കേരളത്തെ വെടക്കാക്കി; തമിഴ്നാട് തനിക്കാക്കി

പാലക്കാട് ∙ ഇറച്ചിക്കോഴിയുടെ വിലയിടിച്ച്, സംസ്ഥാനത്തെ രണ്ടായിരം ചെറുകിട ഫാമുകളുടെ നടത്തിപ്പ് തമിഴ്നാട്ടിലെ വ്യാപാരികൾ ഏറ്റെടുത്തു. ഈ ഫാമുകളിൽ പാട്ട ക്കൃഷിയും തുടങ്ങി. തമിഴ്നാട്ടിലെ കമ്പനി നൽകുന്ന കോഴിക്കുഞ്ഞുങ്ങളെ വളർത്തി അവർക്കുതന്നെ തിരിച്ചുകൊടുക്കുന്ന സംവിധാനമാണിത്. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വില കമ്പനി വഹിക്കും. ഒരു കിലോയ്ക്ക് അഞ്ചു രൂപ വീതം കർഷകനു നൽകും. എന്നാൽ, തീറ്റയ്ക്കനുസരിച്ചു തൂക്കമില്ലെങ്കിൽ ഇതിൽ ഒരു രൂപ വീതം കുറയ്ക്കും. കോഴി ചത്തുപോയാൽ അതിന്റെ പണം ഈടാക്കാൻ കർഷകരിൽ നിന്നു ബ്ലാങ്ക് ചെക്കും കമ്പനികൾ വാങ്ങുന്നുണ്ട്.

വില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലെ കോഴി കർഷകരെല്ലാം പ്രതിസന്ധിയിലാണ്.  കോഴിയുടെ  ഫാം വില ഇപ്പോൾ കിലോയ്ക്ക് 50–52 രൂപ മാത്രമാണ്. രണ്ടു കിലോ തൂക്കമുള്ള കോഴിക്കു 104 രൂപ. കോഴിക്കുഞ്ഞിനു തന്നെ  38 രൂപ നൽകണം. തമിഴ്നാട്ടിലെ പല്ലടത്തു നിന്നാണു കേരളത്തിലേക്കു കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. തീറ്റയുടെ വിലയും കൂലിയും കൂടിയാവുമ്പോൾ ഉൽപാദനച്ചെലവു 168 രൂപ വരെയാകും. നഷ്ടത്തെത്തുടർന്നു സംസ്ഥാനത്തെ നാലായിരത്തോളം കർഷകർ കോഴിക്കൃഷി ഉപേക്ഷിച്ചതായി കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

സർക്കാരും കൈവിടുന്നു

കോഴിവളർത്തലിനെ കൃഷിയായി സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനാൽ കർഷകർക്ക് ആനുകൂല്യങ്ങൾ കിട്ടുന്നില്ല. കോഴിവളർത്തൽ ഷെഡുകളെ പാർപ്പിടമായി കരുതി ആഡംബര നിരക്കിൽ വീട്ടുകരം ചുമത്തുന്നു. ഏഴു ദിവസം കോഴിക്കുഞ്ഞുങ്ങൾക്കു ചൂടു കൊടുക്കുന്നതിനു കനത്ത വൈദ്യുതിച്ചെലവുണ്ട്. അതേസമയം തമിഴ്നാട് സർക്കാർ അവിടുത്തെ കോഴി കർഷകർക്ക് ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ട്.