റിയൽ എസ്റ്റേറ്റ് പരാതികൾ വരുന്നു, പക്ഷേ ‘റെറ’ സംവിധാനം ആയില്ല

കൊച്ചി ∙ താൽക്കാലിക റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയായി സംസ്ഥാന നഗരകാര്യ വകുപ്പ് സെക്രട്ടറിയെ നിയമിച്ചതോടെ പരാതികളും വന്നുതുടങ്ങി. രേഖാമൂലമുള്ള പരാതികൾ തൽക്കാലം സ്വീകരിച്ച് ഫയലാക്കുക മാത്രമാണു ചെയ്യാൻ കഴിയുന്നത്.

സംസ്ഥാന ഗവ. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി നിയമം (നിയന്ത്രണവും വികസനവും) 2015ൽ പാസാക്കിയിരുന്നു. അതിനുപരിയായി കേന്ദ്ര നിയമം 2016ൽ വന്നതോടെ സംസ്ഥാന നിയമം അപ്രസക്തമായി. സംസ്ഥാന നിയമം റദ്ദാക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമം 2016 അനുസരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നിയന്ത്രിക്കാനുള്ള അതോറിറ്റിയെ നിയമിച്ചതുമില്ല. ഒരു വർഷത്തിലേറെയായി ഇക്കാര്യത്തിൽ നടപടികൾ നിർജീവമായിരുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്ത് ഉപയോക്താക്കളുടെ പരാതികൾ അനേകമുണ്ട്. നിയമപ്രകാരം വിശ്വാസ്യതയോടെ ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം നിലവിൽ വരണം എന്നു തന്നെയാണു താൽപ്പര്യവും. പക്ഷേ, ഇപ്പോൾ നഗരകാര്യ വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ താൽക്കാലിക നിയമനം കൊണ്ടു മാത്രം പരിഹാരം ആവുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന ചീഫ് ജസ്റ്റിസോ അദ്ദേഹത്തിന്റെ നോമിനിയോ ചെയർമാനും ഭവന, നിയമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ സമിതിയാണ് റഗുലേറ്ററി അതോറിറ്റി ചെയർമാനേയും അംഗങ്ങളേയും തിരഞ്ഞെടുത്ത് സർക്കാരിനു റിപ്പോർട്ട് നൽകേണ്ടത്. അതു സംബന്ധിച്ച നടപടിക്രമം പൂർത്തിയാക്കുക മാത്രമാണ് നഗരകാര്യ വകുപ്പ് സെക്രട്ടറിക്ക് ഇനി ചെയ്യാനുള്ളത്.