Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കൊടി കാത്ത് 1827 കോടി രൂപയുടെ വാതക പദ്ധതികൾ

lng-projects

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി കാത്ത് പുതുവൈപ്പ് എൽപിജി ടെർമിനൽ ഉൾപ്പെടെ 1827 കോടി രൂപയുടെ വാതക പദ്ധതികൾ. പ്രാദേശിക എതിർപ്പിനു പിന്നാലെ നിർത്തിവച്ച ടെർമിനൽ നിർമാണം ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) അനുകൂല ഉത്തരവു നൽകിയിട്ടും പുനരാരംഭിക്കാനായിട്ടില്ല. 

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം 2017 ഫെബ്രുവരിയിൽ നിർത്തിവച്ച നിർമാണം തുടങ്ങണമെങ്കിൽ സർക്കാർ തന്നെ തീരുമാനമെടുത്തേ കഴിയൂവെന്നതാണു സ്ഥിതി. പദ്ധതിക്കെതിരെ സമരം ഇപ്പോഴും തുടരുകയാണ്. സമരക്കാർ പദ്ധതി പ്രദേശത്തേക്കു തങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്നാണു ടെർമിനൽ സ്ഥാപിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അധികൃതർ പറയുന്നത്. അതേസമയം, ടെർമിനൽ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുവെന്ന നിലപാടിലാണു സമരക്കാർ. 

പ്രതിസന്ധിയിൽ ഒന്നിലേറെ പദ്ധതികൾ

ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട പദ്ധതി മുടങ്ങിയതോടെ അനുബന്ധ നിക്ഷേപ പദ്ധതികളെല്ലാം വൻ പ്രതിസന്ധിയാണു നേരിടുന്നത്. 

പുതുവൈപ്പ് എൽപിജി സംഭരണ ടെർമിനലിനു മാത്രം 490 കോടി രൂപയാണു മുതൽമുടക്ക്. ടെർമിനലിലേക്കു വാതകവുമായി എത്തുന്ന കപ്പലുകൾ അടുക്കുന്ന മൾട്ടി യൂസർ ലിക്വിഡ് ടെർമിനലിനു (മൾട്ട്) ചെലവ് 225 കോടി രൂപ. 

ജെട്ടി നിർമാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, സംഭരണ ടെർമിനൽ പൂർത്തിയാകാത്തതിനാൽ ജെട്ടി തൽക്കാലം ഉപയോഗശൂന്യം. കോടികളുടെ നിക്ഷേപമാണു മരവിച്ചത്. 

തമിഴ്നാട്ടിലേക്ക് എൽപിജി എത്തിക്കുന്നതിനായി നടപ്പാക്കുന്ന കൊച്ചി - സേലം എൽപിജി പൈപ്‌ലൈൻ പദ്ധതിയുടെ സാധ്യതകളും പുതുവൈപ്പ് ടെർമിനലിന്റെ ഭാവിയെ ആശ്രയിച്ചാണിരിക്കുന്നത്. 

പദ്ധതിയുടെ മുതൽമുടക്ക് 1,112 കോടി രൂപ. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ എൽപിജി ബോട്‌ലിങ് പ്ലാന്റുകളെ ഈ ലൈനുമായി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. അതോടെ, റോഡ് മാർഗം ബുള്ളറ്റ് ടാങ്കറുകൾ വഴിയുള്ള വാതകനീക്കം ഏറെക്കുറെ പൂർണമായി ഒഴിവാകും; അതുമൂലമുള്ള റോഡ് അപകട സാധ്യതകളും. നിലവിൽ, മംഗളൂരുവിലെ ഇറക്കുമതി ടെർമിനലിൽ നിന്നാണു സംസ്ഥാനത്തെ വിവിധ ബോട്‌ലിങ് പ്ലാന്റുകളിലേക്ക് എൽപിജിയെത്തുന്നത്. ദിനംപ്രതി റോഡ് മാർഗം എത്തുന്നതു മുന്നൂറോളം ടാങ്കർ ലോറികൾ.

സർക്കാരിനു കിട്ടും 300 കോടി രൂപ  

പുതുവൈപ്പ് ടെർമിനൽ സജ്ജമായി പ്രവർത്തനം തുടങ്ങിയാൽ സംസ്ഥാന സർക്കാരിനു നികുതി ഇനത്തിൽ 300 കോടി രൂപയിലേറെ ലഭ്യമാകുമെന്നാണു വിലയിരുത്തൽ. 

ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതിനു ശേഷം ഐഒസി അധികൃതർ സർക്കാരിനെ വിശദാംശങ്ങൾ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി യോഗവും വിളിച്ചു. വൈകാതെ സർക്കാർ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐഒസി.