ലൈസൻസ് കിട്ടുന്നില്ല; ആയുർവേദ മരുന്ന് നിർമാണം മുടങ്ങി

കൊച്ചി ∙ ലൈസൻസിങ് നടപടികൾ സ്‌തംഭിച്ചതോടെ ആയുർവേദ ഔഷധങ്ങളുടെ നിർമാണം നിലയ്‌ക്കുന്നു. സർട്ടിഫിക്കേഷൻ മുടങ്ങിയതിനാൽ ഔഷധങ്ങളുടെ കയറ്റുമതിയും പ്രതിസന്ധിയിൽ. എട്ടു മാസമായി ആയുർവേദ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽനിന്നു ലൈസൻസ് പുതുക്കിനൽകുകയോ പുതിയ ലൈസൻസ് നൽകുകയോ ചെയ്യുന്നില്ല. തന്മൂലം കേരളത്തിൽനിന്നുള്ള നിർമാതാക്കൾക്കു വിപണനം അസാധ്യമാകുന്നു. അതേസമയം, മറ്റു സംസ്‌ഥാനങ്ങളിൽനിന്നുള്ള ഔഷധങ്ങൾ വിപണിയിൽ മുന്നേറ്റം നടത്തുകയും ചെയ്യുന്നു.

ഔഷധ വിപണനത്തിനു നിർബന്ധമായ സർട്ടിഫിക്കറ്റുകളും മാസങ്ങളായി അനുവദിക്കുന്നില്ല. ഫ്രീ സെയിൽ സർട്ടിഫിക്കറ്റ്, നോൺ കൺവെൻഷൻ സർട്ടിഫിക്കറ്റ്, ജിഎംപി സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കാത്തതിനാൽ വിദേശത്തുനിന്നുള്ള ലക്ഷക്കണക്കിനു രൂപയുടെ ഓർഡറുകൾ നിറവേറ്റാൻ നിർമാതാക്കൾക്കു കഴിയുന്നില്ല. 

സർക്കാരും ലൈസൻസിങ് അതോറിറ്റിയും തമ്മിലുള്ള തർക്കങ്ങളും മറ്റുമാണു ലൈസൻസുകളും സർട്ടിഫിക്കറ്റുകളും മുടങ്ങാൻ കാരണമെന്ന് അറിയുന്നു. എസ്‌പി – 7 ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾപൂർത്തിയായിട്ടും ലൈസൻസ് അനുവദിക്കാത്തതിനാൽ സാധാരണ അരിഷ്‌ടങ്ങളുടെ പോലും വിൽപന മുടങ്ങുന്നു.

വെളിച്ചെണ്ണ, ശർക്കര തടങ്ങിയവയ്‌ക്കും കൊടുവേലി പോലുള്ള അസംസ്‌കൃത വസ്‌തുക്കൾക്കും 50 മുതൽ നൂറു ശതമാനം വരെ വില വർധിച്ചിരിക്കെ ഔഷധങ്ങളുടെ വില വർധിക്കുകയുമാണ്. ഇതും വിൽപനയെ ബാധിക്കുന്നു.

മാസത്തിൽ ഒരു തവണയെങ്കിലും സംസ്‌ഥാനതല മോണിറ്ററിങ് കമ്മിറ്റി കൂടി ക്ലിനിക്കൽ ട്രയലുകളുടെ പുരോഗതി വിലയിരുത്തണമെന്നു 2016 ജനുവരി 14നു ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. വർഷം രണ്ടു തികഞ്ഞിട്ടും തീരുമാനം നടപ്പായില്ലെന്നാണു നിർമാതാക്കളുടെ പരാതി.

ആയുർവേദ വ്യവസായത്തിൽ കേരളത്തിനുള്ള സമുന്നത സ്‌ഥാനം നഷ്‌ടമാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചറേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ ആവശ്യപ്പെട്ടു.