ന്യൂഡൽഹി∙ പുതിയ പദ്ധതിയെന്ന നിലയിൽ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതു രണ്ടര വർഷം പഴയ പദ്ധതി. ഈ സാമ്പത്തിക വർഷം പദ്ധതി പൂർത്തിയാകാനിരിക്കുമ്പോഴുണ്ടായ മന്ത്രിസഭാ തീരുമാനം വിരൽചൂണ്ടുന്നതു ചൂടുപിടിക്കുന്ന ദേശീയ രാഷ്ട്രീയത്തിലേക്കാണ്.
പട്ടികജാതി, വർഗ, ദരിദ്ര, പിന്നാക്ക വിഭാഗ കുടുംബങ്ങൾക്കു പാചകവാതകമെത്തിക്കുന്നതിനുള്ള പ്രധാനമന്ത്രി ഉജ്വല യോജന 2016 മേയിൽ തുടങ്ങിയതാണ്. പദ്ധതിക്കു കീഴിൽ ഇതുവരെ 5.86 കോടി കുടുംബങ്ങൾക്കു കണക്‌ഷൻ നൽകി. അവസാന ഘട്ടത്തിൽ രണ്ടു കോടിയോളം കുടുംബങ്ങൾക്കു കണക്‌ഷൻ നൽകാനുള്ള ജോലിയും പൂർത്തിയാകുന്നു. അതായത്, ഈ സർക്കാരിന്റെ കാലയളവിൽ എല്ലാവർക്കും പാചകവാതകമെത്തിക്കാൻ പുതിയ പദ്ധതിയും പ്രഖ്യാപനവും ആവശ്യമില്ല.
പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിനു തുക മാറ്റിവയ്ക്കേണ്ടതുണ്ട്. ഒരു രൂപ പോലും മാറ്റിവയ്ക്കാതെയായിരുന്നു സാർവത്രിക പാചകവാതക പദ്ധതിയുടെ പ്രഖ്യാപനം. കാരണം, വകയിരുത്തൽ നേരത്തെ നടത്തിക്കഴിഞ്ഞു; പദ്ധതി പൂർത്തിയാകാറായി.
ധർമേന്ദ്ര പ്രധാൻ നൽകിയ വിശദീകരണം നോക്കുക: രാജ്യത്താകെയുള്ളത് 27 കോടി കുടുംബങ്ങൾ. സ്വാതന്ത്ര്യത്തിനുശേഷം 2014 വരെ രാജ്യത്താകെ നൽകിയതു 13 കോടി കണക്‌ഷൻ. 4.5 വർഷം കൊണ്ട് എൻഡിഎ സർക്കാർ നൽകിയതു 12 കോടി കണക്‌ഷനും. ഇതിൽ 5.86 കോടി ഉജ്വല യോജനയ്ക്കു കീഴിലാണ്. ഉജ്വല യോജനയിൽ എട്ടു കോടി കുടുംബങ്ങളിൽ പാചകവാതകമെത്തിക്കാനാണു പദ്ധതി.
സബ് കാ സാഥ്, സബ് കാ വികാസ് എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണു സർക്കാരിന്റെ തീരുമാനമെന്നു ധർമേന്ദ്ര പ്രധാനും നിയമമന്ത്രി രവിശങ്കർ പ്രസാദും അവകാശപ്പെടുകയായിരുന്നു; തീരുമാനത്തിൽ പുതുമയില്ലെന്നു ബോധ്യമുണ്ടെങ്കിലും.
മന്ത്രിസഭാ തീരുമാനത്തെ കാണേണ്ടതു മാറുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ജനമനസുകളെ സ്വാധീനിക്കാനുള്ള യുദ്ധം ബിജെപിക്കും കോൺഗ്രസിനും ജയിക്കേണ്ടതുണ്ട്. കോൺഗ്രസ് മധ്യപ്രദേശിൽ കാർഷിക കടം എഴുതിത്തള്ളി ബിജെപിക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ഒരു പടി മുന്നിലെത്തിയേ തീരൂ. പ്രണയത്തിലെന്ന പോലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ജനമനസുകളെ സ്വാധീനിക്കാനുള്ള യുദ്ധത്തിലും ചെയ്യുന്നതൊക്കെ ശരി.