ചു തുടങ്ങിയതിനു പിന്നാലെയാണു കമ്പനിയുടെ തീരുമാനം. 37.21 ലക്ഷം ഉപയോക്താക്കളുടെ 167.7 കോടി രൂപയാണ് അവരുടെ പൂർണബോധ്യത്തോടെയുള്ള അനുമതിയില്ലാതെ എയർടെലിന്റെ ബാങ്കിങ് സേവന വിഭാഗമായ എയർടെൽ പേയ്മെന്റ്സ് ബാങ്കിലേക്ക് മാറിയത്.
മൊബൈൽ നമ്പർ തന്നെ അക്കൗണ്ട് നമ്പർ ആകുന്ന ബാങ്കിൽ ഉപയോക്താക്കൾ ആധാർ ബന്ധിപ്പിച്ചതുവഴിയാണ് സബ്സിഡിത്തുക നിക്ഷേപിക്കപ്പെടാൻ കാരണം. എന്നാൽ ഉപയോക്താക്കൾ ‘സിം’ കണക്‌ഷൻ ആധാറുമായി ബന്ധിപ്പിച്ചപ്പോൾ അതുപയോഗിച്ച് കമ്പനി പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടും തുറന്നതായാണു പരാതി. ഇത് ഉപയോക്താക്കളുടെ സമ്മതത്തോടെയല്ലെന്ന ആരോപണം ശക്തമായതോടെ ആധാർ അധികൃതർ (യുഐഡിഎഐ) കഴിഞ്ഞയാഴ്ച എയർടെലിന്റെ ആധാർ ബന്ധന സൗകര്യം (ഇ–കെവൈസി) തൽക്കാലത്തേക്ക് എടുത്തുകളഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17.32 ലക്ഷം ഉപയോക്താക്കളുടെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 10.06 ലക്ഷം ഉപയോക്താക്കളുടെയും ഭാരത് പെട്രോളിയത്തിന്റെ 9.8 ലക്ഷം ഉപയോക്താക്കളുടെയും സബ്സിഡിത്തുകയാണ് എയർടെൽ പേയ്മെന്റ്സ് ബാങ്കിലെത്തിയത്.
ഏറ്റവുമൊടുവിൽ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് എന്ന നിലയിൽ എയർടെലിലേക്കു സബ്സിഡിത്തുക പോകുകയായിരുന്നു.