നാലു ഫ്ലാറ്റിന് വെറും 240 കോടി

മുംബൈ ∙ ചതുരശ്ര അടിക്ക് 1.2 ലക്ഷം എന്ന നിരക്കിൽ നാലു ഫ്ലാറ്റുകൾ വിറ്റുപോയത് 240 കോടി രൂപയ്ക്ക്! ദക്ഷിണ മുംബൈയിലെ ആഡംബര മേഖലയായ മലബാർ ഹില്ലിനു സമീപം നെപൻസ്യ റോഡിൽ ഫ്ലാറ്റുകൾ സ്വന്തമാക്കിയതു തപാരിയ ബിസിനസ് കുടുംബമാണ്. 

35 നില പാർപ്പിട സമുച്ചയത്തിലെ 28 മുതൽ 31 വരെ നിലകളിലെ ഫ്ലാറ്റുകളുടെ കാർപെറ്റ് ഏരിയ 4500 ചതുരശ്ര അടി വീതം. 28 പാർക്കിങ് സ്ലോട്ടുകളും വാങ്ങിയിട്ടുണ്ട്. പാർപ്പിട മേഖലയിൽ മുംബൈ നഗരത്തിൽ സമീപകാലത്തു നടന്ന ഏറ്റവും വലിയ ഇടപാടാണിത്.

തപാരിയ കുടുംബത്തിന്റെ ഫാമി കെയർ ഫാർമസ്യൂട്ടിക്കൽ കമ്പനി മൂന്നുവർഷം മുൻപു യുഎസ് കമ്പനി ഏറ്റെടുത്തതു 4600 കോടി രൂപയ്ക്കായിരുന്നു. രണ്ടുകൊല്ലം മുൻപ് ഇവർ ബാന്ദ്ര കുർള കോംപ്ലക്സിൽ 11,000 ചതുരശ്ര അടി വരുന്ന ഡ്യുപ്ലെക്സ് ഫ്ലാറ്റ് 60 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. ജെ.പി.തപാരിയയാണു സ്ഥാപനങ്ങൾക്കു നേതൃത്വംനൽകുന്നത്.