Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽപിജി ഇറക്കുമതി: ചൈനയെ കടത്തിവെട്ടാൻ ഇന്ത്യ

LPG Cylinder

സിംഗപ്പൂർ ∙ എൽപിജി ഇറക്കുമതിയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. ഈ മാസം ഇറക്കുമതി 24 ലക്ഷം ടണ്ണിൽ എത്തുമെന്നു തോംസൺ റോയിട്ടേഴ്സ് എയ്കോൺ പുറത്തിറക്കിയ കണക്കിൽ പറയുന്നു. ചൈനയുടെ ഇറക്കുമതി 23 ലക്ഷവും. ഇത് ആദ്യമായാണ് ഇറക്കുമതിയിൽ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തുന്നത്.

2015ൽ 10 ലക്ഷം ടൺ എൽപിജിയാണ് ഇറക്കുമതി നടത്തിയിരുന്നത്. കൂടുതൽ വീടുകളിൽ എൽപിജി ലക്ഷ്യമാക്കാൻ സർക്കാർ കൈക്കൊണ്ട പദ്ധതിയാണ് എൽപിജി ഉപയോഗം കുത്തനെ ഉയർത്തിയത്. സബ്സിഡി എൽപിജി കണക്‌ഷൻ ലഭിച്ച വീടുകളുടെ എണ്ണം 18.10 കോടിയിലെത്തി. രണ്ടു വർഷം മുൻപ് ഇത് 14 കോടിയായിരുന്നു. ഈ വർഷം ഇന്ത്യ പ്രതിമാസം ശരാശരി 17 ലക്ഷം ടണ്ണാണ് ഇറക്കുമതി നടത്തിയത്. ചൈനയുടേത് 22 ലക്ഷവും. മൂന്നാം സ്ഥാനത്ത് ജപ്പാനാണ്. വാഹനങ്ങളിൽ എൽപിജി ഉപയോഗം വർധിക്കുന്നതും മറ്റൊരു കാരണമാണ്.

ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് എൽപിജി ഉൽപാദനത്തിന്റെ 45 ശതമാനവും ഇറക്കുമതി നടത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇതുവരെ ഇന്ത്യ വൻതോതിൽ എൽപിജി ഇറക്കുമതി നടത്തിയിരുന്നത്. എന്നാൽ യുഎസ് എൽപിജി കയറ്റുമതി തുടങ്ങിക്കഴിഞ്ഞു. ഈ വർഷം തുടക്കത്തിൽ 50,000 ടൺ എൽപിജി യുഎസിൽനിന്ന് ഇറക്കുമതി നടത്തി. ഈ വർഷം ഇത് രണ്ടു ലക്ഷത്തിലെത്തും.