യാത്രാ വിമാനങ്ങളിലെ വിസ്മയമായി മാറിയ ബോയിങ് 737 മാക്സ് വിമാനങ്ങൾ വൈകാതെ ഇന്ത്യയിലുമെത്തുന്നു. ജെറ്റ് എയർവേയ്സും സ്പൈസ്ജെറ്റും ഓർഡർ ചെയ്തിട്ടുള്ള മാക്സ് വിമാനങ്ങൾ സെപ്റ്റംബറോടെ ലഭ്യമാകുന്നതോടെ ഇതുപയോഗിച്ചുള്ള സർവീസുകൾ ഇന്ത്യയിലെ വിമാനയാത്രികർക്ക് നവ്യാനുഭവമാകും. അതിനൂതന സാങ്കേതിക വിദ്യകളാണ് മാക്സ് വിമാനത്തിൽ ബോയിങ് സന്നിവേശിച്ചിരിക്കുന്നത്.
മാക്സ് 7, 8, 9, 10 എന്നീ നാലു മോഡലുകളാണ് ബോയിങ് പുറത്തിറക്കിയിരിക്കുന്നത്. മാക്സ് 7ൽ 138 മുതൽ 153 പേർക്കു വരെ യാത്ര ചെയ്യാം. എട്ടിൽ സീറ്റുകളുടെ എണ്ണം 162 മുതൽ 178 വരെയാകാം. മാക്സ് 9ൽ സീറ്റുകൾ 178 മുതൽ 193 വരെയാകാം. മാക്സ് 10ൽ 184 മുതൽ 204 വരെ യാത്രക്കാർക്കു സഞ്ചരിക്കാം. ഓൾ ഇക്കോണമി സീറ്റുകളാണെങ്കിൽ ഇവയ്ക്ക് യഥാക്രമം 172, 210, 220, 230 സീറ്റുകൾ വരെയാകാം. മാക്സ് ഏഴിന് 7130 കിലോമീറ്ററും എട്ടിനും ഒൻപതിനും 6570 കിലോമീറ്ററും പത്തിന് 6110 കിലോമീറ്റർ വരെയും നിർത്താതെ പറക്കാൻ കഴിയും.
മുകളിലോട്ടും താഴോട്ടേക്കും വിടരുന്ന ചിറകറ്റമാണ് മാക്സ് വിമാനങ്ങളുടെ വലിയ പ്രത്യേകതകളിലൊന്ന്. മാക്സ് വിമാനങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നതിലുപരി വിമാനത്തിന്റെ നിയന്ത്രണം എളുപ്പമാക്കുന്നതിനും ഇന്ധനക്ഷമതയ്ക്കും ഇതു പ്രയോജനപ്പെടുന്നു.
സാധാരണയെക്കാൾ വ്യാസം കൂടുതലുള്ള എൻജിനുകളാണ് മാക്സ് വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. സിഎഫ്എം ലീപ് 1 ബി എൻജിനുകളാണ് ഇത്. കഴിഞ്ഞ വർഷമാണ് യൂറോപ്യൻ ഏവിയേഷൻ സുരക്ഷാ ഏജൻസിയുടെയും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയും സർട്ടിഫിക്കേഷൻ നേടി ഈ എൻജിനുകൾ വാണിജ്യ യാത്രാ വിമാനങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്.
കോക്പിറ്റ് നൂതന സാങ്കേതികവിദ്യകളും ആധുനിക സവിശേഷതകളും നിറഞ്ഞതാണ്. പുതിയ 15 ഇഞ്ച് വലിയ സ്ക്രീൻ ഡിസ്പ്ലേ പൈലറ്റിന്റെ ആയാസം പരമാവധി കുറയ്ക്കും. അധിക വിവരങ്ങൾ ഒരേ സമയം ലഭ്യമാക്കുന്നതിന് വലിയ മോണിറ്ററുകൾ പ്രയോജനപ്പെടും.
മാക്സ് വിമാനങ്ങൾക്ക് ഇന്ധനച്ചെലവ് മറ്റു വിമാനങ്ങളേക്കാൾ വളരെക്കുറവായിരിക്കും. ഇതേ വലുപ്പമുള്ള മറ്റു വിമാനങ്ങളേക്കാൾ ഏതാണ്ട് 15 % വരെ ഇന്ധനക്ഷമത മാക്സ് വിമാനങ്ങൾക്കുണ്ടെന്ന് ബോയിങ് അവകാശപ്പെടുന്നു. ഇതു മൂലം പ്രവർത്തനച്ചെലവിൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നും ബോയിങ് ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളലും താരതമ്യേന കുറവാണ്.
മലിൻഡോ ആണ് മാക്സ് വിമാനങ്ങൾ ആദ്യമായി സർവീസിന് ഉപയോഗിച്ചു തുടങ്ങിയത്. ഫ്ലൈദുബായ്, സിൽക് എയർ തുടങ്ങി നിരവധി വിമാനക്കമ്പനികൾ മാക്സ് വിമാനങ്ങൾ ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് ഇതുപയോഗിക്കുന്നില്ല. മാക്സ് വിമാനങ്ങൾ ബോയിങ്ങിന്റെ അതിവേഗം വിറ്റഴിക്കുന്ന മോഡലായി മാറിക്കഴിഞ്ഞു. 92 വിമാനക്കമ്പനികളിൽ നിന്നായി 4300 വിമാനങ്ങൾക്ക് ഇതിനകം ഓർഡർ ലഭിച്ചിട്ടുണ്ട്.
∙വർഗീസ് മേനാച്ചേരി